ഇന്നും കനത്ത മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ശക്തമായ കാറ്റിനും സാധ്യത, ജാഗ്രതാ നിര്‍ദേശം
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. ഒരു ജില്ലയിലും അതിതീവ്രമഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് ഇല്ല. എന്നാല്‍ 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളേജുകള്‍, അംഗന്‍വാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ് സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല. മോഡല്‍, റസിഡന്‍ഷ്യല്‍, നവോദയ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.
മൂന്നു ദിവസമായി തുടരുന്ന അതിതീവ്ര മഴയില്‍ വയനാട് ജില്ലയില്‍ മൂന്ന് താലൂക്കുകളിലായി 11 ദുരിതാശ്വാസ ക്യമ്പുകള്‍ തുറന്നു. 98 കുടുംബങ്ങളില്‍ നിന്നായി 137 സ്ത്രീകളും 123 പുരുഷന്‍മാരും 72 കുട്ടികളും ഉള്‍പ്പെടെ 332 പേരാണ് 11 ക്യാമ്പുകളില്‍ കഴിയുന്നത്. ഇവര്‍ക്ക് പുറമേ 89 പേര്‍ ബന്ധുവീട്ടിലേക്ക് മാറിത്താമസിച്ചിട്ടുണ്ട്. മഴയിലും കാറ്റിലും 28 വീടുകള്‍ ഭാഗികമായി തകര്‍ന്നു. പലയിടങ്ങളിലും കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു. 25 ഏക്കര്‍ കൃഷി ഭൂമിയില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കല്ലൂര്‍ ഹൈസ്‌കൂള്‍, മുത്തങ്ങ ജിഎല്‍പി സ്‌കൂള്‍, ചെട്ട്യാലത്തൂര്‍ അങ്കണവാടി, കല്ലിന്‍കര ഗവ യുപി സ്‌കൂള്‍, നന്ദന ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്, കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂള്‍, പൂതാടി ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലും വൈത്തിരി താലൂക്കിലെ പറളിക്കുന്ന് ഡബ്ല്യൂഒഎല്‍പി സ്‌കൂള്‍, തരിയോട് ജിഎല്‍പി സ്‌കൂളിലും മാനന്തവാടി താലൂക്കിലെ ജിഎച്ച്എസ്എസ് പനമരം, അമൃത വിദ്യാലയം എന്നിവടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ചേവായൂര്‍ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ഹൈസ്‌കൂള്‍, കോഴിക്കോട് ഐഎച്ച്ആര്‍ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോട്ടുളി ജിഎല്‍പി സ്‌കൂള്‍, മുട്ടോളി ലോലയില്‍ അങ്കണവാടി എന്നിവയ്ക്കാണ് അവധി. അഴിക്കോട് താലൂക്കില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 10 കുടുംബങ്ങളില്‍ നിന്നുള്ള 36 പേരാണ് കഴിയുന്നത്. ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് അമ്പതിലേറെ കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്കും മറ്റും താമസം മാറിയിട്ടുണ്ട്.
ഉയര്‍ന്ന തിരമാല
കണ്ണൂര്‍, കാസര്‍കോട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകളും, കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 2.5 മുതല്‍ 3.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
തമിഴ്നാട് തീരത്ത് നാളെ രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.
ജാഗ്രതാ നിര്‍ദേശങ്ങള്‍
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.