യുഡിഎഫ് എല്‍ഡിഎഫിനേക്കാള്‍ വലിയ പുരുഷാധിപത്യ മുന്നണി: കെ കെ രമ

യുഡിഎഫ് എല്‍ഡിഎഫിനേക്കാള്‍ വലിയ പുരുഷാധിപത്യ മുന്നണി: കെ കെ രമ

ടി പി വധക്കേസ് ഗൂഢാലോചനയില്‍ പി ജയരാജൻ, പിണറായി വിജയൻ, എളമരം കരീം എന്നിവർക്ക് പങ്കുണ്ടെന്ന് ആവര്‍ത്തിച്ച് കെ കെ രമ
Updated on
1 min read

യുഡിഎഫിന്റെ സ്ത്രീ പ്രാതിനിധ്യ നിലപാടിനെ വിമർശിച്ച് ആർഎംപി നേതാവും വടകര എംഎൽഎയുമായ കെ കെ രമ. യുഡിഎഫിൽ സ്ത്രീകളുടെ പ്രാതിനിധ്യം വളരെ കുറവാണ്. അതിന് കാരണം കഴിവുള്ള വനിതാ നേതാക്കളുടെ അഭാവമല്ല, മറിച്ച് സ്ത്രീകൾക്ക് യുഡിഎഫ് അവസരം നൽകാത്തതാണെന്നും കെ കെ രമ പറഞ്ഞു. യുഡിഎഫ്, എൽഡിഎഫിനേക്കാൾ വലിയ പുരുഷാധിപത്യ മുന്നണിയാണെന്നും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ കെ കെ രമ തുറന്നടിച്ചു.

കൊലപാതകത്തിന് പദ്ധതിയിട്ടവർ ശിക്ഷിക്കപ്പെട്ടാൽ മാത്രമേ നീതി പൂർണമായി എന്ന് പറയാനാകൂ. പി ജയരാജൻ, പിണറായി വിജയൻ, എളമരം കരീം എന്നിവർക്ക് ഗൂഢാലോചനയിൽ പങ്കുണ്ട്.

കെ കെ രമ

ആർഎംപി പാർട്ടിയുടേത് ബദൽ ഇടതു രാഷ്ട്രീയമാണ്. ആ പ്രത്യയശാസ്ത്രത്തെ ആർക്ക് വേണ്ടിയും മാറ്റി വയ്ക്കില്ലെന്നും ആർഎംപി, യുഡിഎഫിന്റെ ഭാഗമല്ലെന്നും രമ പറഞ്ഞു. ആര്‍എംപിയെ സംബന്ധിച്ചിടത്തോളം മറ്റ് പാർട്ടികളുടെ പിന്തുണയില്ലാതെ നിലനിൽക്കാൻ സാധിക്കില്ല. അതുകൊണ്ടാണ് യുഡിഎഫിനെ പിന്തുണച്ചത്. അതിനെ ചിലർ അവസരവാദമായി കണ്ടേക്കാം. എന്നാൽ ആര്‍എംപി രാഷ്ട്രീയം പ്രായോഗികമാക്കാൻ നിലനിൽപ്പ് അനിവാര്യമാണ്. യു ഡി എഫ് അധികാരത്തിൽ വന്നാലും ആർഎംപി ഒരിക്കലും അവരുടെ ഭാഗമാകില്ല. ഒരു ആര്‍എംപി മന്ത്രി യുഡിഎഫ് സര്‍ക്കാരിലുണ്ടാകില്ല. താനൊരു കമ്മ്യൂണിസ്റ്റുകാരി ആയിട്ടാണ് ജീവിച്ചത്, അങ്ങനെ തന്നെയാകും മരിക്കുന്നതെന്നും രമ പറഞ്ഞു.

കോൺഗ്രസിൽ അധികാരത്തിന് വേണ്ടിയുള്ള ഉൾപാർട്ടി തർക്കങ്ങൾ ഒരുപാട് നടക്കുന്നുണ്ട്. എല്ലാവർക്കും ഉയർന്ന പദവിയിലെത്താനാണ് മോഹം. നിയമസഭയ്ക്ക് പുറത്ത് കോൺഗ്രസ് ദുർബലമാണ്. കോൺഗ്രസ് കൃത്യമായി പ്രവർത്തിച്ചില്ലെങ്കിൽ അടുത്ത തവണയും എൽഡിഎഫ് തന്നെ അധികാരത്തിൽ വരുമെന്നും രമ പറഞ്ഞു.

പി ജയരാജൻ, പിണറായി വിജയൻ, എളമരം കരീം എന്നിവർക്ക് ഗൂഢാലോചനയിൽ പങ്കുണ്ട്. കൊല്ലപ്പെട്ടതിന് ശേഷവും ടി പി ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് പിണറായി വിളിച്ചത് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന സംശയം ശരിവയ്ക്കുന്നതായിരുന്നു.

ടി പി ചന്ദ്രശേഖരന് ഇന്നും ഒരു പരിധി വരെ മാത്രമെ നീതി ലഭിച്ചിട്ടുള്ളൂവെന്ന് കെ കെ രമ പറയുന്നു. യഥാര്‍ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാത്തതില്‍ വേദനയുണ്ട്. കൊലപാതകത്തിന് പദ്ധതിയിട്ടവർ ശിക്ഷിക്കപ്പെട്ടാൽ മാത്രമേ നീതി പൂർണമായി എന്ന് പറയാനാകൂ. സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വം അറിഞ്ഞുകൊണ്ട് നടന്ന കൊലപാതകമാണ്. അല്ലെങ്കിൽ പിന്നെ കണ്ണൂരുള്ള കുഞ്ഞനന്തൻ എങ്ങനെയാണ് ഗൂഢാലോചനയുടെ ഭാഗമാകുന്നത്? പി ജയരാജൻ, പിണറായി വിജയൻ, എളമരം കരീം എന്നിവർക്ക് ഗൂഢാലോചനയിൽ പങ്കുണ്ട്. കൊല്ലപ്പെട്ടതിന് ശേഷവും ടി പി ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് പിണറായി വിളിച്ചത് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന സംശയം ശരിവയ്ക്കുന്നതായിരുന്നു. സിപിഎമ്മിലെ വിഭാഗീയതയുടെ കാലത്ത് വി എസ് അച്യുതാനന്ദന്റെ പക്ഷം ചേർന്നതാണ് ടി പിയെ പലർക്കും അനഭിമതനാക്കിയത്. മറ്റ് പലരും വി എസ് പക്ഷം ചേർന്നെങ്കിലും പാർട്ടി വിട്ട ശേഷം മറ്റൊരു സംഘടനാ രൂപീകരിച്ച് സിപിഎമ്മിനെ വെല്ലുവിളിച്ചതാണ് അവരെ ചൊടിപ്പിച്ചത്. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ കാര്യങ്ങൾ മറ്റൊരു വിധമാകുമായിരുന്നുവെന്നും രമ അഭിമുഖത്തില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in