ഭക്ഷ്യവിഷബാധ മരണം: രാഹുലിന്റെ രക്തത്തിൽ സാൽമോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി
ഭക്ഷ്യവിഷബാധയേറ്റ് കൊച്ചി കാക്കനാട് മരിച്ച കോട്ടയം സ്വദേശി രാഹുലിന്റെ രക്തത്തിൽ സാൽമോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഏത് ഭക്ഷണത്തിൽനിന്നാണ് ബാക്ടീരിയ ഉള്ളിലെത്തിയതെന്ന് വ്യക്തമായിട്ടില്ല.
ചികിത്സയിലിരിക്കെ മരിച്ച രാഹുലിന്റെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം വൈകാതെ ലഭിക്കും. കാക്കനാടുള്ള ലെ ഹയാത്ത് ഹോട്ടലിനിന്ന് വാങ്ങിക്കഴിച്ച ഷവർമയാണ് ഭക്ഷ്യബാധയ്ക്ക് കാരണമായതെന്നാണ് രാഹുലിന്റെ ബന്ധുക്കളുടെ ആരോപണം.
കൊച്ചിൻ സ്‌പെഷ്യൽ ഇക്കണോമിക് സോണിലെ (സിഎസ്ഇസെഡ്) ജീവനക്കാരനായിരുന്ന രാഹുൽ ദേഹാസ്വാസ്ഥ്യം മൂലം കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഭക്ഷ്യവിഷബാധയെത്തുടർന്ന് പത്തോളം പേർ ചികിത്സ തേടിയതായി രാഹുലിന്റെ മരണത്തിന് പിന്നാലെ തൃക്കാക്കര നഗരസഭ മെഡിക്കൽ ഓഫീസർ ഡി എ ഒയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു.
ഒക്ടോബർ 21ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ രാഹുലിന് ഹൃദയാഘാതമുണ്ടായതായി മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. തുടർന്ന് വെന്റിലേറ്ററിലായിരുന്നു. ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് രാഹുലിനെ ചികിത്സിച്ചതെന്നും അധികൃതർ അറിയിച്ചു.
ലെ ഹയാത്ത് ഹോട്ടലിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന രാഹുൽ 18ന് പാഴ്‌സലായി ഷവർമ വാങ്ങി കഴിച്ചതോടെയാണ് അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങിയത്. പിറ്റേന്ന് രാവിലെയായപ്പോഴേക്കും വയറുവേദനയും ഛർദിയുമുണ്ടായി. മെഡിക്കൽ ബുള്ളറ്റിൻ അനുസരിച്ച് 21ന് ആശുപത്രിയിലെത്തിയ രാഹുലിന് ഹൃദയാഘാതം ഉണ്ടായി. അതേത്തുടർന്നാണ് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്.
വിഷയം ശ്രദ്ധയിൽപ്പെട്ടതിനേത്തുടർന്ന് മാവേലിപുരത്തെ ഹോട്ടൽ തൃക്കാക്കര നഗരസഭ ഹോട്ടൽ അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി ഭക്ഷ്യസാമ്പികളുകൾ ശേഖരിച്ചിട്ടുണ്ട്. പരിശോധനാ റിപ്പോർട്ട് വന്നശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.