ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

'സെനറ്റ് അംഗങ്ങളെ പിൻവലിച്ചത് ചട്ടവിരുദ്ധം'; ഉത്തരവ് തിരുത്തണമെന്ന് ഗവര്‍ണര്‍ക്ക് വിസിയുടെ കത്ത്

നാല് എക്സ്ഒഫീഷ്യോ അംഗങ്ങളടക്കം 15 പേരെയാണ് ഗവർണർ സെനറ്റിൽ നിന്ന് പിൻവലിച്ചത്.
Updated on
1 min read

സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമെന്ന് കേരളാ സര്‍വകലാശാല. ഇക്കാര്യം ചൂണ്ടിക്കാട്ടി വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു. ഉത്തരവ് പിന്‍വലിച്ച് പുതിയ ഉത്തരവ് പുറത്തിറക്കണമെന്ന് കത്തില്‍ വിസി ആവശ്യപ്പെട്ടു. വിഷയത്തില്‍ നിയമപരമായ നടപടിക്ക് സിപിഎം തയ്യാറെടുക്കുന്നതിനിടെയാണ് വിസിയുടെ കത്ത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഗവര്‍ണറുടെ അസാധാരണ നടപടി

വിസിയെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാലാ പ്രതിനിധിയെ നിർദേശിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്നമാണ് പുതിയ തർക്കത്തിന് അധാരം. പ്രതിനിധിയെ ശുപാർശ ചെയ്യണമെന്ന ഗവർണറുടെ അന്ത്യശാസനം സർവകലാശാല പാലിച്ചിരുന്നില്ല. സർവകലാശാലാ പ്രതിനിധിയെ ഉൾപ്പെടുത്താതെ രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ നടപടിക്കെതിരെ സെനറ്റ് യോഗം ചേർന്ന് പ്രമേയം പാസാക്കിയിരുന്നു. സർവകലാശാല പ്രതിനിധിയെ തിരഞ്ഞെടുക്കാൻ പിന്നീട് ചേർന്ന സെനറ്റ് യോഗം കോറം തികയാതെ പിരിഞ്ഞു. കൂട്ടത്തോടെ അംഗങ്ങൾ പങ്കെടുക്കാതിരുന്നതാണ് കോറം തികയാതെ യോഗം പിരിയാൻ കാരണം. തുടർച്ചയായി സർവകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായ വിരുദ്ധ നടപടികളാണ് ഗവർണറെ ചൊടിപ്പിച്ചത്. കോറം തികയാതെ പിരിഞ്ഞ സെനറ്റ് യോഗത്തിൽ പങ്കെടുക്കാതെ വിട്ടുനിന്ന നോമിനേറ്റഡ് അംഗങ്ങളെ ഗവർണർ പിൻവലിക്കുകയും ചെയ്തു. ഈ നടപടിക്കെതിരെയാണ് ഇപ്പോൾ വിസി കത്തയച്ചിരിക്കുന്നത്.

ചാൻസലറുടെ നോമിനിയായ ഒൻപത് പേരെ പിൻവലിക്കാൻ അധികാരമുണ്ടെങ്കിലും എക്സ് ഓഫീഷ്യോ അംഗങ്ങളെ പിൻവലിക്കാൻ ഗവർണർക്ക് ചട്ടപ്രകാരം സാധിക്കില്ലെന്ന് വിസി

സർവകലാശാല നിയമത്തിലെ 17 ാം വകുപ്പ് പ്രകാരം നാമനിർദേശം ചെയ്യപ്പെട്ട നാല് വകുപ്പ് മേധാവികൾ, സർവകലാശാലാ പരിധിയിലുള്ള രണ്ട് ഹൈസ്കൂൾ ഹെഡ്മാസ്റ്റേഴ്സ്, രണ്ട് സ്കൂൾ അധ്യാപകർ, വിവിധ മേഖലകളിൽ നിന്നുള്ള ഗവർണറുടെ നോമിനിയായ ഏഴ് അംഗങ്ങൾ എന്നിവരെയാണ് പിൻവലിച്ചത്. സെനറ്റ് യോഗത്തിന്‌റെ കോറം പൂര്‍ത്തിയാകാന്‍ 21 പേരാണ് വേണ്ടിയിരുന്നത്. ഗവര്‍ണറുടെ നോമിനിയായ രണ്ട് പേരടക്കം 13 പേര്‍ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത് . സെനറ്റിലെ ഗവർണറുടെ നോമിനിയായ ഒന്‍പത് പേരില്‍ ഏഴ് പേരും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. ഇവരെ പിൻവലിക്കാൻ ഗവർണർക്ക് അധികാരമുണ്ടെങ്കിലും എക്സ് ഓഫീഷ്യോ അംഗങ്ങളെ (നാല് വകുപ്പ് മേധാവികൾ) പിൻവലിക്കാൻ സർവകലാശാല നിയമത്തിൽ ചട്ടമില്ലെന്നാണ് കത്തിൽ വിസി ചൂണ്ടിക്കാട്ടുന്നത്. എക്സ് ഒഫിഷ്യോ അംഗങ്ങളായ നാല് വകുപ്പു മേധാവികൾ ഔദ്യോഗിക തിരക്ക് മൂലമാണ് യോഗത്തിൽ നിന്ന് വിട്ടുനിന്നതെന്നും സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഉത്തരവിൽ ഗവർണർക്ക് പകരം ഗവർണറുടെ സെക്രട്ടറി ഒപ്പുവെച്ചത് ചട്ട വിരുദ്ധമാണെന്നും വിസി വ്യക്തമാക്കുന്നു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
കേരള വിസി നിയമനം: സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി നീട്ടി ഗവർണർ

അതേസമയം സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് സിപിഎം. പിൻവലിക്കപ്പെട്ട സെനറ്റ് അംഗം കോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടി. നിലവിൽ ഡൽഹിയിലുള്ള ഗവർണർ തിരിച്ചെത്തിയതിന് ശേഷമാകും വിസിയുടെ കത്തിൽ പ്രതികരണം ഉണ്ടാകുക എന്നാണ് വ്യക്തമാകുന്നത്.

logo
The Fourth
www.thefourthnews.in