പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പേവിഷ വാക്സിൻ ഗുണനിലവാരം വീണ്ടും പരിശോധിക്കണം; കേന്ദ്രത്തിന് കത്തയച്ച് ആരോഗ്യ മന്ത്രി

വാക്സിനെടുത്തിട്ടും രോഗികൾ മരണപ്പെടുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ നീക്കം
Updated on
1 min read

പേവിഷ വാക്സിനുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് സംസ്ഥാന സർക്കാരിന്റെ കത്ത്. ആരോഗ്യ മന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്തു നൽകി. പേവിഷബാധ പ്രതിരോധ വാക്‌സിന്‍റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്നാണ് കത്തിലെ ആവശ്യം. വാക്സിനെടുത്തിട്ടും നായയുടെ കടിയേറ്റ 6 പേർ മരണപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ നടപടി. നേരത്തെ മുഖ്യമന്ത്രിയും വാക്സിന്റെ ഗുണനിലവാരം ഉറപ്പവരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കേന്ദ്ര ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം വാക്‌സിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് കേന്ദ്ര ഡ്രഗ് ലബോറട്ടറിയാണ്. കേന്ദ്ര ഡ്രഗ് ലബോറട്ടറില്‍ പരിശോധിച്ച് ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ലഭ്യമായ വാക്‌സിനും സെറവുമാണ് നായ്ക്കളില്‍ നിന്നുള്ള കടിയേറ്റ് ആശുപത്രികളില്‍ എത്തിയവര്‍ക്കും മരണമടഞ്ഞ 6 പേര്‍ക്കും നല്‍കിയത്. വാക്‌സിന്‍ നല്‍കിയിട്ടും പേവിഷബാധ മരണം സംഭവിച്ചത് പൊതുജനങ്ങളില്‍ ആശങ്കയുണ്ടെന്നും കത്തിൽ മന്ത്രി പറയുന്നു.

പ്രതീകാത്മക ചിത്രം
പത്തനംതിട്ടയില്‍ തെരുവു നായയുടെ കടിയേറ്റ് മരിച്ച അഭിരാമിക്ക് പേവിഷബാധ സ്ഥിരീകരിച്ചു

ഉപയോഗിച്ച വാക്‌സിന്റെയും സെറത്തിന്റേയും കേന്ദ്ര ലാബിന്റെ ഗുണനിലവാര സര്‍ട്ടിഫിക്കറ്റും ബാച്ച് നമ്പരും ഉള്‍പ്പെടെയാണ് കത്തു നൽകിയിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. എം.എസ്.സി.എല്‍-നോട് വീണ്ടും വാക്‌സിന്‍ പരിശോധനയ്ക്കയ്ക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് പരിശോധന വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു

ഒരു വർഷം 21 ജീവനുകൾ

പേവിഷ ബാധയേറ്റ് 21 പേരാണ് ഈ വർഷം ഇതുവരെ കേരളത്തിൽ മരണമടഞ്ഞത്. കഴിഞ്ഞ 5 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ഇതിൽ 6 പേർ പേവിഷയ്ക്കെതിരായ വാക്സിനേഷന്റെ വിവിധ ഘട്ടങ്ങളിലായിരുന്നു എന്നതു വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. തല, മുഖം, കഴുത്ത് എന്നീ ഭാഗങ്ങളിൽ കടിയേൽക്കുന്നതാണ് പേവിഷ ബാധയുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നതെന്ന് ആരോഗ്യ വിദഗ്ദർ വിലയിരുത്തുന്നു. ശരീരത്തിന്റെ ഈ ഭാഗങ്ങളിൽ നിന്നും വൈറസ് വളരെ വേഗം തലച്ചോറിൽ എത്തും. വൈറസ് തലച്ചോറിലെത്തിയാൽ വാക്സിന്റെ ഫലപ്രാപ്തി കുറയും.

logo
The Fourth
www.thefourthnews.in