ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി; കേരളത്തില്‍ അഞ്ച് ദിവസം മഴ കനക്കും
സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴ വരുന്ന അഞ്ച് ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ തീരദേശ തമിഴ്‌നാടിനു മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. തെക്കന്‍ തീരദേശ തമിഴ് നാടിനു മുകളില്‍നിന്ന് വടക്കന്‍ കര്‍ണാടക വരെ ന്യൂനമര്‍ദപാത്തിയും രൂപപ്പെട്ടതാണ് കേരളത്തിലെ മഴയെ സ്വാധീനിക്കുന്നത്.
അതേസമയം, കേരളത്തില്‍ ഈ മാസം അവസാനത്തോടെ കാലവര്‍ഷം എത്തുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടി, മിന്നല്‍, കാറ്റ് എന്നിവയോടു കൂടിയ അതിതീവ്ര മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
അതേസമയം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മേയ് 22-ഓടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കുകിഴക്കന്‍ ദിശയില്‍ സഞ്ചരിച്ച് മേയ് 24 രാവിലെയോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ കേരള തീരത്തുനിന്ന് കടലിൽ പോകാൻ പാടുള്ളതല്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കുന്നു.