അതിര്‍ത്തികടന്ന് കര്‍ണാടകയിലേക്ക് നീളാന്‍ കെ റെയില്‍; ഈ മാസം മുഖ്യമന്ത്രി തല ചര്‍ച്ച

അതിര്‍ത്തികടന്ന് കര്‍ണാടകയിലേക്ക് നീളാന്‍ കെ റെയില്‍; ഈ മാസം മുഖ്യമന്ത്രി തല ചര്‍ച്ച

കാസര്‍ഗോഡ് വരെ നിശ്ചയിച്ചിരുന്ന സില്‍വര്‍ലൈന്‍ മംഗലാപുരം വരെ നീട്ടാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്.
Updated on
1 min read

കേരള സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ ലൈന്‍ കര്‍ണാടകയിലേക്ക് വ്യാപിപ്പിക്കാന്‍ പദ്ധതിയിട്ട് കേരളം. സില്‍വര്‍ലൈന്‍ മംഗലാപുരം വരെ നീട്ടുന്ന കാര്യത്തില്‍ കര്‍ണാടകത്തിന്റെ പിന്തുണ തേടാനാണ് കേരളത്തിന്റെ തീരുമാനം. ഈ വിഷയം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ ഇരു സംസ്ഥാനങ്ങളും തമ്മില്‍ മുഖ്യമന്ത്രി തല ചര്‍ച്ചയ്ക്ക് ധാരണയായി. കോവളത്ത് നടക്കുന്ന മുഖ്യമന്ത്രിമാരുടെ കൗണ്‍സില്‍ യോഗത്തിലാണ് ചര്‍ച്ച നടത്താനുള്ള തീരുമാനമായത്.

കെ റെയില്‍ പാത കര്‍ണാടക വരെ നീട്ടുന്നത് സംബന്ധിച്ച് പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും ഈ മാസം തന്നെ കൂടിക്കാഴ്ച നടത്തും. ഈ മാസം അവസാനം കേരള കര്‍ണാടക മുഖ്യമന്ത്രിമാര്‍ തമ്മില്‍ വിഷയം ചര്‍ച്ചചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സില്‍വര്‍ ലൈന്‍ പദ്ധതി നേരിട്ട ഏറ്റവും വലിയ വിമര്‍ശനങ്ങളില്‍ ഒന്നാണ് പാത കാസര്‍ഗോഡ് അവസാനിക്കുന്നു എന്നത്

കാസര്‍ഗോഡ് വരെയാണ് സില്‍വര്‍ലൈന്‍ പദ്ധതി നിശ്ചയിച്ചിരുന്നതെങ്കിലും അത് മംഗലാപുരം വരെ നീട്ടാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതി നേരിട്ട ഏറ്റവും വലിയ വിമര്‍ശനങ്ങളില്‍ ഒന്നാണ് പാത കാസര്‍ഗോഡ് അവസാനിക്കുന്നു എന്നത്. കര്‍ണാടകയിലേക്ക് നീളുന്നതോടെ പദ്ധതിക്ക് കുടുതല്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനം തുടരാന്‍ സര്‍ക്കാരിന് കഴിഞ്ഞ ദിവസം നിയമോപദേശം ലഭിച്ചിരുന്നു. റെയില്‍വേ ഭൂമിയിലൂടെ കെ-റെയില്‍ കടന്നുപോകുന്നത് സംബന്ധിച്ച പഠനങ്ങള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അനുമതിയോടെ സമൂഹികാഘാതപഠനം പുനരാരംഭിക്കും.

കേരളമെമ്പാടും വലിയ പ്രതിഷേധമാണ് കെ റെയിലിനെതിരെ നടന്നത്. പദ്ധതി തടസപ്പെടുന്നാന്‍ ശ്രമിച്ചെന്നാരോപിച്ച് നിരവധി പേര്‍ക്കെതിരെ വിവിധ ജില്ലകളില്‍ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് പദ്ധതിയുടെ സമൂഹികാഘാത പഠനവും കോണ്‍ക്രീറ്റ് കുറ്റി സ്ഥാപിക്കുന്നതും താല്‍ക്കാലികമായി നിര്‍ത്തിവെച്ച സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കാതെ പദ്ധതി മുന്നോട്ടുപോകില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ബിജെപി ഭരിക്കുന്ന കര്‍ണാടകത്തിലേക്ക് പദ്ധതി വികസിപ്പിച്ച് കേന്ദ്രത്തിന്റെ അംഗീകാരം നേടിയെടുക്കാനാണോ സര്‍ക്കാരിന്റെ നീക്കം എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

അതിനിടെ, അതിവേഗ റെയില്‍പാത വേണമെന്ന ആവശ്യം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും രംഗത്തെത്തി. അയല്‍സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന അതിവേഗ പാത വേണമെന്നാണ് കോവളത്തു നടക്കുന്ന സതേണ്‍ സംസ്ഥാനങ്ങളുടെ കൗണ്‍സില്‍ യോഗത്തില്‍ സ്റ്റാലിന്‍ ആവശ്യപ്പെട്ടത്. കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ആയിരുന്നു കോവളത്തു നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷന്‍.

logo
The Fourth
www.thefourthnews.in