ഇന്നസെന്റിന് വിട പറഞ്ഞ് നാട്: വിലാപയാത്രയായി ജന്മനാട്ടിലേക്ക്, അനുശോചിച്ച് പ്രധാനമന്ത്രി

ഇന്നസെന്റിന് വിട പറഞ്ഞ് നാട്: വിലാപയാത്രയായി ജന്മനാട്ടിലേക്ക്, അനുശോചിച്ച് പ്രധാനമന്ത്രി

നാളെ രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്കാരം
Updated on
1 min read

അന്തരിച്ച നടനും മുൻ എംപിയുമായ ഇന്നസെന്റിന് അന്ത്യാഞ്ജലി അർപ്പിച്ച് ആരാധകരും സിനിമാ ലോകവും. എറണാകുളം കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹത്തിൽ ആയിരങ്ങളാണ് അന്തിമോപചാരം അര്‍പ്പിച്ചത്. തുടർന്ന് മൃതദേഹം ഇരിങ്ങാലക്കുട ടൗൺ ഹാളിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി. ടൗൺ ഹാളിലെ പൊതുദർശനത്തിന് ശേഷം മൂന്ന് മണിയോടെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്കാരം.

ഇന്നസെന്റിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. ആസ്വാദക ഹൃദയങ്ങളെ നർമം കൊണ്ട് നിറച്ച ഇന്നസെന്റ് എന്നും ഓർമിക്കപ്പെടുമെന്നും അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നതായും ആത്മാവിന് നിത്യശാന്തി നേരുന്നതായും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഇന്നസെന്റിന് വിട പറഞ്ഞ് നാട്: വിലാപയാത്രയായി ജന്മനാട്ടിലേക്ക്, അനുശോചിച്ച് പ്രധാനമന്ത്രി
ഇന്നസെന്റിന് കേരളത്തിന്റെ അന്ത്യാഞ്ജലി; കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദർശനം; സംസ്കാരം നാളെ

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവർ ഇരിങ്ങാലക്കുടയില്‍ എത്തി അന്തിമോപചാരം അര്‍പ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രി ആര്‍ ബിന്ദു വാഹനത്തില്‍ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. മന്ത്രി പി രാജീവും ഇരിങ്ങാലക്കുടയില്‍ എത്തിയിട്ടുണ്ട്.

എറണാകുളം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ എട്ട് മണിക്ക് ആരംഭിച്ച പൊതുദർശനത്തിൽ ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. നടന്മാരായ മമ്മൂട്ടി, ജയസൂര്യ, ഹരിശ്രീ അശോകൻ, മുകേഷ്, കുഞ്ചൻ, ദുൽഖർ സൽമാൻ, ബാബുരാജ് തുടങ്ങി, പ്രിയ സഹ പ്രവർത്തകനെ കാണാനായി നിരവധി സിനിമാ പ്രവർത്തകരാണ് ഇവിടെ എത്തിച്ചേർന്നത്. മന്ത്രിമാരായ ആർ ബിന്ദു, കെ രാജൻ, പി പ്രസാദ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരുൾപ്പെടെ ആദരാഞ്ജലി അർപ്പിച്ചു.

ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ കഴിഞ്ഞ ദിവസമാണ് ഇന്നസെന്റ് മരിച്ചത്. കൊച്ചിയിലെ ലേക്ക്ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം. രോ​ഗം മൂർച്ഛിച്ചതോടെ പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായിരുന്നു.

logo
The Fourth
www.thefourthnews.in