പത്തിൽ എട്ട് വിദ്യാർഥികളും വിദേശ ഉപരിപഠനം കൊതിക്കുന്നവർ എന്ന് സർവേ
കേരളത്തിലെ പത്തിൽ എട്ട് കോളജ് വിദ്യാർഥികളും അവസരം ലഭിച്ചാൽ ഉന്നത പഠനത്തിനായി രാജ്യം വിട്ട് പറക്കാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന് പഠനം. സ്‌കില്‍ അധിഷ്ഠിത പഠനത്തിന്റെ അപര്യാപ്തതയാണ് പഠനം വിദേശത്തേക്ക് മാറ്റാനുള്ള കാരണമായി പുതുതലമുറ ചൂണ്ടിക്കാട്ടുന്നത്. നഗരങ്ങളിലാണ് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ എന്നും 64ശതമാനം വിദ്യാർഥികൾ വിശ്വസിക്കുന്നു.
സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാര്‍ഷികമായ 2047 ഓടെ ഇന്ത്യ എങ്ങനെയാകും? ഏതൊക്കെ മേഖലകളില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്? എങ്ങനെയാകണം വരും കാല ഇന്ത്യ? ഈ ചോദ്യങ്ങൾ ഉന്നയിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷനും കൊല്ലം ജില്ലയിലെ അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് ആന്‍ഡ് പബ്ലിക് അഡ്മിനിസ്‌ട്രേഷൻ ഡിപ്പാർട്മെന്റും ചേര്‍ന്ന് സംഘടിപ്പിച്ച ഇന്ത്യ@2047 കേരള യൂത്ത് സര്‍വെയിലാണ് ഈ കണ്ടെത്തലുകൾ.
യുവതലമുറയുടെ ആശയങ്ങള്‍ക്കും വീക്ഷണത്തിനും വലിയ പ്രാധാന്യമുണ്ടെന്ന് തിരിച്ചറിവാണ് ഇത്തരം സര്‍വേയിലേക്ക് നയിച്ചത്.
ഇന്ത്യയെപ്പറ്റി ഇപ്പോഴത്തെ യുവാക്കള്‍ക്ക് എന്ത് തോന്നുന്നു എന്നറിയാനും ഇന്ത്യയുടെ ഇപ്പോഴത്തെ സാമൂഹിക അവസ്ഥയെക്കുറിച്ചറിയാനുമായിരുന്നു ഇത്തരത്തില്‍ ഒരു പഠനമെന്ന് കോഴ്‌സ് ഡയറക്ടര്‍ റോണി തോമസ് ഫോര്‍ത്തിനോട് പറഞ്ഞു. എംഎ പബ്ലിക് അഡ്മിമിസ്‌ട്രേഷന്‍ വിഭാഗത്തിലെ 30 വിദ്യാര്‍ത്ഥികളെ ആറ് സംഘങ്ങളായി തിരിച്ചാണ് സര്‍വേ സംഘടിപ്പിച്ചത്. സര്‍വേയില്‍ പങ്കെടുത്ത 85ശതമാനത്തിലധികം പേരും കേരളത്തിനകത്തെ സര്‍വകലാശാലകളില്‍ നിന്നുള്ളവരായിരുന്നു.
ടൂറിസം, റെന്യൂവബിള്‍ എനര്‍ജി, ഫാഷന്‍, ഫുഡ് ആന്‍ഡ് ബിവറേജസ് എന്നീ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനും പുതുതലമുറ സജ്ജരാണെന്നും സര്‍വേഫലങ്ങള്‍ വ്യക്തമാക്കുന്നുണ്ട്
രാജ്യത്തെ വിവിധ മേഖലകളെക്കുറിച്ച് യുവാക്കള്‍ക്കുള്ള അഭിപ്രായങ്ങളാണ് സര്‍വേയില്‍ പ്രകടമായത്. 2024ഓടുകൂടി ഇന്ത്യ വികസിത രാജ്യമായി മാറുമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 44ശതമാനം ആളുകളുടെയും അഭിപ്രായം. ഇല്ലെന്ന് 22 ശതമാനം അഭിപ്രായപ്പെടുന്നു. ദക്ഷിണ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന സാക്ഷരതാ നിരക്കുള്ളതുകൊണ്ടാണ് നീതി ആയോഗിന്റെ ഗുഡ് ഗവേണന്‍സ് ഇന്‍ഡക്‌സില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ മുന്നിട്ടു നില്‍ക്കാനായതെന്നും യുവതലമുറ അഭിപ്രായപ്പെടുന്നു.
സ്‌കൂള്‍ വിദ്യാഭ്യാസം, ആരോഗ്യരംഗം, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ എന്നീ മേഖലയില്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് ഊന്നല്‍ നല്‍കിക്കൊണ്ടാകണം ഗ്രാമീണ മേഖലയിലെ വികസനം പ്രോത്സാഹിപ്പിക്കേണ്ടതെന്നും ഗ്രാമങ്ങളില്‍ സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് തൊഴില്‍ സാഹര്യങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും യുവതലമുറ അഭിപ്രായപ്പെടുന്നു. ടൂറിസം, റെന്യൂവബിള്‍ എനര്‍ജി, ഫാഷന്‍, ഫുഡ് ആന്‍ഡ് ബിവറേജസ് എന്നീ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനും പുതുതലമുറ സജ്ജരാണെന്നും സര്‍വേഫലങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
ജനങ്ങളുമായി സംവദിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം സമൂഹ മാധ്യമമാണെന്നും വ്യക്തമാക്കുന്നുണ്ട് കേരളത്തിലെ ന്യൂജനറേഷന്‍
സ്വാതന്ത്ര്യ സമരത്തിന്റെ പര്യായമായി മാറിയ ഖാദി വസ്ത്രങ്ങളോട് പുതിയ തലമുറയ്ക്ക് താല്പര്യം കുറവാണെന്നും സർവേ കണ്ടെത്തുന്നു. അപൂര്‍വമായി മാത്രമേ ഖാദി ഉപയോഗിക്കാറുള്ളൂവെന്ന് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം ആളുകള്‍ വ്യക്തമാക്കുമ്പോള്‍ വിശേഷ അവസരങ്ങളില്‍ മാത്രം ഖാദി ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണ് 23.8 ശതമാനം ആളുകള്‍. സാങ്കേതിക- സാമ്പത്തിക സഹായം, മാര്‍ക്കറ്റിങ് പിന്തുണ ഗതാഗതസൗകര്യം എന്നിവ ഒരുക്കിക്കൊണ്ട് പരമ്പരാഗത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സ്വകാര്യമേഖലയ്ക്ക് സര്‍ക്കാരുമായി പങ്കാളികളാകാനാകുമെന്നും സര്‍വേ വ്യക്തമാക്കുന്നു. ജനങ്ങളുമായി സംവദിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം സമൂഹ മാധ്യമമാണെന്നും വ്യക്തമാക്കുന്നുണ്ട് കേരളത്തിലെ ന്യൂജനറേഷന്‍.
കേരള സര്‍ക്കാറിന്റെ യൂത്ത് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിനെക്കുറിച്ച് ബോധവാന്മാരല്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത പകുതിയോളം പേര്‍ വെളിപ്പെടുത്തുന്നു
തൊഴില്‍ മേഖലയിലും മാറുന്ന കാഴ്ചപ്പാടാണ് യുവതലമുറയില്‍ കാണാനാകുന്നത്. സര്‍ക്കാര്‍/സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിനു പകരം സ്വന്തമായി ബിസിനസ് തുടങ്ങാന്‍ ആഗ്രഹമുള്ളവരാണ് പുതുതലമുറ എന്നാല്‍ കേരള സര്‍ക്കാറിന്റെ യൂത്ത് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിനെക്കുറിച്ച് ബോധവാന്മാരല്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത പകുതിയോളം പേര്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ ആരംഭിക്കാനുള്ള പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജനയെക്കുറിച്ച് സര്‍വേയില്‍ പങ്കെടുത്ത 73.4 ശതമാനം പേരും ബോധവാന്മാരാണ്.
സര്‍ക്കാര്‍ സേവനങ്ങളെക്കുറിച്ചും വ്യക്തമായ വീക്ഷണം പുതുതലമുറയ്ക്കുണ്ട്. ആര്‍ടിഐ ആക്ടിലൂടെ ഇത്തരം സേവനങ്ങള്‍ മെച്ചപ്പെടുത്താനാകുമെന്നാണ് സര്‍വേ ഫലം. സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കണമെന്നും വിധവകള്‍ക്കും വൃദ്ധജനങ്ങള്‍ക്കും ഉള്‍പ്പെടെ നല്‍കുന്ന പെന്‍ഷന്‍ തുക ഉയര്‍ത്തണമെന്നുമാണ് പുതുതലമുറയുടെ ആവശ്യം.
ഡിജിറ്റല്‍ ലോകത്തും ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ യൂണിഫൈഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഫോര്‍ ന്യൂ-ഏജ് ഗവേണന്‍സ് (UMANG) ആപ്പിനെക്കുറിച്ച് ബോധവാന്മാരല്ല എന്നതാണ് സര്‍വേഫലം. 13 ഇന്ത്യന്‍ ഭാഷകളെ പിന്തുണയ്ക്കുന്ന ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ് എന്നിവയില്‍ ലഭ്യമാകുന്ന ആപ്പ് സര്‍വേയില്‍ പങ്കെടുത്ത 70 ശതമാനത്തോളം ആള്‍ക്കാര്‍ക്കും പരിചയമില്ലാത്തതായിരുന്നു.