കേരളത്തിന് സുപ്രീം കോടതി അനുവദിച്ച തുകയിൽ കിഫ്‌ബി തിരിച്ചടവ് വിഹിതവും ജിഡിപി കണക്കിലെ വ്യത്യാസവും
കേരളത്തിന് അടിയന്തരമായി 13,608 കോടി രൂപ വായ്പയായും കേന്ദ്ര സഹായമായും അനുവദിക്കാനുള്ള സുപ്രീം കോടതിയുടെ വിധി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സംസ്ഥാനത്തിന് ഇടക്കാല ആശ്വാസമേകുന്ന തീരുമാനമാണ്. ഈ തുക നൽകണമെങ്കിൽ സംസ്ഥാനം കേന്ദ്രത്തിനെതിരെ നൽകിയ കേസ് പിൻവലിക്കണമെന്നാണ് കഴിഞ്ഞ മാസം നടന്ന ഉഭയകക്ഷി ചർച്ചയിൽ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്.
ഇതിന് സംസ്ഥാനം തയാറാകാത്തതിനാൽ ഇന്നത്തെ കോടതി നിർദേശത്തിന് മുൻപ് ഈ തുകയിൽ തർക്കമില്ലാത്ത പങ്ക് പോലും നല്കാൻ കേന്ദ്രം തയാറായിരുന്നില്ല. വൈദ്യുതി മേഖലയിൽ കേന്ദ്രം നിർദേശിച്ച പരിഷ്കാരങ്ങൾ നടപ്പാക്കിയ സർക്കാരുകൾക്ക് പ്രത്യേക ധനസഹായത്തിന് അർഹതയുണ്ട്. ഇതനുസരിച്ച് ഈ സാമ്പത്തിക വർഷം കേരളത്തിന് ലഭിക്കേണ്ടത് 4866 കോടി രൂപയാണ്. എന്നാൽ മറ്റു സംസ്ഥാനങ്ങൾക്കെല്ലാം വിതരണം ചെയ്ത ഈ തുക അവസാന മാസമായിട്ടും കേരളത്തിന് നല്കാൻ കേന്ദ്രം തയാറായിട്ടില്ല. കോടതി വിധിയോടെ ഈ തുക കൈമാറാൻ കേന്ദ്രം നിർബന്ധിതമാകും.
കിഫ്ബിയുടെ വായ്പ സംസ്ഥാനത്തിന്റെ കടത്തിനൊപ്പം പെടുത്തിയപ്പോൾ എടുത്ത വായ്പയിൽ കിഫ്ബി ഇതുവരെ തിരിച്ചടച്ച തുക ബാധ്യതയിൽ നിന്ന് കുറവ് ചെയ്യണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേന്ദ്രം ഇതുവരെ അത് അംഗീകരിച്ചില്ല. കഴിഞ്ഞ മൂന്നു വർഷമായി കിഫ്‌ബി തിരിച്ചടച്ച 2543 കോടി രൂപയ്ക്ക് തുല്യമായ തുക ഇനി സംസ്ഥാനത്തിന് അധിക വായ്പയായി എടുക്കാൻ കഴിയും.
സംസ്ഥാനത്തിന്റെ ജിഡിപി കണക്കാക്കുന്നതിൽ കേന്ദ്രത്തിന് വന്ന തെറ്റും സംസ്ഥാനത്തിന്റെ വായ്പാ പരിധി കണക്കാക്കുന്നതിൽ പ്രശ്നമായിട്ടുണ്ട്. ജി എസ് ഡി പിയുടെ മൂന്ന് ശതമാനം വായ്പ എടുക്കാമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം. എന്നാൽ ഇതനുസരിച്ച് കേരളത്തിന് എടുക്കാൻ പറ്റുന്നതിൽ 1877 കോടി രൂപ കുറച്ചാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. ഈ വ്യത്യാസം കൂടെ അനുവദിക്കണം എന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിലും ഇന്നത്തെ ഉത്തരവോടെ തീരുമാനമായി.
ട്രഷറി സേവിങ്സ് ബാങ്കിലെ നിക്ഷേപം വായ്പയുടെ ഭാഗമായി കണക്കാക്കുന്ന രീതി 2017 മുതൽ പരിഷ്കരിച്ചു. ഇതനുസരിച്ച് ജനങ്ങളുടെ നിക്ഷേപം മാത്രമല്ല പല തരത്തിലെ സെക്യൂരിറ്റിയായി ലഭിക്കുന്ന തുകയും പി എഫ് വിഹിതമായി വരുന്ന തുകയുമൊക്കെ പൊതുകടമായി കണക്കാക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. അതിൽ മാറ്റം വേണമെന്നും നിക്ഷേപം അല്ലാത്ത ഇനങ്ങൾ കടത്തിൽ പെടുത്തരുതെന്നുമാണ് സംസ്ഥാനത്തിന്റെ വാദം. ഈ വർഷം ഇങ്ങനെ 3322 കോടി രൂപയാണ് സംസ്ഥാനത്തിന്റെ വായ്പയായി അധികമായി കണക്കാക്കിയിരിക്കുന്നത്. ആ തുകയും സുപ്രീം കോടതി നിർദേശം അനുസരിച്ച് ഈ മാസം തന്നെ സംസ്ഥാനത്തിന് വായ്പയായി കൈപ്പറ്റാൻ കഴിയും.
ഈ നാല് ഇനങ്ങളിലെ തുകകൾ ചേർത്താണ് കേരളം 13608 കോടി രൂപയ്ക്ക് അർഹതയുണ്ടെന്ന് വാദിച്ചതും സുപ്രീം കോടതി ആ തുക നല്കാൻ നിർദേശം നൽകിയതും.
അതേസമയം, കേസുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരിക്കുന്നില്ലെന്നും വിവാദമുണ്ടാക്കരുതെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രതികരിച്ചു. കോടതി നിർദേശം ശുഭകരമായി കാണുന്നു. കോടതി പറഞ്ഞതുപ്രകാരം മുന്നോട്ടുപോകും.
ഹർജി കൊടുക്കാൻ ഭരണഘടനാപരമായി സംസ്ഥാനത്തിന് അധികാരമുണ്ടെന്നു കോടതി പറഞ്ഞു. 13,600 കോടി ഈ വർഷം തന്നെ എടുക്കുന്നതിനു കേസിനുപോയത് തടസ്സമാകരുതെന്നു കോടതി പറഞ്ഞിട്ടുണ്ട്.
സാധാരണഗതിയിൽ ഫെബ്രുവരി,മാർച്ച് മാസം കിട്ടേണ്ട തുകയാണിത്. കുറച്ചു പ്രതിസന്ധിയുണ്ടെന്നു നിങ്ങൾക്ക് അറിയാമല്ലോ. ഈ തുക കിട്ടിയാലും സാമ്പത്തിക പ്രശ്നങ്ങളുണ്ടാകും. എന്നാൽ ശമ്പളവും പെൻഷനും മുടങ്ങില്ല. അതിന് നിയന്ത്രണമില്ലെന്നും ബാലഗോപാൽ പറഞ്ഞു.