കെ എം ബഷീറിന്റെ കൊലപാതകം: പ്രതികൾക്കെതിരായ കൊലക്കുറ്റമല്ലാത്ത നരഹത്യാവകുപ്പ് ഒഴിവാക്കി
മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ കൊലപാതകത്തില്‍ പ്രതികൾക്കെതിരായ കൊലക്കുറ്റമല്ലാത്ത നരഹത്യാവകുപ്പ് ഒഴിവാക്കി. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. ശ്രീറാം വെങ്കിട്ടരാമനെതിരെ ഇനി വാഹനാപകട കേസിൽ മാത്രമാണ് വിചാരണ നടക്കുക. ശ്രീറാമിനെതിരെ 304(2) വകുപ്പ് പ്രകാരം കൊലപാതകമല്ലാത്ത നരഹത്യ ഒഴിവാക്കി, 304(a) വകുപ്പ് പ്രകാരം അശ്രദ്ധമായി ഉണ്ടായ നരഹത്യ നിലനിർത്തി.
വഫാ ഫിറോസിനെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകളില്‍ മോട്ടോർ വാഹന നിയമപ്രകാരമുള്ള വകുപ്പുകൾ മാത്രമേ നിലനില്‍ക്കുകയുള്ളൂ. പ്രതികളുടെ വിടുതൽ ഹർജിയിലാണ് കോടതി ഉത്തരവ്.
ശ്രീറാമിനെതിരെ അലക്ഷ്യമായി വാഹനമോടിച്ചതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനുമുള്ള കേസ് നിലനിൽക്കും. വാഹനാപകട കേസിൽ മാത്രമാണ് പ്രതികൾ ഇനി വിചാരണ നേരിടേണ്ടത്. കേസിന്റെ വിചാരണ മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റി. നവംബർ 20ന് പ്രതികൾ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകണം.
മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ലെന്നും സാധാരണ അപകടമെന്ന നിലയിലുള്ള കേസ് മാത്രമേ നിലനില്‍ക്കൂ എന്നുമായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ ഹർജിയിലെ വാദം. ശ്രീറാമിന്റെ ശരീരത്തില്‍ നിന്ന് കെ എം ബഷീറിന്റെ രക്ത സാമ്പിളുകള്‍ ലഭിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. താൻ നിരപരാധിയാണെന്നും കേസിൽ നിന്ന് ഒഴിവാക്കമെന്നുമായിരുന്നു ഹർജിയിൽ വഫയുടെ വാദം.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് മ്യൂസിയത്തിന് സമീപം വെച്ച് കെ എം ബഷീർ വാഹനമിടിച്ച് മരിക്കുന്നത്. 2020 ഫെബ്രുവരി മൂന്നിനാണ് പ്രത്യേക അന്വേഷണസംഘം ശ്രീറാം വെങ്കിട്ടരാമനെയും വഫാ ഫിറോസിനെയും പ്രതികളാക്കി കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്. വഫയുടെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം. 100 കിലോമീറ്ററിലേറെ വേഗതയിലാണ് വാഹനം ഓടിച്ചിരുന്നതെന്ന് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ട്.