അക്രമകാരികളായ നായകളെ കൊന്നൊടുക്കാന്‍ അനുമതി തേടും; തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടിയുമായി സര്‍ക്കാര്‍

അക്രമകാരികളായ നായകളെ കൊന്നൊടുക്കാന്‍ അനുമതി തേടും; തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടിയുമായി സര്‍ക്കാര്‍

തെരുവുനായകള്‍ക്ക് വിപുലമായ വാക്‌സിനേഷന്‍, കുത്തിവെപ്പ് സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെ
Updated on
1 min read

സംസ്ഥാനത്തെ തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. അക്രമകാരികളായ നായകളെ കൊന്നൊടുക്കാന്‍ നടപടി സ്വീകരിക്കും. ഇതിനായി സുപ്രിംകോടതിയുടെ അനുമതി തേടുമെന്നും മന്ത്രി അറിയിച്ചു. തെരുവുനായ വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ഭീതി ഇല്ലാതാക്കും, അതിനായി ദീര്‍ഘകാല നടപടിയുണ്ടാകും. തെരുവുനായകള്‍ക്ക് വിപുലമായ രീതിയില്‍ വാക്‌സിനേഷന്‍ നല്‍കും. വാക്‌സിനേഷന്‍ യജ്ഞം നടപ്പാക്കും. സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെയാണ് കുത്തിവെപ്പ് നല്‍കുക. വാക്‌സിനേഷനുവേണ്ടി തദ്ദേശ സ്ഥാപനങ്ങള്‍ വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കാനും അനുമതി നല്‍കും. പ്രശ്‌നം പരിഹരിക്കാന്‍ ദ്വിമുഖ പരിപാടി ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി വിശദീകരിച്ചു.

തെരുവുനായകള്‍ക്ക് ഷെല്‍ട്ടറുകള്‍ ആരംഭിക്കാനും ഉന്നതതലയോഗത്തില്‍ തീരുമാനമായി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കുമെങ്കിലും, പരിപാടിക്ക് വിപുലമായ ജനപങ്കാളിത്തം ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇതിനായി കോവിഡ് കാല സന്നദ്ധ സേനയെ പുനരുജ്ജീവിപ്പിക്കും. ഭക്ഷണത്തില്‍ വാക്‌സിന്‍ കലര്‍ത്തി നല്‍കുന്നതും പരിഗണിക്കും. മനുഷ്യര്‍ക്കും , മൃഗങ്ങള്‍ക്കും കടിയേറ്റ സാഹചര്യങ്ങള്‍ വിലയിരുത്തി ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in