'കസ്റ്റഡിയിലുള്ളവരെ പരിശോധിക്കാന്‍ ജയിലില്‍ സൗകര്യമൊരുക്കണം'; മുഖ്യമന്ത്രിക്ക് കെജിഎംഒഎയുടെ കത്ത്
ആശുപത്രികളില്‍ ആവശ്യത്തിന് സുരക്ഷയൊരുക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് സർക്കാർ ഡോക്ടർമാരുടെ സംഘടന. സംരക്ഷണ നിയമം പരിഷ്‌കരിച്ചുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ) മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎംഒഎ മുഖ്യമന്ത്രിക്ക് കത്തയച്ചത്.
പോലീസ് കസ്റ്റഡിയില്‍ ഉള്ള ആളുകളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ജയിലില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കൂടുതല്‍ ഡോക്ടര്‍മാരെ ജയിലില്‍ ഡ്യൂട്ടിക്ക് നിയമിക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെടുന്നു. സിസിടിവി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ആശുപത്രിയില്‍ ഉള്‍പ്പെടുത്തണമെന്നും പരിശീലനം ലഭിച്ച വിമുക്ത ഭടന്‍മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുൾപ്പെടെ ആറിന നിർദേശങ്ങളാണ് കെജിഎംഒഎ സർക്കാരിന് മുന്നിൽ വച്ചത്.
മറ്റ് നിർദേശങ്ങൾ
ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിച്ചുള്ള ഓർഡിനൻസ് പുറപ്പെടുവിക്കുക.
അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളിൽ ആംഡ് റിസർവ് പോലീസിനെ നിയമിച്ച് പോലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കുക
അത്യാഹിത വിഭാഗങ്ങളിൽ ട്രയാജ് സംവിധാനങ്ങൾ സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ നടപ്പിലാക്കുക.
അത്യാഹിത വിഭാഗത്തിൽ ഒരു ഷിഫ്റ്റിൽ 2 CMO മാരെ ഉൾപ്പെടുത്താൻ സാധിക്കും വിധം കൂടുതൽ CMO മാരെ നിയമിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുക
ആശുപത്രികളിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ നടക്കുന്ന ആതിക്രമങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് കെജിഎംഒഎയുടെ നിർദേശം. മരണഭയം കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യുന്നതിന് നടപടികള്‍ ഉണ്ടാകണമെന്ന് കെജിഎംഒഎ ആവശ്യപ്പെടുന്നു.