rain kerala
rain kerala

സംസ്ഥാനത്ത് മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
Updated on
1 min read

കേരളത്തില്‍ വീണ്ടും മഴ കനക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മേയ് എട്ടു മുതല്‍ 11 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഒന്‍പതിന് കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുണ്ട്. പത്തിന് ഇടുക്കിയിലും പതിനൊന്നിന് വയനാട്ടിലും യെല്ലോ അലര്‍ട്ടുമുണ്ട്.

പല പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാര്‍മേഘം കണ്ടുതുടങ്ങുന്ന സമയം മുതല്‍ മുന്‍കരുതല്‍ സ്വീകരിക്കണം. ഇടിമിന്നല്‍ ദൃശ്യമല്ലെന്നതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കരുതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍

  • ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും

  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതിരിക്കുക

  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേേദിക്കുക. ഇടിമിന്നൽ സമയത്ത് വൈദ്യുതോപകരണങ്ങളുടെ സാമീപ്യം ഒഴിവാക്കുക

  • ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല

  • അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ കുട്ടികള്‍ തുറസായ സ്ഥലത്തും ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക

  • ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്

  • ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക

  • സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുക

  • ഇടിമിന്നൽ സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം

  • പട്ടം പറത്തുന്നത് ഒഴിവാക്കുക

  • ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്

  • വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്

  • അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസ്സായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക

logo
The Fourth
www.thefourthnews.in