പേവിഷബാധയേറ്റ് മരിച്ച കുട്ടി
പേവിഷബാധയേറ്റ് മരിച്ച കുട്ടി

പത്തനംതിട്ടയിലെ പേവിഷ മരണം: മുറിവുകളിലൂടെ അതിവേഗം രോഗാണു തലച്ചോറിലേയ്ക്ക് കയറി; ചികിത്സ പിഴവില്ലെന്ന് കെജിഎംഒഎ

ചികിത്സാ പിഴവ് ഉണ്ടായെന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്
Updated on
1 min read

പത്തനംതിട്ടയില്‍ പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന് കെജിഎംഒഎ. മുഖത്തും കണ്ണിലും കണ്‍പോളകളിലും ഏറ്റ മാരകമായ മുറിവുകളിലൂടെ രോഗാണുക്കള്‍ വളരെ വേഗം തലച്ചോറിലേക്ക് പടര്‍ന്നു. ഇതാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്. കൃത്യമായ ചികിത്സ ലഭ്യമായതിന് ശേഷവും സംഭവിക്കാന്‍ സാധ്യതയുള്ള അപൂര്‍വ്വം സാഹചര്യമായിരുന്നുവെന്നും കെജിഎംഒഎ വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി.

പതിമൂന്നാം തീയതി രാവിലെ പട്ടിയുടെ കടിയേറ്റ കുട്ടിയെ ഏകദേശം ഒന്‍പത് മണിയോടെ ആശുപത്രിയില്‍ എത്തിച്ചത്. പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പും നല്‍കി. കണ്ണിലും കണ്‍പോളകളിലും ഉള്ള മുറിവുകള്‍ യഥാസമയം നേത്രരോഗ വിദഗ്ധര്‍ പരിശോധിക്കുകയും, വിദഗ്ധ ചികിത്സ നല്‍കുകയും ചെയ്തു. മുറിവുകളുടെ കാഠിന്യം നിമിത്തം രോഗാണുബാധ തടയുന്നതിന് ആശുപത്രിയില്‍ മൂന്ന് ദിവസം കിടത്തി ആൻ്റിബയോട്ടിക്ക് ഇഞ്ചക്ഷനുകള്‍ നല്‍കുകയും ചെയ്തു.

പിന്നീട് മുറിവുകളിലെ അണുബാധ കുറഞ്ഞ് തുടങ്ങിയ സാഹചര്യത്തിലാണ് കുട്ടിയെ വീട്ടിലേക്ക് ഡിസ്ചാര്‍ജ് ചെയ്തത്. തുടര്‍ ചികിത്സക്കായി അടുത്ത ആശുപത്രിയെ സമീപിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. വീടിന് അടുത്തുള്ള ആശുപത്രിയില്‍ നിന്നും തുടര്‍ ചികിത്സ ലഭ്യമാക്കുകയും പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിതിട്ടുണ്ട്.

എല്ലായിടത്തും ഒരുപോലെ അംഗീകരിക്കപ്പെട്ടിട്ടുള്ള വിദഗ്ധ ചികിത്സ തന്നെയാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും ലഭ്യമാക്കിയിട്ടുള്ളത്. ശരിയായ ചികിത്സ ലഭ്യമാക്കിയതിനു ശേഷവും കുട്ടിയുടെ ജീവന്‍ നഷ്ടമായത് അത്യന്തം ദൗര്‍ഭാഗ്യകരവും വേദനാജനകവുമാണ്. ചികിത്സാ പിഴവ് ഉണ്ടായെന്ന തരത്തില്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്നും കെജിഎംഒഎ കൂട്ടിച്ചേര്‍ത്തു.

മുഖത്തും കണ്ണിലും കണ്‍പോളകളിലും ഏറ്റ മാരകമായ മുറിവുകളിലൂടെ രോഗാണുക്കള്‍ വളരെ വേഗം തലച്ചോറിലേക്ക് പടര്‍ന്നതാണ് മരണത്തിന് ഇടയാക്കിയത്

വര്‍ദ്ധിച്ചുവരുന്ന പേവിഷബാധയെ പറ്റി സമഗ്രമായ പഠനത്തിന് വിദഗ്ധസമിതിയെ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തെ കെ ജി എം ഒ എ സ്വാഗതം ചെയ്തു. ആശങ്കാജനകമായ സാഹചര്യം തടയുന്നതിന് തദ്ദേശ സ്വയംഭരണ, മൃഗ സംരക്ഷണ വകുപ്പുകളുടെ ശക്തമായ ഇടപെടല്‍ കൂടെയുണ്ടാകേണ്ടത് അനിവാര്യമാണെന്നും കെ ജി എം ഒ എ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് പേവിഷബാധയേറ്റ കുട്ടി കോട്ടയം ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. മരണകാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി കെജിഎംഒഎ രംഗത്തെത്തിയത്.

പേവിഷബാധയേറ്റ് മരിച്ച കുട്ടി
തെരുവുനായകളെ പിടിച്ചുകെട്ടാന്‍ വേണം, സമഗ്രപദ്ധതി
logo
The Fourth
www.thefourthnews.in