ആപ്പ് എത്തിയില്ല; കേരളാ സവാരിയിൽ തുടക്കത്തിലെ കല്ലുകടി
സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി സേവനമായ 'കേരള സവാരിയിൽ തുടക്കത്തിലെ കല്ലുകടി. 'കേരള സവാരി' ആപ്പ് പ്ലേ സ്‌റ്റോറില്‍ എത്താന്‍ വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേരള സവാരിയുടെ ഔദ്യോഗിക ഫ്ലാഗ് ഓഫ് നിർവ്വഹിച്ചത്. ഗതാഗത മന്ത്രി ആന്റണി രാജു, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ബുധനാഴ്ച ഉച്ചയോടെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ കേരള സവാരി ആപ്പ് ലഭ്യമാകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ വ്യാഴാഴ്ച്ച രാവിലെ വരേയും ആപ്പ് ലഭ്യമായിട്ടില്ല.
ഇന്നലെ നടന്ന ചടങ്ങില്‍ ആപ്പിന്റെ ട്രയല്‍ റണ്‍ നടത്തിയിരുന്നു. വൈകുന്നേരം 3 മണിയോടു കൂടി ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. ഉദ്ഘാടന സമയത്തുപോലും ആപ്പിനെ സംബന്ധിച്ച പൂർണ്ണമായ വിവരങ്ങൾ ഡ്രൈവര്‍മാര്‍ക്ക് നല്‍കിയിരുന്നില്ലെന്ന് പരാതിയുണ്ട്. ഇതു സംബന്ധിച്ച കേരളാ സവാരിയുടെ ഔദ്യോഗിക വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
യാത്രക്കാര്‍ക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു വരുത്തുമെന്നും ഓട്ടോ ടാക്‌സി തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനം ലഭ്യമാക്കുമെന്ന ഉറപ്പോടെയായിരുന്നു 'കേരള സവാരി' എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചത്. ഇതിന്റെ ഭാഗമായി 500 ലേറെ ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ക്കാണ് പരിശീലനവും നല്‍കിയിരുന്നു. 24മണിക്കൂറും ലഭ്യമാകുന്ന സേവനത്തിന് നിരക്കിനൊപ്പം എട്ട് ശതമാനം സര്‍വീസ് ചാര്‍ജ്ജ് മാത്രമാണ് ഈടാക്കുകെയെന്ന് അറിയിച്ചിരുന്നു. ഗതാഗതം, ഐടി, മോട്ടോര്‍ വാഹന വകുപ്പുകള്‍ ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയെ വലിയ പ്രതീക്ഷയോടെയാണ് ഓട്ടോ, ടാക്‌സി തൊഴിലാളികളും പൊതുജനങ്ങളും നോക്കിക്കാണുന്നത്.