കോട്ടയം മെഡിക്കല്‍ കോളേജില്‍ മസ്തിഷ്‌ക മരണാനന്തര കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം; സര്‍ക്കാര്‍ മേഖലയില്‍ ഇതാദ്യം
സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി മസ്തിഷ്‌ക മരണാനന്തര കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലാണ് വയനാട് സ്വദേശി ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ആരോഗ്യമന്ത്രി ആശുപത്രിയില്‍ നേരിട്ടെത്തി മുഴുവന്‍ ടീമിനേയും അഭിനന്ദിച്ചു. ഇതോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ 4 കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകകളാണ് വിജയിച്ചത്.
സുജാതയുള്‍പ്പെടെ 7 പേരുടെ ജീവിതത്തിലാണ് കൈലാസ് നാഥ് പ്രതീക്ഷയായത്
ഇക്കഴിഞ്ഞ ഏപ്രില്‍ 25നാണ് 52കാരിയായ സുജാതയ്ക്ക് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ജീവകാരുണ്യ പ്രവര്‍ത്തകനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായിരുന്ന കോട്ടയം താഴത്തങ്ങാടി സ്വദേശി കൈലാസ് നാഥിന്റെ (23) കരളാണ് മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് ദാനം നല്‍കിയത്. സുജാതയുള്‍പ്പെടെ 7 പേരുടെ ജീവിതത്തിലാണ് കൈലാസ് നാഥ് പ്രതീക്ഷയായത്. കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. ശങ്കര്‍, സൂപ്രണ്ട് ഡോ. ജയകുമാര്‍, സര്‍ജിക്കല്‍ ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. ആര്‍.എസ്. സിന്ധു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
സര്‍ക്കാര്‍ മേഖലയില്‍ കോട്ടയം, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളിലാണ് ഇതുവരെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമാക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടിക്രമങ്ങള്‍ നടന്നു വരികയാണ്.