സോണ്ടയുമായുള്ള കരാർ റദ്ദാക്കാൻ കൊച്ചി കോർപ്പറേഷൻ; കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്താനും തീരുമാനം

സോണ്ടയുമായുള്ള കരാർ റദ്ദാക്കാൻ കൊച്ചി കോർപ്പറേഷൻ; കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്താനും തീരുമാനം

മാലിന്യ സംസ്കരണത്തിന് മൂന്ന് കമ്പനികൾക്ക് കരാർ നൽകുമെന്ന് കൊച്ചി കോർപറേഷൻ
Updated on
1 min read

കൊച്ചിയിലെ മാലിന്യ സംസ്കരണത്തിനായി സോണ്ടയുമായുണ്ടായിരുന്ന കരാർ റദ്ദാക്കുമെന്ന് കൊച്ചി കോർപ്പറേഷൻ. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ കരാറിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് നടപടി. ബയോമൈനിങ്ങിൽ വീഴ്ച വരുത്തിയെന്നു കാണിച്ചു കോർപ്പറേഷൻ നൽകിയ നോട്ടിസിനു സോണ്ട ഇന്‍ഫ്രാടെക് നൽകിയ മറുപടി തൃപ്തികരമല്ലെന്നു കാണിച്ചാണു നടപടി. ഇന്ന് നടന്ന കോർപറേഷൻ കൗൺസിലിലാണ് തീരുമാനം.അതിനിടെ കോർപ്പറേഷന്റെ നടപടിയിൽ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. വ്യഴാഴ്ച മുതൽ മാലിന്യം എവിടെ കൊണ്ടുപോകുമെന്നും പ്രതിപക്ഷം ചോദിച്ചു. മാലിന്യ സംസ്കരണത്തിന് മൂന്ന് കമ്പനികൾക്ക് കരാർ നൽകുമെന്നും അനാവശ്യ വിവാദമുണ്ടാക്കരുതെന്നും കൊച്ചി മേയർ വ്യക്തമാക്കി.

കൂടാതെ സോണ്ടയെ കരിമ്പട്ടികയിൽപ്പെടുത്താനും തീരുമാനിച്ചു. ബയോമൈനിങ് നടത്താനായി പുതിയ ടെൻഡർ വിളിക്കാനും അതിനാവശ്യമായ തുക സോണ്ടയിൽ നിന്നും ഈടാക്കാനും കൗൺസിൽ യോഗം തീരുമാനിച്ചു. സോണ്ടയുമായി കോടതിയിൽ നിലവിലുള്ള കേസുകൾ കൈകാര്യം ചെയ്യാൻ സെക്രട്ടറിയെ കോർപ്പറേഷൻ കൗൺസിൽ ചുമതലപ്പെടുത്തി

മാർച്ച് 2 നായിരുന്നു ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ ആദ്യത്തെ തീപിടിത്തം ഉണ്ടായത്. മാലിന്യത്തില്‍ നിന്നുണ്ടായ മീഥേന്‍ വാതകവും അന്തരീക്ഷത്തിലെ ഉയർന്ന ചൂടുമാണ് തീപിടിത്തത്തിന് കാരണം. ബ്രഹ്‌മപുരത്തെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തില്‍ പങ്കില്ലെന്നും സോണ്ട ഇന്‍ഫ്രാടെക് വ്യക്തമാക്കിയിരുന്നു. കരാര്‍ പ്രകാരം ബയോ മൈനിങും ക്യാപ്പിങ് സംവിധാനം വഴി പഴയ മാലിന്യങ്ങളുടെ സംസ്‌കരണവും മാത്രമാണ് ചെയ്യുന്നതെന്നും കമ്പനി വിശദമാക്കി. ഇതിനിടെ തീപിടിത്തത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴ ചുമത്തിയിരുന്നു. എന്നാൽ മാർച്ച് 26ന് മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടിത്തം ഉണ്ടാവുകയായിരുന്നു.

logo
The Fourth
www.thefourthnews.in