കൊച്ചി ലഹരിമരുന്നുകേസ്: അന്വേഷണം സിനിമാ താരങ്ങളിലേക്കും, ശ്രീനാഥ് ഭാസിയെയും പ്രയാഗയെയും ചോദ്യം ചെയ്യും
കൊച്ചിയിലെ നക്ഷത്രഹോട്ടലില്‍ നിന്ന് കൊക്കെയ്ന്‍ അടക്കമുള്ള ലഹരിമരുന്ന് പിടിച്ച കേസില്‍ പോലീസ് അന്വേഷണം സിനിമാ താരങ്ങളിലേക്കും. മരടിലെ നക്ഷത്രഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ ലഹരിമരുന്നുമായി കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശും കൂട്ടാളി ഷിഹാസും കഴിഞ്ഞ ദിവസമാണ് കൊച്ചി പോലീസിന്റെ കസ്റ്റഡിയിലായത്. ഇവര്‍ ഡിജെ പാര്‍ട്ടികളില്‍ വില്‍ക്കാന്‍ എത്തിച്ചതാണ് ലഹരി മരുന്ന് എന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്.
ഹോട്ടലില്‍ മൂന്നു മുറികള്‍ ബുക്ക് ചെയ്തായിരുന്നു ഇവര്‍ തങ്ങിയിരുന്നത്. ഇവരുടെ മുറിയില്‍ പ്രശസ്ത സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരടക്കം ഇരുപതോളം പേര്‍ സന്ദര്‍ശനത്തിനായി എത്തിയിരുന്നെന്നും പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും സിനിമാ താരങ്ങളടക്കം ഓംപ്രകാശിനെ സന്ദര്‍ശിച്ച ഇരുപതുപേരെയും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
വ്യവസായി പോള്‍ മുത്തൂറ്റ് വധക്കേസിലടക്കം മുപ്പതിലേറെ കേസുകളിലെ പ്രതിയാണ് ഓംപ്രകാശ്. ഇയാളും കൂട്ടാളിയും നാലു ദിവസം മുമ്പാണ് കൊച്ചി മരടിലെ നക്ഷത്ര ഹോട്ടലില്‍ മുറിയെടുത്തത്. വ്യാജ പേരുകളിലാണ് മുറി ബുക്ക് ചെയ്തിരുന്നത്. ലഹരി ഇടപാട് നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഹോട്ടലില്‍ റെയ്ഡ് നടത്തിയത്.
റെയ്ഡില്‍ ഇവരുടെ മുറിയില്‍ നിന്നു കൊക്കെയ്ന്‍ അടക്കമുള്ള ലഹരി പദാര്‍ഥങ്ങളുഗ എട്ട് ലിറ്ററോളം വിദേശമദ്യവും പോലീസ് പിടിച്ചെടുത്തു. ഇവര്‍ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നോ എന്നത് വ്യക്തമാക്കാന്‍ ഇരുവരെയും രക്തപരിശോധനയ്ക്കു വിധേയമാക്കുമെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ലോകപ്രശസ്ത സംഗീതജ്ഞന്‍ അലന്‍ വോക്കറുടെ ഡിജെ ഷോ ഇന്നലെയാണ് കൊച്ചിയില്‍ നടന്നത്. ഈ പരിപാടിക്കെത്തുന്നവരെ ലക്ഷ്യമിട്ടാണ് ഓപ്രകാശും കൂട്ടാളിയും ലഹരിമരുന്നുകളുമായി കൊച്ചിയില്‍ എത്തിയതെന്നാണ് പോലീസ് നിഗമനം. ഇക്കാര്യം സ്ഥിരീകരിക്കാനായി പരിപാടിയുടെ വീഡിയോ ദൃശ്യങ്ങളും മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കാനുള്ള നടപടികള്‍ പോലീസ് തുടങ്ങിയിട്ടുണ്ട്. ബോള്‍ഗാട്ടിയില്‍ നടന്ന പരിപാടിയില്‍ ആറായിരത്തിലേറെ പേരാണ് പങ്കെടുത്തത്.