ശ്വാസം കിട്ടാതെ മെഡിസെപ്; മുട്ട്, ഇടുപ്പെല്ല് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാക്കി
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് സാമ്പത്തിക പ്രതിസന്ധിയില്‍. മൂന്ന് വര്‍ഷത്തേക്കായി മാറ്റി വച്ച തുക, പദ്ധതി ആരംഭിച്ച് എട്ട് മാസം കൊണ്ട് തീര്‍ന്നതോടെ മുട്ട്, ഇടുപ്പെല്ല് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമായി പരിമിതപ്പെടുത്തി.
പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയ തുകയില്‍ ഭൂരിഭാഗവും മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി ചെലവഴിക്കേണ്ടി വന്നപ്പോള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് പണമില്ലാത്ത അവസ്ഥയായി. വൃക്ക, കരള്‍ മാറ്റിവയ്ക്കല്‍, ഹൃദയ ശസ്ത്രക്രിയ, മജ്ജ മാറ്റിവയ്ക്കല്‍, കാല്‍മുട്ട്, ഇടുപ്പ് മാറ്റിവയ്ക്കല്‍ തുടങ്ങിയ ചെലവേറിയ നടപടിക്രമങ്ങള്‍ക്കായി 35 കോടി പദ്ധതിയില്‍ വകയിരുത്തിയിരുന്നു. മൂന്ന് വര്‍ഷത്തേക്ക് ഈ തുക വിനിയോഗിക്കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ആരംഭിച്ച് എട്ട് മാസം കൊണ്ട് തന്നെ അനുവദിച്ച തുക തീര്‍ന്നു.
മുട്ട് മാറ്റിവയ്ക്കലിനായി മാത്രം 30 കോടിയിലധികം രൂപ ചെലവഴിക്കേണ്ടിവന്നു. 1575 പേരാണ് മുട്ടുമാറ്റിവയ്ക്കലിനായുള്ള സഹായം കൈപ്പറ്റിയത്. ഇതോടെയാണ് മെഡിസെപ്പ് വഴിയുള്ള മുട്ട്, ഇടുപ്പെല്ല് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമായി പരിമിതപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ശസ്ത്രക്രിയയ്ക്കായി സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയും വേണം. മെഡിസെപ് രോഗികള്‍ കൂടി സര്‍ക്കാര്‍ ആശുപത്രികളിലേക്കെത്തുന്നത് ശസ്ത്രക്രിയകള്‍ വൈകാന്‍ കാരണമാകുമെന്ന ആശങ്കയുമുണ്ട്. ഗുരുതര രോഗങ്ങള്‍ക്കായി മാറ്റിവെച്ച കോര്‍പസ് ഫണ്ടില്‍ നിന്നും മൂന്ന് കോടി രൂപ മാത്രമാകും ഇനി പ്രതിമാസം ചെലവഴിക്കുക.
കരള്‍ മാറ്റിവയ്ക്കലിന് 39 പേര്‍ക്കായി 3.69 കോടി രൂപയും ഇടുപ്പ് മാറ്റിവയ്ക്കലിനുള്ള 114 ക്ലെയിമുകള്‍ക്കായി 2.02 കോടി രൂപയുമാണ് ചെലവഴിച്ചത്.
പദ്ധതിയെക്കുറിച്ച് നേരത്തേ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. ആശുപത്രികളില്‍ നിന്നും നല്‍കുന്ന ബില്‍ തുക ക്ലെയിം ചെയ്ത് നല്‍കാന്‍ കാലതാമസമുണ്ടാകുന്നുവെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍ പരാതിപ്പെട്ടിരുന്നു. ആയുര്‍വേദ ചികിത്സ ലഭ്യമാകില്ലെന്നതും, കാസര്‍ഗോഡ്, ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലെ സ്വകാര്യ ആശുപത്രികളില്‍ മെഡിസെപ് ലഭിക്കാത്തതും പരാതികള്‍ക്ക് വഴിവച്ചിരുന്നു.