സംസ്ഥാനത്തെ കാട്ടാനകളുടെ എണ്ണം കുറയുന്നു; മരണനിരക്ക് കൂടുതൽ പത്ത് വയസിൽ താഴെയുള്ള ആനകളിൽ
സംസ്ഥാനത്തെ വനങ്ങളിൽ ആനകളുടെ എണ്ണം കുറയുന്നു. വനം വകുപ്പ് നടത്തിയ ഏറ്റവും പുതിയ അന്തർ സംസ്ഥാന സെൻസസിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണം 7 ശതമാനം കുറഞ്ഞുവെന്നാണ് കണക്ക്. കഴിഞ്ഞ വർഷം 1,920 ആനകൾ സംസ്ഥാനത്ത് വിവിധ വനങ്ങളിൽ ആയി ഉണ്ടായിരുന്നുവെങ്കിൽ ഇത്തവണ അത് 1,793 ആനകൾ ആണ്. ബ്ലോക്ക് കൗണ്ട് രീതി പ്രകാരം ആനകളുടെ എണ്ണം വനം വകുപ്പ് ശേഖരിച്ചത്.
2015 നും 2023 നും ഇടയിൽ കേരളത്തിലെ വനങ്ങളിൽ 845 കാട്ടാന ചെരിഞ്ഞിട്ടുണ്ടെന്നാണ് കണക്കുകൾ. ഒരു ദശാബ്ദത്തിനുള്ളിൽ ആനകളുടെ മരണനിരക്കിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. സർവേ പ്രകാരം ഏറ്റവും ഉയർന്ന മരണനിരക്ക് രേഖപ്പെടുത്തിയത് 10 വയസ്സിന് താഴെയുള്ള ആനകളിലാണ്.
ഏകദേശം 40 ശതമാനം കാട്ടാന മരണങ്ങളും 10 വയസിൽ താഴെയുള്ളതാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എണ്ണത്തിലെ വ്യത്യാസം സ്വാഭാവികവും നിസാരവുമാണെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. ആനകൾ ദീർഘദൂരം സഞ്ചരിക്കുന്നതിനാലും അന്യസംസ്ഥാനങ്ങളിലെ വനപ്രദേശങ്ങളിലേക്ക് നീങ്ങുന്നതിനാലും ഇത് സ്വാഭാവികമാണ്. ജലത്തിന്റെയും ഭക്ഷണത്തിന്റെയും ലഭ്യത കണക്കിലെടുത്താണ് ആനകൾ ഇങ്ങനെ കൂട്ടത്തോടെ നീങ്ങുന്നത്.
പെരിയാർ റിസർവിൽ ആനകളുടെ എണ്ണത്തിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. 2023ൽ 811 ആയിരുന്നത് 2024ൽ 813 ആയി. നിലമ്പൂരിൽ 16 ശതമാനം വർധന രേഖപ്പെടുത്തി. മറ്റ് രണ്ട് ആന സങ്കേതങ്ങളായ വയനാട് (29 ശതമാനം), ആനമുടി (12 ശതമാനം) എന്നിവിടങ്ങളിൽ ആനകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി സെൻസസ് കാണിക്കുന്നു. ആനമുടിയില്‍ 615, നിലമ്പൂരില്‍ 198, വയനാട്ടില്‍ 78 ആനകളും ഉണ്ടെന്നാണ് കണ്ടെത്തല്‍.
പെരിയാറിലെയും നിലമ്പൂരിലെയും എണ്ണം കുറയാത്തതിന് സംസ്ഥാന അതിർത്തിയിലെ സ്ഥിരമായ ഭൂപ്രകൃതിയാണ് കാരണം. അയല്പക്കമുള്ള മറ്റു റിസർവുകളെ അപേക്ഷിച്ച് പെരിയാർ ആനകളുടെ ആവാസവ്യവസ്ഥയ്ക്ക് കൂടുതൽ സുസ്ഥിരമാണ്. കടുത്ത വരൾച്ചയും വേനൽമഴയും പോലെയുള്ള കാലാവസ്ഥാ സാഹചര്യങ്ങളാണ് വയനാട്ടിലെ പ്രകടമായ കുറവിന് കാരണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പെരിയാർ റിസർവിൽ ആനകളുടെ എണ്ണത്തിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. നിലമ്പൂരിൽ 16 ശതമാനം വർധന രേഖപ്പെടുത്തി. മറ്റ് രണ്ട് ആന സങ്കേതങ്ങളായ വയനാട് (29 ശതമാനം), ആനമുടി (12 ശതമാനം) എന്നിവിടങ്ങളിൽ ആനകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി സെൻസസ് കാണിക്കുന്നു
മുതുമല, ബന്ദിപ്പൂർ, നാഗർഹോള കടുവ സങ്കേതങ്ങൾ തുടങ്ങിയ പ്രദേശങ്ങൾ അടങ്ങിയ ആനകളുടെ പ്രധാന ആവാസകേന്ദ്രങ്ങളാൽ ചുറ്റപ്പെട്ടതാണ് വയനാട്. ഈ പരന്ന ഭൂപ്രദേശങ്ങൾ ആനകളുടെ സഞ്ചാരം സുഗമമാക്കുന്നു. ഇത്തരം ഘടകങ്ങളും വ്യത്യാസത്തിന് കാരണമായതായി പഠനം പറയുന്നു.
പ്രതിരോധശേഷിക്കുറവ്, അവയവങ്ങളുടെ തകരാർ, മാംസഭുക്കുകളുടെ ഭീഷണി എന്നിവയാണ് ആനകളുടെ മരണത്തിന്റെ പ്രധാന കാരണങ്ങളായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോഴത്തെ കാലാവസ്ഥയും അസഹിഷ്ണുതയുള്ള താപനിലയും, എലിഫന്റ് എൻഡോതെലിയോട്രോപിക് ഹെർപ്പസ് വൈറസ് എന്ന വൈറൽ അണുബാധയുമാണ് ചെറിയ ആനകളുടെ മരണനിരക്ക് വർധിക്കാൻ കാരണമെന്ന് മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കടുവകളിലും ചെറിയ കുട്ടികളുടെ മരണനിരക്ക് കൂടുതലാണ്. മൃഗങ്ങളുടെ ചെറിയ പ്രായത്തിൽ മരണം സ്വാഭാവികമാണ്. മനുഷ്യരിലെന്നപോലെ, പ്രായപൂർത്തിയാകുന്നതുവരെ മൃഗങ്ങളുടെ കുട്ടികൾക്കും പ്രതിരോധശേഷി കുറവായിരിക്കും. കൂടാതെ, ജനന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകും. മാംസഭുക്കായ മൃഗങ്ങളിൽ നിന്നുള്ള ആക്രമ ഭീഷണിയും ഇവർക്ക് നേരെ ഉണ്ടാകാറുണ്ട്.
ഈ വർഷം കണക്കാക്കിയ മൊത്തം മുതിർന്ന ആനകളിലും പ്രായപൂർത്തിയായ ആനകളിലും 36.04 ശതമാനം കൊമ്പന്മാരാണ്. കഴിഞ്ഞ വർഷത്തേക്കാൾ കൊമ്പനാനകളുടെ എണ്ണം വർധിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ആനകളെ സംരക്ഷിക്കുന്നതിനായി വിവിധ നിർദേശങ്ങളും റിപ്പോർട്ട് മുന്നോട്ട് വെക്കുന്നുണ്ട്. തെളിയിക്കപ്പെട്ട നടപടികളിലൂടെ സ്വാഭാവിക ആവാസ വ്യവസ്ഥകൾ സംരക്ഷിക്കേണ്ടതും പ്രായത്തിനനുസരിച്ചുള്ള മരണനിരക്ക് തടയേണ്ടതും തീർച്ചയായും ആവശ്യമാണെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. തമിഴ്‌നാട് വികസിപ്പിച്ചതിന് സമാനമായ ഒരു പ്രോട്ടോക്കോൾ ഇതിന് വികസിപ്പിക്കേണ്ടതുണ്ട്. ചതുപ്പുനിലങ്ങൾ പോലുള്ള നിർണായക ആവാസ വ്യവസ്ഥകൾ കൈകാര്യം ചെയ്യണം. മെച്ചപ്പെട്ട പ്രതിരോധശേഷി ഉറപ്പാക്കാൻ, പ്രകൃതിദത്ത ആവാസ വ്യവസ്ഥകളെ സംരക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യേണ്ടത് നിർണായകമാണ്. മനുഷ്യ-മൃഗ സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികളും പഠനം ഉയർത്തിക്കാട്ടിയിട്ടുണ്ട്.