കിഫ്ബി മസാല ബോണ്ട്; അന്വേഷണം നിർണായക ഘട്ടത്തിലെന്ന് ഇഡി ഹൈക്കോടതിയിൽ
കിഫ്ബി മസാല ബോണ്ടുകൾ ഇറക്കിയതിൽ വിദേശനാണ്യ വിനിമയ നിയമത്തിന്റെ ലംഘനം സംബന്ധിച്ച അന്വേഷണം നിർണായക ഘട്ടത്തിലാണെന്ന് ഹൈക്കോടതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ സത്യവാങ്മൂലം.
ഫെമ ലംഘനം പരിശോധിക്കാൻ സമൻസ് നൽകിയതിനെ കിഫ്ബി കോടതിയിൽ ചോദ്യം ചെയ്യുന്നത് നിയമം ദുരുപയോഗം ചെയ്യാനാണെന്നും നിർണായക ഘട്ടത്തിലുള്ള അന്വേഷണം തടസപ്പെടുത്തുകയും നിശ്ചലമാക്കുകയുമാണ് ഹർജിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇ ഡി ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
കേസിൽ നിയമപരമായി അധികാരമില്ലാതെയാണ് ഇ ഡി വീണ്ടും സമൻസ് നൽകിയിരിക്കുന്നതെന്നും മസാല ബോണ്ട് ഇറക്കുന്നതിൽ എതിർപ്പില്ലെന്ന് 2018 ജൂണിൽ റിസർവ് ബാങ്ക് കിഫ്ബിയെ അറിയിച്ചിരുന്നതായും കിഫ്ബിയും സിഇഒ കെഎം എബ്രഹാമും നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു.
എന്നാല് കേസിൽ ആർക്കെതിരെയും ആരോപണങ്ങൾ പോലും ഉന്നയിച്ചിട്ടില്ലെന്നും അന്വേഷണം മാത്രമാണ് നടത്തുന്നതെന്നും ഇ ഡിയുടെ സത്യവാങ്മൂലത്തിൽ പറഞ്ഞു. ഇ ഡിയുടെ പരാതിയിൽ അധികൃതർ കാരണം കാണിക്കൽ നോട്ടീസെങ്കിലും നൽകിയാലേ തങ്ങൾക്കെതിരാണെന്ന് കരുതാനെങ്കിലും കഴിയൂ. മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടെന്ന വാദം നിയമപരമായി നിലനിൽക്കില്ലെന്നും ഇ ഡി പറഞ്ഞു.
കിഫ്ബി മസാല ബോണ്ടിറക്കിയതിലും അതിന്റെ ഉപയോഗത്തിലും ഫെമ നിയമം ലംഘിച്ചെന്ന പരാതിയിൽ തെളിവ് രേഖപ്പെടുത്താനാണ് സമൻസ് അയച്ചത്. ഫെമ ലംഘനം കണ്ടെത്തിയാൽ അന്വേഷണ ഉദ്യോഗസ്ഥൻ ബന്ധപ്പെട്ട അതോറിറ്റിക്ക് പരാതി നൽകുകയും നോട്ടീസ് നൽകി ആരോപണങ്ങൾക്ക് മറുപടി നൽകാൻ അവസരം നൽകുകയും ചെയ്യുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സമൻസ് ചോദ്യം ചെയ്ത് കിഫ്ബി നൽകിയ ഹർജി നാളെ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പരിഗണിക്കും.