സംസ്ഥാനത്തിന്റെ ഇന്റര്‍നെറ്റ് കുതിപ്പിന് വേഗം പകരാൻ കെഫോണ്‍; മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

സംസ്ഥാനത്തിന്റെ ഇന്റര്‍നെറ്റ് കുതിപ്പിന് വേഗം പകരാൻ കെഫോണ്‍; മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

1500 കോടി രൂപ മുടക്കിയ പദ്ധതി 6 വര്‍ഷത്തിന് ശേഷമാണ് നാടിന് സമര്‍പ്പിക്കുന്നത്. 2023 ഓഗസ്റ്റോടുകൂടി ആദ്യഘട്ടം പൂര്‍ത്തീകരിച്ച് വാണിജ്യ കണക്ഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്
Updated on
1 min read

സംസ്ഥാനത്ത് ഡിജിറ്റൽ അന്തരം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച കെ ഫോണ്‍ പദ്ധതി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാല് മണിക്ക് നിയമസഭ കോംപ്ലക്സിലെ ആര്‍ ശങ്കര നാരായണന്‍ തമ്പി ഹാളില്‍ നടക്കുന്ന ചടങ്ങിലാകും കെ ഫോണ്‍ നാടിന് സമര്‍പ്പിക്കുക. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ കെ ഫോണിന്റെ കൊമേര്‍ഷ്യല്‍ വെബ് പേജും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് മൊബൈല്‍ ആപ്ലിക്കേഷനും ലോഞ്ച് ചെയ്യും.

തിരഞ്ഞെടുത്ത കെ ഫോണ്‍ ഉപഭോക്താക്കളുമായി ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി സംവദിക്കും. ഓണ്‍ലൈനായാണ് സംവാദം. വയനാട് പന്താലിക്കുന്ന് ആദിവാസി കോളനിയിലെ ജനങ്ങള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, തിരഞ്ഞെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ മുഖ്യമന്ത്രിയുമായുള്ള സംവാദത്തില്‍ പങ്കെടുക്കും.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 30,000 സര്‍ക്കാര്‍ ഓഫീസുകളിലും 14,000 വീടുകളിലുമാണ് കെ ഫോണ്‍ സേവനം ലഭ്യമാവുക. ഫൈബര്‍ ശ്യംഖലയിലൂടെ സംസ്ഥാനത്തുടനീളം അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിക്കുക എന്നതാണ് പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പട്ടികയനുസരിച്ച് ആദ്യഘട്ടത്തില്‍ ഓരോ നിയമസഭ മണ്ഡലത്തിലെ നൂറ് വീടുകളിലാണ് കെ ഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നത്.

40 ലക്ഷം ഇന്റര്‍നെറ്റ് കണക്ഷനുകള്‍ കെ ഫോണ്‍ മുഖാന്തരം നല്‍കാനുള്ള ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ സജ്ജീകരിച്ചു എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. 20 എംബിപിഎസിലാകും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുക. പിന്നീട് വേഗത വര്‍ധിപ്പിക്കാനുള്ള സൗകര്യവും ഉള്‍പ്പെടുത്തും. നിലവില്‍ 26,492 സര്‍ക്കാര്‍ ഓഫീസുകളിലും 17,354 ഓഫീസുകളിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാണ്. ഏഴായിരത്തലധികം വീടുകളിലേക്ക് കണക്ഷന്‍ നല്‍കാനാവശ്യമായ കേബിള്‍ ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

2023 ഓഗസ്റ്റോട് കൂടി ആദ്യഘട്ടം പൂര്‍ത്തീകരിച്ച് വാണിജ്യ കണക്ഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദ്യ വര്‍ഷം രണ്ടരലക്ഷം വാണിജ്യ കണക്ഷനുകള്‍ നല്‍കിയാല്‍ കെ ഫോണ്‍ ലാഭത്തിലാക്കാനാകുമെന്നാണ് പ്രതീക്ഷ.

logo
The Fourth
www.thefourthnews.in