കിരീടം കൈവിടാതെ പാലക്കാട്; സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് സമാപനം
തിരുവനന്തപുരത്ത് നടന്ന അറുപത്തി നാലാമത് സംസ്ഥാന സ്കൂൾ കായിക മേളയിൽ കിരീടം കൈവിടാതെ പാലക്കാടിന്റെ കുതിപ്പ്. മൂന്ന് ദിവസങ്ങളിലായി നടന്ന മേളയിൽ മുപ്പത്തിരണ്ട് സ്വർണം ഇരുപത്തൊന്ന് വെള്ളി, പതിനെട്ട് വെങ്കലം ഉൾപ്പെടെ 269 പോയിന്റ് നേടിയാണ് പാലക്കാട് ഒന്നാം സ്ഥാനം നിലനിർത്തിയത്. മലപ്പുറം ജില്ലയിലെ ഐഡിയൽ കടകശ്ശേരിയാണ് സ്കൂൾ ചാമ്പ്യൻമാർ.
മേളയിൽ രണ്ടാം സ്ഥാനക്കാരായ മലപ്പുറം പാലക്കാടിനേക്കാൾ ബഹുദൂരം പിന്നിലായിരുന്നു. 13 സ്വർണ്ണം 17 വെള്ളി 14 വെങ്കലം ഉൾപ്പെടെ 149 പോയിന്റ് നേടിയാണ് മലപ്പുറം ജില്ല രണ്ടാം സ്ഥാനക്കാരായത്. 122 പോയിന്റുകളുമായി കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞതവണത്തെ റണ്ണറപ്പുകളായ എറണാകുളം ജില്ല അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 81 പോയിന്റുകൾ മാത്രമാണ് എറണാകുളത്തിന് നേടാനായത്. മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ പിന്നിലായത് എറണാകുളത്തിന് തിരിച്ചടിയായി.
കല്ലടി പറളി മുണ്ടൂർ സ്കൂളുകളുടെ മികവിലായിരുന്നു പാലക്കാടിന്റെ മുന്നേറ്റം.സമാപന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, കായിക മന്ത്രി വി അബ്ദുറഹ്മാൻ, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവർ കിരീടം കൈമാറി.
അടുത്ത വർഷവും കായിക മേളയിലെ സമ്മാനത്തുക വർധിപ്പിക്കും. പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ കായിക മേഖലയ്ക്ക് പ്രത്യേക പ്രാധ്യാന്യം നൽകുമെന്നും ഒരു സ്കൂളിലും മൈതാനത്ത് കെട്ടിടം കെട്ടിപ്പൊക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.