CM
CM

സര്‍ക്കാര്‍ പിന്നോട്ടില്ല; ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്ന സര്‍വകലാശാല ബില്‍ ബുധനാഴ്ച സഭയിൽ; എതിർക്കുമെന്ന് പ്രതിപക്ഷം

ലോകായുക്ത ഭേദഗതി ബിൽ ചൊവ്വാഴ്ച സഭയിൽ; സർക്കാർ- സര്‍ക്കാര്‍ പോരില്‍ കക്ഷി ചേരാനില്ലെന്ന് പ്രതിപക്ഷം
Updated on
2 min read

വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന സര്‍വകലാശാലാ നിയമഭേദഗതി ബില്‍ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. ബുധനാഴ്ചയാണ് ബില്‍ സഭയുടെ പരിഗണനയ്ക്ക് വരിക. സര്‍വകലാശാല - ലോകായുക്ത ബില്ലുകള്‍ പ്രതിപക്ഷം പിന്തുണയ്ക്കില്ല. അതേസമയം മൂന്ന് ദിവസത്തെ സഭാ സമ്മേളനം ഒഴിവാക്കി. പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ ഒന്നിന് അവസാനിക്കും.

റദ്ദായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം നിയമ നിര്‍മ്മാണം നടത്താനാണ് പ്രത്യേക സഭാസമ്മേളനം ചേരുന്നത്. ലോകായുക്താ നിയമഭേദഗതിയടക്കം 11 ഓര്‍ഡിനന്‍സുകളാണ് കാലാവധി പൂര്‍ത്തിയാവുകയും ഗവര്‍ണര്‍ പുതുക്കാന്‍ വിസമ്മതിക്കുകയും ചെയ്തതോടെ റദ്ദായത്. ഇവയ്ക്ക് പകരം നിയമനിർമ്മാണം നടത്തുന്നതിനൊപ്പം ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്ന സര്‍വകലാശാല നിയമഭേദഗതി ബില്‍ കൂടി സമ്മേളനം പരിഗണിക്കും. സർവകലാശാല നിയമഭേദഗതി ബിൽ ബുധനാഴ്ചയും ലോകായുക്താബിൽ ചൊവ്വാഴ്ചയും സഭയിലെത്തും. ചൊവ്വ, ബുധന്‍ (ഓഗസ്റ്റ് 23,24) ദിവസങ്ങളിലായി 12 ബില്ലുകളാകും സഭയുടെ പരിഗണനയ്ക്ക് വരിക. ഇത് അനുവദിക്കാനാവില്ലെന്നാണ് പ്രതിപക്ഷ നിലപാട്.

സമ്മേളനം ചുരുക്കി

സെപ്റ്റംബര്‍ രണ്ട് വരെ 10 ദിവസത്തേക്കാണ് സഭ ചേരാന്‍ തീരുമാനിച്ചത്. എന്നാല്‍ മൂന്ന് ദിവസത്തെ സഭാ നടപടികള്‍ ഒഴിവാക്കി. ഓഗസ്റ്റ് 25, 26 തീയതികളിലും സെപ്റ്റംബര്‍ രണ്ടിലും നിശ്ചയിച്ച സമ്മേളനമാണ് ഒഴിവാക്കിയത്. ഇതോടെ പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ ഒന്നിന് അവസാനിക്കും.

ആരിഫ് മുഹമ്മദ് ഖാന്‍
ആരിഫ് മുഹമ്മദ് ഖാന്‍

സര്‍വകലാശാല നിയമ ഭേദഗതിബില്‍ 2022

സര്‍വകലാശാല വൈസ് ചാൻസലറുടെ നിയമത്തില്‍ ഗവര്‍ണറുടെ അധികാരം ചുരുക്കുന്നതാണ് പുതിയ ബില്‍. നിലവില്‍ മൂന്ന് പേരടങ്ങുന്ന സെര്‍ച്ച് കമ്മിറ്റിയാണ് വിസിയെ തിരഞ്ഞെടുക്കുന്നത്. ഇതിന് പകരം കമ്മിറ്റിയില്‍ അഞ്ച് പേരെ ഉള്‍പ്പെടുത്താന്‍ പുതിയ ബില്‍ ശുപാര്‍ശ ചെയ്യുന്നു. ഗവർണറുടെയും യുജിസിയുടെയും സർവകലാശാലയുടെയും പ്രതിനിധികളാണ് നിലവിൽ സമിതിയിൽ ഉള്ളത്. ഉന്നത വിദ്യാഭ്യാസ സമിതി വൈസ് ചെയര്‍മാന്‍, സര്‍ക്കാര്‍ പ്രതിനിധി എന്നിവരെയാണ് പുതുതായി സമിതിയില്‍ ഉള്‍പ്പെടുത്തുക. ഇതോടെ വിസി നിർണയത്തിൽ സർക്കാരിന് മേൽക്കൈവരും. സര്‍വകലാശാല വൈസ് ചാൻസലറുടെ പ്രായപരിധി 60 ല്‍ നിന്ന് 65 ആക്കാനും ബില്‍ നിര്‍ദേശിക്കുന്നു. 60 വയസ് കഴിഞ്ഞ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ സർവകലാശാല വിസിയായി പുനർനിയമിച്ച നടപടി നേരത്തെ വിവാദമായിരുന്നു. പുനർനിയമനത്തിൽ പ്രായം മാനദണ്ഡമല്ലെന്ന വാദമാണ് കോടതിയിൽ അന്ന് സർക്കാരിനെ രക്ഷിച്ചത്.

Attachment
PDF
Bill No.132 Pub Eng.pdf
Preview

ഗവര്‍ണര്‍- സര്‍ക്കാര്‍ പോരില്‍ കക്ഷി ചേരാനില്ലെന്ന് പ്രതിപക്ഷം

സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നടക്കുന്ന പോരില്‍ പ്രതിപക്ഷം കക്ഷി ചേരില്ലെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി. വി സിയെ ക്രിമിനലെന്ന് വിളിച്ചതിനോട് യോജിപ്പില്ലെന്നും ക്രമവിരുദ്ധമായി ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിച്ചത് ഗവര്‍ണറെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗവര്‍ണര്‍ ആ തെറ്റ് തിരുത്തണം. സര്‍വകലാശാല നിയമഭേദഗതി ബില്ലും ലോകായുക്താഭേദഗതി ബില്ലും എതിര്‍ക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് സര്‍വകലാശാലാ നിയമഭേദഗതി ബില്‍ കൊണ്ടുവരുന്നത് എന്നത് ശ്രദ്ധേയമാണ്. പ്രതിപക്ഷം എതിര്‍ത്താലും ബില്ലുകള്‍ പാസാക്കാന്‍ നിയമസഭയില്‍ ഭരണ പക്ഷത്തിന് പ്രയാസമില്ല. എന്നാല്‍ ബില്‍ നിയമമാകണമെങ്കില്‍ ഗവര്‍ണറുടെ അംഗീകാരം വേണം. അതിനാൽ ഗവര്‍ണര്‍ എന്തു തീരുമാനം എടുക്കുമെന്നത് ഏറെ നിര്‍ണായകമാണ്.

logo
The Fourth
www.thefourthnews.in