അഞ്ച് വർഷം നീണ്ട നിയമ പോരാട്ടം; മധു വധക്കേസിലെ പ്രധാന നാള്‍വഴികള്‍

അഞ്ച് വർഷം നീണ്ട നിയമ പോരാട്ടം; മധു വധക്കേസിലെ പ്രധാന നാള്‍വഴികള്‍

അന്തിമ വിധിയിലേക്കെത്തുന്നത് വരെ അപൂർവമായ സംഭവവികാസങ്ങള്‍ക്കാണ് കേസ് ആധാരമായത്
Updated on
2 min read

ഏറെ സാമൂഹിക രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ച അട്ടപ്പാടി മധു വധക്കേസിൽ അഞ്ച് വർഷങ്ങള്‍ക്കിപ്പുറം പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നു. മധു കൊല്ലപ്പെട്ട് നാല് വർഷങ്ങള്‍ക്ക് ശേഷമാണ് വിചാരണ പോലും ആരംഭിച്ചത്. അന്വേഷണ കാലയളവ് മുതല്‍ വിചാരണ വരെ നീണ്ട നീതി നിഷേധത്തിനാണ് അറുതിയാകുന്നത്. അന്തിമ വിധിയിലേക്കെത്തുന്നത് വരെ അപൂർവമായ സംഭവവികാസങ്ങള്‍ക്കാണ് കേസ് ആധാരമായത്. ബന്ധുക്കളടക്കം കൂറുമാറിയ കേസിനവസാനം മധുവിന്റെ കുടുംബത്തിന് നീതി അപ്രാപ്യമാകുമെന്ന് വിചാരണയുടെ ഘട്ടത്തില്‍ പലപ്പോഴും സംശയിക്കപ്പെട്ടു. മധുവിന്റെ അമ്മയുടെയും സഹോദരിയുടെയും നിശ്ചയദാർഢ്യമൊന്ന് കൊണ്ട് മാത്രമാണ് കേസ് അന്തിമഘട്ടത്തിലെത്തിയത്.

മധുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍
മധുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍

കേസിന്റെ നാള്‍വഴികളിങ്ങനെ:

2018 ഫെബ്രുവരി 22

പാലക്കാട് അട്ടപ്പാടി ചിണ്ടക്കി സ്വദേശിയായ മധു എന്ന ഇരുപത്തിയേഴുകാരനായ ആദിവാസി യുവാവിനെ കാടിനുസമീപത്തെ മുക്കാലിക്കവലയിൽ ഒരു കൂട്ടം ആളുകൾ ആൾക്കൂട്ട വിചാരണയ്ക്ക് ഇരയാക്കി. കവലയിലെ കടയിൽ നിന്ന് അരിയും മറ്റു സാധനങ്ങളും മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു മർദനം. കാട്ടിലെത്തി മധുവിനെ പിടികൂടിയ പ്രതികൾ മുക്കാലി വരെ നാല് കിലോമീറ്ററോളം കാൽനടയായി കൊണ്ടുവരികയും തുടരെ മർദിക്കുകയും ചെയ്തു. ചിത്രങ്ങളും ദൃശ്യങ്ങളുമെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

സമീപവാസികളില്‍ ഒരാൾ അറിയിച്ചതിനെ തുടർന്ന് ഉച്ചയ്ക്ക് 3.30 ഓടെ പോലീസ് എത്തി മധുവിനെ കസ്റ്റഡിയിലെടുത്തു. ജീപ്പിൽ വച്ച് കുഴഞ്ഞു വീഴുകയും ഛർദിക്കുകയും ചെയ്തതിന് പിന്നാലെ അഗളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റി. 4.15 ഓടെ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.

തൃശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്മോർട്ടത്തിൽ മധുവിന്റെ ശരീരത്തില്‍ 44 മുറിവുകൾ കണ്ടെത്തി. ഇതിൽ തലയിലെ മുറിവ് ഗുരുതരമായിരുന്നു. പട്ടികജാതി പട്ടികവർഗത്തിനെതിരായ അതിക്രമം തടയുന്ന നിയമപ്രകാരം, സംഭവത്തില്‍ സമഗ്രമായ അന്വേഷണവും കുറ്റവാളികൾക്ക് പരമാവധി ശിക്ഷയും ആവശ്യപ്പെട്ട് ആദിവാസി സംഘടനകൾ പ്രതിഷേധം ആരംഭിച്ചു. 16 പേരെ കേസിൽ പ്രതിചേർത്ത് അന്വേഷണം തുടങ്ങി.

സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ആള്‍ക്കൂട്ട വിചാരണയുടെ ചിത്രങ്ങള്‍
സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ആള്‍ക്കൂട്ട വിചാരണയുടെ ചിത്രങ്ങള്‍
അഞ്ച് വർഷം നീണ്ട നിയമ പോരാട്ടം; മധു വധക്കേസിലെ പ്രധാന നാള്‍വഴികള്‍
അട്ടപ്പാടി മധു വധക്കേസ്: അഞ്ച് വർഷം നീണ്ട നീതി നിഷേധത്തിന് അറുതിയാകുമോ?

2018 മെയ് 23

പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് കണ്ടെത്തിയ മധുവിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ 53 ജിബി ഉള്ള വീഡിയോകൾ സഹിതം ഡിവൈഎസ്പി പി സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മണ്ണാർക്കാട് പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സുബ്രഹ്മണ്യത്തിന്റെ സ്ഥലം മാറ്റത്തിന് ശേഷം ഡിവൈഎസ്പി പി ശശികുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം തുടർന്നു.

2018 മെയ് 31

കേസിൽ പ്രതികളായ 16 പേർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

2018 ജൂൺ

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി ഗോപിനാഥ് കേസിൽ നിന്ന് പിന്മാറി

2018 ഓഗസ്റ്റ്

വി ടി രഘുനാഥിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. രണ്ട് തവണ മാത്രമാണ് അദ്ദേഹം കേസിൽ ഹാജരായത്.

അഞ്ച് വർഷം നീണ്ട നിയമ പോരാട്ടം; മധു വധക്കേസിലെ പ്രധാന നാള്‍വഴികള്‍
ആള്‍ക്കൂട്ട കൊലയുടെ അഞ്ച് വര്‍ഷം; അട്ടപ്പാടി മധു വധക്കേസില്‍ വിധി ഇന്ന്

2022 ഫെബ്രുവരി 17

മധുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സി രാജേന്ദ്രനെയും അഡീഷണൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി രാജേഷ് എം മേനോനെയും നിയമിച്ചു.

2022 ഏപ്രിൽ 22

സംഭവം നടന്ന് നാല് വർഷങ്ങൾക്ക് ശേഷം മണ്ണാർക്കാട് പ്രത്യേക കോടതിയിൽ കേസിന്റെ വിചാരണ ആരംഭിച്ചു.

2022 ജൂൺ 26

സാക്ഷികളുടെ തുടർച്ചയായ കൂറുമാറ്റത്തിനൊടുവിൽ രാജേഷ് എം മേനോനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ പ്രോസിക്യൂട്ടർ ജനറലിനെ സമീപിച്ചു. തുടർന്ന് സി രാജേന്ദ്രൻ രാജിവയ്ക്കുകയും രാജേഷ് എം മേനോനെ നിയമിക്കുകയും ചെയ്തു.

2022 ഏപ്രില്‍ 28

സാക്ഷിവിസ്താരം തുടങ്ങി. വിചാരണയിൽ 129 സാക്ഷികളിൽ 24 പേർ കൂറുമാറുകയും 76 പേർ പ്രോസിക്യൂഷനൊപ്പം നിൽക്കുകയും ചെയ്തു.

2023 മാർച്ച് 02

സാക്ഷി വിസ്താരം പൂർത്തിയായി

2023 മാർച്ച് 10

വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി. ഇരുഭാഗത്തിന്റേയും വാദങ്ങള്‍ വിശദമായി കേട്ട മണ്ണാര്‍ക്കാട് എസ് സി -എസ് ടി കോടതി കേസ് വിധി പറയാനായി മാറ്റി.

2023 ഏപ്രില്‍ 04

16 പ്രതികളില്‍ നാലും 11ഉം പ്രതികളൊഴികെ 14 പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. നാലാം പ്രതി അനീഷ് 11-ാം പ്രതി അബ്ദുള്‍ കരീം എന്നിവരെ വെറുതെവിട്ടു

logo
The Fourth
www.thefourthnews.in