ഇടുക്കി ചെറുതോണി ഡാം
ഇടുക്കി ചെറുതോണി ഡാംഫയല്‍ ചിത്രം

ഇടുക്കിയില്‍ നിന്ന് പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടും; പെരിയാർ തീരത്ത് അതീവ ജാഗ്രത

ചെറുതോണിയില്‍ വീടുകളിലും തടിയമ്പാട് ചപ്പാത്തിലും വെള്ളംകയറി
Updated on
1 min read

ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളില്‍ നിന്ന് കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കിവിടാന്‍ തുടങ്ങിയതോടെ പെരിയാർ തീരത്ത് അതീവജാഗ്രത. ചെറുതോണിയില്‍ വീടുകളിലും തടിയമ്പാട് ചപ്പാത്തിലും വെള്ളംകയറി. ചെറുതോണി, മുല്ലപ്പെരിയാർ ഡാമുകളില്‍ നിന്ന് പുറത്തുവിട്ടുന്ന വെള്ളത്തിന്റെ അളവ് ഘട്ടം ഘട്ടമായി വർധിപ്പിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

ജലനിരപ്പ് ഉയർന്നതോടെയാണ് ഇടുക്കി അണക്കെട്ട് പൂർണമായും തുറന്നത്. അഞ്ച് ഷട്ടറുകളും തുറന്നതോടെ സെക്കന്റില്‍ മൂന്ന് ലക്ഷം ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. കൂടുതല്‍ വെള്ളം തുറന്നുവിടുന്ന പശ്ചാത്തലത്തില്‍ ചെറുതോണി മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന നിർദേശം.

കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവർക്ക് ജാഗ്രതാനിർദേശം നല്‍കിയിട്ടുണ്ട്

പത്തനംതിട്ട ജില്ലയിലെ ശബരിഗിരി പദ്ധതിയിലെ കക്കി-ആനത്തോട്, പമ്പ ഡാമുകളും മൂന്നാർ മാട്ടുപ്പെട്ടി ഡാമും തുറന്നു. പമ്പയുടെ രണ്ട് ഷട്ടറുകള്‍ 60 സെ.മീറ്ററാണ് ഉയർത്തിയത്. സെക്കന്റില്‍ 25,000 മുതല്‍ 50,000 ലിറ്റർ വരെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. പമ്പ ഡാമിലെ ജലനിരപ്പ് 984.50 മീറ്റർ പിന്നിട്ടിരുന്നു. പമ്പ നദിയിലെ ജലനിരപ്പ് 20 മുതല്‍ 40 സെ.മീറ്റർ വരെ വർധിച്ചേക്കും. അതേസമയം, മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും 50 സെ.മീറ്റർ വീതം ഉയർത്തിയതോടെ മുക്കൈപ്പുഴ കരകവിഞ്ഞു. ഇതോടെ, പാലക്കാട്-മലമ്പുഴ റോഡിലെ മുക്കൈ കോസ് വേ വഴിയുള്ള ഗതാഗതം നിരോധിച്ചു. കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവർക്ക് ജാഗ്രതാനിർദേശം നല്‍കിയിട്ടുണ്ട്.

ചെറുതോണി ഡാം ഇന്നലെ തുറന്നെങ്കിലും പെരിയാറിലും കൈവഴികളിലും നിലവിലെ ജലനിരപ്പില്‍ കാര്യമായ വ്യത്യാസം ഉണ്ടായിട്ടില്ല. നാളെയോടെ ഡാമില്‍ നിന്ന് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് അഞ്ച് ലക്ഷം ലിറ്ററാക്കി ഉയർത്തിയേക്കാനും സാധ്യതയുണ്ട്. ഇടമലയാറിന്റെ ഷട്ടർ നാളെ രാവിലെ 10 മണിക്ക് ഉയർത്തി 50,000 മുതല്‍ ഒരു ലക്ഷം ലിറ്റർ വരെ വെള്ളം പെരിയാറിലേക്കൊഴുക്കുമെന്ന് എറണാകുളം ജില്ല കളക്ടർ രേണുരാജ് അറിയിച്ചു.

ഇടുക്കി, ഇടമലയാർ ഡാമുകളില്‍ നിന്നുള്ള വെള്ളം എത്തുന്നതിനാല്‍ നാളെ ഉച്ചയോടെ പെരിയാറില്‍ ജലനിരപ്പ് നേരിയ തോതില്‍ ഉയർന്നേക്കാം. ഭൂതത്താന്‍ കെട്ട് അണക്കെട്ടിന് താഴേയ്ക്കുള്ള പെരിയാർ തീരങ്ങളിലൊന്നും നിലവില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടില്ല. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് ദിവസവും ജില്ലയില്‍ ഗ്രീന്‍ അലർട്ടാണ് . അതുകൊണ്ട് കൂടുതല്‍ വെള്ളം തുറന്നുവിട്ടാലും അപകടകരമാകും വിധം ജലനിരപ്പ് ഉയരാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.

logo
The Fourth
www.thefourthnews.in