മണ്ണെണ്ണയില്‍ മണ്ണിട്ടു; വിഹിതം വീണ്ടും വെട്ടിക്കുറച്ച് കേന്ദ്രം

മണ്ണെണ്ണയില്‍ മണ്ണിട്ടു; വിഹിതം വീണ്ടും വെട്ടിക്കുറച്ച് കേന്ദ്രം

പൊതുവിതരണ സമ്പ്രദായം (പിഡിഎസ്) വഴി ലഭിച്ചിരുന്ന മണ്ണെണ്ണ വിഹിതത്തിൽ കേന്ദ്ര സർക്കാർ 50% വെട്ടിക്കുറവ് വരുത്തി
Updated on
2 min read

സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം കേന്ദ്രസർക്കാർ ഈ സാമ്പത്തിക വർഷം മുതല്‍ പകുതിയായി വെട്ടിക്കുറച്ചു. പൊതുവിതരണ സമ്പ്രദായം (പിഡിഎസ്)വഴി ലഭിച്ചിരുന്ന മണ്ണെണ്ണ വിഹിതത്തില്‍ 50% വെട്ടിക്കുറവ് വരുത്തി. 3888 കിലോ ലിറ്ററിന് പകരം ഇനി 1944 കിലോ ലിറ്റർ മാത്രമേ ലഭിക്കൂ. നോൺ പിഡിഎസ് വിഹിതത്തില്‍ ആദ്യ അലോട്ട്മെന്റായി 1296 കിലോലിറ്റർ മണ്ണെണ്ണ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷവും വിഹിതം 40 ശതമാനം വെട്ടിക്കുറച്ചതിന് പിന്നാലെയാണ് തുടർച്ചയായുള്ള അവഗണന.

നോൺ പിഡിഎസ് വിഹിതത്തില്‍ ആദ്യ അലോട്ട്മെന്റായി 1296 കിലോലിറ്റർ മണ്ണെണ്ണ മാത്രമാണ് അനുവദിച്ചിട്ടുള്ളത്

സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്തിരുന്നത് 2021-22 സാമ്പത്തിക വർഷത്തിൽ ഒരു പാദത്തിൽ 6480 കിലോ ലിറ്റർ മണ്ണെണ്ണയായിരുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ ഒരു പാദത്തിൽ, 40% വെട്ടിക്കുറവു വരുത്തി അത് 3888 കിലോ ലിറ്റർ മണ്ണെണ്ണയിലെത്തി. ഈ സാമ്പത്തിക വർഷത്തിൽ മുൻ വർഷത്തെ മണ്ണെണ്ണ വിഹിതത്തിൽ നിന്ന് 50% വെട്ടിക്കുറവാണ് കേന്ദ്രം വരുത്തിയത്. തുടർച്ചയായ വർഷങ്ങളില്‍ ഘട്ടം ഘട്ടമായി മണ്ണെണ്ണ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. 2020-21 വർഷത്തിൽ ഒരു പാദത്തിൽ 9264 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിച്ചിരുന്നതാണ് തുടർന്നുള്ള വർഷങ്ങളിൽ ഒരു പാദത്തിൽ 6480 കിലോ ലിറ്ററായും 3888 കിലോ ലിറ്ററായും ഇപ്പോള്‍ 1944 കിലോ ലിറ്ററായും വെട്ടിക്കുറയ്ക്കപ്പെട്ടത്.

2021-22 കാലയളവിൽ മുൻഗണനാ വിഭാഗം(എഎവൈ),പിഎച്ച്എച്ച് കാർഡുടമകൾക്ക് മൂന്ന് മാസത്തിലൊരിക്കൽ ഒരു ലിറ്റർ മണ്ണെണ്ണയും നീല, വെള്ള കാർഡുടമകൾക്ക് മൂന്ന് മാസത്തിലൊരിക്കൽ അര ലിറ്റർ മണ്ണെണ്ണയും ഇലക്ട്രിസിറ്റി കണക്ഷൻ ലഭ്യമല്ലാത്ത കാർഡുടമകൾക്ക് എട്ട് ലിറ്റർ മണ്ണെണ്ണയുമാണ് അനുവദിച്ചിരുന്നത്.

നടപ്പ് സാമ്പത്തിക വർഷത്തിൽ എഎവൈ, പിഎച്ച്എച്ച് കാർഡുടമകൾക്ക് മാത്രമായി അര ലിറ്റർ മണ്ണെണ്ണ നൽകേണ്ട സാഹചര്യമുണ്ടാകുമെന്ന് ഭക്ഷ്യ പൊതുവിതണ വകുപ്പ് മന്ത്രിയുടെ ഓഫീസ്

2022 -23 കാലയളവിൽ കേന്ദ്ര സർക്കാർ മണ്ണെണ്ണ വിഹിതത്തിൽ വെട്ടിക്കുറവ് വരുത്തിയ ശേഷം വൈദ്യുതി കണക്ഷൻ ലഭ്യമായിട്ടുള്ള എഎവൈ, പിഎച്ച്എച്ച്, എൻപിഎസ്, എൻപിഎൻഎസ് വിഭാഗത്തിലെ കാർഡുടമകൾക്ക് അര ലിറ്റർ വീതവും വൈദ്യുതി കണക്ഷൻ ലഭ്യമല്ലാത്ത കാർഡുടമകൾക്ക് ആറ് ലിറ്റർ മണ്ണെണ്ണയുമാണ് മൂന്ന് മാസത്തിലൊരിക്കൽ നൽകി വന്നിരുന്നത്. എന്നാൽ മണ്ണെണ്ണ വിഹിതത്തിൽ കേന്ദ്രം വീണ്ടും വെട്ടിക്കുറവ് വരുത്തിയ സാഹചര്യത്തിൽ, നടപ്പ് സാമ്പത്തിക വർഷത്തിൽ എഎവൈ, പിഎച്ച്എച്ച് കാർഡുടമകൾക്ക് മാത്രമായി അര ലിറ്റർ മണ്ണെണ്ണ നൽകേണ്ട സാഹചര്യമുണ്ടാകുമെന്ന് ഭക്ഷ്യ പൊതുവിതണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മത്സ്യബന്ധനം, കൃഷി, തുടങ്ങിയ ഗാർഹികേതര ആവശ്യങ്ങൾക്കായാണ് കേന്ദ്ര സർക്കാർ നോൺ സബ്‌സിഡി മണ്ണെണ്ണ വിഹിതം അനുവദിക്കുന്നത്. നോൺ - സബ്സിഡി മണ്ണെണ്ണ അനുവദിക്കുന്ന കാര്യത്തിലും കേന്ദ്ര സർക്കാർ വലിയ തോതിലുള്ള തടസ്സവാദങ്ങൾ ഉന്നയിച്ചു വരികയാണെന്ന് ഭക്ഷ്യ പൊതുവിതണ വകുപ്പ് മന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പില്‍ പറഞ്ഞു. സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെടുന്ന മുറയ്ക്ക് പരിശോധിച്ച് നോൺ സബ്സിഡി മണ്ണെണ്ണ അനുവദിക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുള്ളതെങ്കിലും സംസ്ഥാന സർക്കാരിന്റെ ആവശ്യം പലപ്പോഴും നിരാകരിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രിയുടെ ഓഫീസ് ആരോപിച്ചു.

മണ്ണെണ്ണയില്‍ മണ്ണിട്ടു; വിഹിതം വീണ്ടും വെട്ടിക്കുറച്ച് കേന്ദ്രം
മണ്ണെണ്ണ വില 100 കടന്നു; പൊറുതിമുട്ടി മത്സ്യത്തൊഴിലാളികൾ, പെട്രോളോ ഡീസലോ ഉപയോഗിക്കൂവെന്ന് കേന്ദ്രം

2021-22 കാലയളവിൽ 21,888 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിച്ചപ്പോൾ 2022-23 കാലയളവിൽ 7160 കിലോലിറ്റർ മണ്ണെണ്ണ മാത്രമാണ് അനുവദിച്ചത്. 2023-24 സാമ്പത്തിക വർഷത്തിൽ ആദ്യ അലോട്ട്മെന്റായി 1296 കിലോലിറ്റർ മണ്ണെണ്ണ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാർ അനുവദിക്കുന്ന നോൺ സബ്സിഡി മണ്ണെണ്ണ വിഹിതം പ്രധാനമായും ഉപയോഗിക്കുന്നത് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കാണ്. സംസ്ഥാനത്തുള്ള 14,332 മത്സ്യബന്ധന പെർമിറ്റ് ഉടമകൾക്ക് നൽകുന്നതിന് ഒരു മാസത്തിൽ 2300 കിലോ ലിറ്റർ മണ്ണെണ്ണ ആവശ്യമാണ്. സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്ന പ്രകാരം കേന്ദ്രം സർക്കാർ നോൺ-സബ്സിഡി മണ്ണെണ്ണ അനുവദിക്കാത്തതിനാല്‍ ആവശ്യമായ മണ്ണെണ്ണ മത്സ്യബന്ധന പെർമിറ്റ് ഉടമകൾക്ക് പൂർണമായും നൽകാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. നടപ്പുസാമ്പത്തിക വർഷത്തിൽ 25,000 കിലോ ലിറ്റർ നോൺ സബ്സിഡി മണ്ണെണ്ണ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in