'എന്റെ കണ്മണിക്ക് ആദ്യ സമ്മാനം', സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന ശിശുക്കള്‍ക്ക് കാരുണ്യ പദ്ധതി
കേരളവിഷന്റെ 'എന്റെ കണ്മണിക്ക് ആദ്യ സമ്മാനം' എന്ന കാരുണ്യ പദ്ധതിയില്‍ പങ്കാളികളായി എംഎ യൂസഫലിയും ലുലു ഗ്രൂപ്പും. കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ജനിക്കുന്ന നവജാത ശിശുക്കള്‍ക്ക് ആദ്യ സമ്മാനം നല്‍കുന്ന പദ്ധതിയിലാണ് ലുലു ഗ്രൂപ്പും ഭാഗമാകുന്നത്. പദ്ധതിയിലേക്കായി 10 ലക്ഷം രൂപയുടെ ചെക്ക് ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ കോ ഓര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജ്, ലുലൂ റീട്ടെയില്‍ ജനറല്‍ മാനേജര്‍ സുധീഷ് നായര്‍ എന്നിവരില്‍ നിന്നും സിഒഎ സംസ്ഥാന എക്‌സി. കമ്മിറ്റി അംഗവും കേരളവിഷന്‍ ചാനല്‍ ഡയറക്ടറുമായ പിഎസ് രജനീഷ്, കേരളവിഷന്‍ ചാനല്‍ ഡയറക്ടര്‍ എജി സുബ്രഹ്ണ്യം എന്നിവര്‍ ഏറ്റുവാങ്ങി.
കേരളവിഷന്‍ ചാനലിന്റെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് കൊച്ചി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ വച്ചാണ് ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ എക്കാലവും ലോകത്തിന് തന്നെ മാതൃകയായ ലുലു ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എംഎ യൂസഫലി കേരളവിഷന്റെ എന്റെ കണ്മണിക്ക് ആദ്യ സമ്മാനം എന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. പദ്ധതിക്കായി ലുലു ഗ്രൂപ്പിന്റെ പേരില്‍ അന്ന് പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിലേക്കുള്ള ആദ്യഗഢുവായാണ് 10 ലക്ഷം രൂപ കൈമാറിയത്. വരും മാസങ്ങളിലും ഈ കാരുണ്യപദ്ധതിയോടൊപ്പം ലുലു ഗ്രൂപ്പ് കൈകോര്‍ക്കും.
ഒരു വര്‍ഷം കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രകളില്‍ ജനിക്കുന്ന ഒരു ലക്ഷം കുരുന്നുകള്‍ക്ക് സൗജന്യമായി ബേബി കിറ്റ് നല്‍കുന്നതാണ് കേരളവിഷന്റെ ഈ ജീവകാരുണ്യ പദ്ധതി. പ്രകൃതിദത്ത പഞ്ഞിയില്‍ തീര്‍ത്ത കൊതുവലയോടുകൂടിയ രണ്ട് ബെഡ്, 52 ആഴ്ചയുള്ള കുഞ്ഞുങ്ങളുടെ പരിചരണ നിര്‍ദ്ദേശങ്ങളടങ്ങിയ രണ്ട് ബുക്ലെറ്റുകള്‍, കുഞ്ഞുങ്ങളുടെ പരിചരണ നിര്‍ദേശങ്ങളടങ്ങിയ രണ്ട് വീഡിയോകള്‍ എന്നിവ കിറ്റിലുണ്ടാകും.