സച്ചിൻദേവ് വ്യാജ പ്രചരണം നടത്തുന്നുവെന്ന് കെ കെ രമ; കള്ളം പറയരുതെന്ന് എം വി ഗോവിന്ദന്‍
നിയമസഭാ സംഘര്‍ഷത്തില്‍ സച്ചിന്‍ ദേവ് എംഎല്‍എ തനിക്കെതിരെ വ്യാജ പ്രചരണം നടത്തുവെന്ന് കെ കെ രമ. ആരോപണം ഉന്നയിച്ച് സ്പീക്കര്‍ക്കും സൈബര്‍ സെല്ലിനും കെ കെ രമ പരാതി നല്‍കി. കൈ പൊട്ടിയിട്ടില്ല എന്ന പേരില്‍ വ്യാജ പ്രചാരണം നടത്തുന്നുവെന്നും സമൂഹ മാധ്യമങ്ങളില്‍ അപമാനിക്കുന്നുവെന്നുമാണ് പരാതി. സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം പൊട്ടല്‍ ഉള്ളതും ഇല്ലാത്തതും രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും കളവ് പറയുന്നത് ശരിയായ രീതിയല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു.
നിയമസഭയിലെ സംഘര്‍ഷത്തിന് ശേഷം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ പരിശോധിച്ച ശേഷം നിര്‍ദേശപ്രകാരമാണ് കൈക്ക് പ്ലാസ്റ്റര്‍ ഇട്ടത്. അതിന്റെ പേരില്‍ തിനിക്കെതിരെ പല സ്ഥലങ്ങളില്‍ നിന്ന എടുത്ത ചിത്രങ്ങള്‍ സഹിതം വ്യാജപ്രചാരണം നടക്കുകയാണ്. അതിന് ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവ് നേതൃത്വം നല്‍കുന്നു. എന്താണ് തനിക്ക് പറ്റിയതെന്ന് പോലും ചോദിക്കാതെ സമൂഹ മാധ്യമങ്ങളില്‍ അപവാദ പ്രചാരണം നടത്തുകയാണെന്നാണ് കെ കെ രമയുടെ പരാതി. അന്ന് നിയമസഭയിലുണ്ടായ സംഭവത്തെ തെറ്റായി വളച്ചൊടിക്കുകയാണ് സച്ചിന്‍ ദേവ് ചെയ്തതത്. ഒരു സാമാജിക എന്ന നിലയില്‍ തന്റെ വിശ്വസ്യതയെ തകര്‍ക്കാനാണ് ബാലുശേരി എംഎല്‍എയുടെ പ്രവൃത്തിയെന്നും പരാതിയില്‍ പറയുന്നു.
പരുക്കില്ലാതെയാണ് പ്ലാസ്റ്ററിട്ടതെങ്കിൽ ആരോഗ്യവകുപ്പ് മറുപടി പറയണം. ഡോക്ടർക്കെതിരെയും നടപടി സ്വീകരിക്കണം. ചതവുണ്ടെന്ന് പറഞ്ഞാണ് പ്ലാസ്റ്ററിട്ടത്. പൊട്ടലുണ്ടെന്ന് പറഞ്ഞിട്ടില്ല.
കെ കെ രമ
കെ കെ രമയുടെ പരാതിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഒഴിഞ്ഞു മാറാതെ ഉത്തരം നല്‍കുന്നുണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പൊട്ടിയതാണോ പൊട്ടാത്തതാണോ എന്ന് കണ്ടുപിടിക്കാന്‍ ഇന്ന് ആധുനിക സംവിധാനങ്ങളുണ്ട്. കൈക്ക് പൊട്ടലില്ലെന്ന വിവരം പുറത്തുവന്നല്ലോ. പൊട്ടല്‍ ഉള്ളതും ഇല്ലാത്തതും രാഷ്ട്രീയമായി ഉപയോഗിക്കരുതതെന്നും കളളം പറയുന്നത് ശരിയായ രീതിയല്ലെന്നുമായിരുന്നു എം വി ഗോവിന്ദന്റെ മറുപടി. നേതൃത്വത്തിനെതിരെ കോണ്‍ഗ്രസിലും ലീഗിലും ആരംഭിച്ച കലാപം മറച്ചുവയ്ക്കാന്‍ നിയമസഭയ്ക്കകത്തും പുറത്തും യുഡിഎഫ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം സംഭവങ്ങളെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
എന്നാൽ പരുക്കില്ലാതെയാണ് പ്ലാസ്റ്ററിട്ടതെങ്കിൽ ആരോഗ്യവകുപ്പ് മറുപടി പറയണമെന്ന് കെ കെ രമ തിരിച്ചടിച്ചു. ഡോക്ടർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും രമ ആവശ്യപ്പെട്ടു. ചതവുണ്ടെന്ന് പറഞ്ഞാണ് പ്ലാസ്റ്ററിട്ടത്. പൊട്ടലുണ്ടെന്ന് പറഞ്ഞിട്ടില്ല. തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും രമ ആരോപിച്ചു.
കഴിഞ്ഞ മാര്‍ച്ച് 15നാണ് നിയമസഭയില്‍ അസാധാരണ പ്രതിഷേധത്തിന് പ്രതിപക്ഷം നേതൃത്വം നല്‍കിയത്. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സഭ ബഹിഷ്‌ക്കരിച്ച പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍, ടി ജെ സനീഷ് കുമാര്‍, എ കെ എം അഷ്‌റഫ്, കെ കെ രമ, ടി വി ഇബ്രാഹിം എന്നിവര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു. കെ കെ രമയുടെ കൈക്ക് പൊട്ടലുണ്ടായി എന്നായിരുന്നു പിന്നീട് പുറത്തുവന്ന വാര്‍ത്ത. ഇതിന് പിന്നാലെയാണ് രമയെ വിമര്‍ശിച്ചും പരിഹസിച്ചും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ നിറഞ്ഞത്.
സൈബറിടത്തെ ഇടത് പരിഹാസ പ്രതിരോധത്തെ ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ദേവും ഏറ്റെടുക്കുകയായിരുന്നു. സിനിമാ കഥയിലേത് പോലെ ഇടത് കയ്യിലുണ്ടായിരുന്ന പരുക്ക് വലത് കൈയ്യിലേക്ക് മാറിപ്പോകുന്ന സീനുമായി നിയമസഭയില്‍ നടന്ന സംഭവങ്ങള്‍ക്ക് സാദൃശ്യം തോന്നിയെങ്കില്‍ ക്ഷമിക്കണം എന്നായിരുന്നു സച്ചിന്‍ ദേവിന്റെ പരിഹാസം.