കാർണിവലിനായി കൊച്ചിയൊരുങ്ങി; വിവാദം ഉണ്ടാക്കുന്ന ഫ്ലോട്ടുകൾ ഘോഷയാത്രയിൽ അനുവദിക്കില്ല
കൊച്ചി കാർണിവലിന്റെ ഭാഗമായി നഗരസഭയുടേയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ സ്ക്വാഡ് പരിശോധന കർശനമാക്കി. കാർണിവൽ ദിനത്തിൽ പാപ്പാഞ്ഞിയെ കത്തിക്കുന്നതിനായി യാതൊരു സ്ഫോടക വസ്തുക്കളും അനുവദിക്കില്ല. അത്തരത്തിലുള്ള വസ്തുക്കൾ ഉപയോഗിക്കുന്നതിന് ജില്ലാ കളക്ടറുടെ ലൈസൻസ് വാങ്ങണം. വിവാദം ഉണ്ടാക്കുന്ന ഫ്ലോട്ടുകൾ ഘോഷയാത്രയിൽ അനുവദിക്കില്ല. പുതിയ പെട്ടിക്കടകൾ സ്ഥാപിക്കുന്നത് അനുവദിക്കില്ല, ഫുട് പാത്തിലുള്ള കടകൾ അടിയന്തരമായി നീക്കം ചെയ്യണം എന്നിവയാണ് മറ്റ് നിർദേശങ്ങൾ. സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ കെഎസ്ഇബിക്ക് നിർദേശം നൽകി.
റോഡിലുള്ള നിർമാണ വസ്തുക്കളും മണ്ണും അടിയന്തരമായി നീക്കം ചെയ്യുന്നതോടൊപ്പം കാനകളുടെ നിർമാണവും പൂർത്തിയാക്കാൻ നിർദേശമുണ്ട്.റോഡുകളിലൂടെ വാഹനങ്ങൾക്ക് തടസ്സങ്ങൾ ഇല്ലാതെ സുഗമമായി സഞ്ചരിക്കാനാകണം.കേടായ സിസിടിവികൾ ശരിയാക്കുന്നതിനും പ്രവർത്തിക്കാത്ത ലൈറ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനും ചുമതല നൽകിയിട്ടുണ്ട്. കാർണിവൽ പ്രദേശത്ത് വിൽക്കുന്ന ആഹാരസാധനങ്ങളുടെ ഗുണനിലവാരം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധിക്കും. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ പ്രശ്നബാധിത ഹോട്ടലുകളും ബാറുകളും കേന്ദ്രീകരിച്ച് പരിശോധനയും നടത്തും. അനധികൃതമായി ലഹരി വസ്തുക്കൾ കൈവശംവെയ്ക്കുകയോ വിൽക്കുകയോ ചെയ്യുന്നത് തടയാനാണ് പരിശോധന.
പാതയോരത്ത് വർഷങ്ങളായി കിടക്കുന്ന കേടായ വാഹനങ്ങൾ നീക്കം ചെയ്യുന്നതിനും ഗതാഗതം നിരോധിച്ച റോഡുകളിൽ നിന്നും വാഹനങ്ങൾ മാറ്റുന്നതിനും റിക്കവറി വാഹനം ഏർപ്പെടുത്താൻ മോട്ടോർ വാഹന വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് നഗരസഭ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളെ സംബന്ധിച്ച മുൻകരുതൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും ഫോർട്ട് കൊച്ചിയിൽ നിന്ന് ബോൾഗാട്ടിയിലേക്കും വൈപ്പിനിലേക്കും ജനുവരി ഒന്ന് രാത്രി വരെ റോ റോ സർവീസ് ഏർപ്പെടുത്തും. ഈ ദിവസങ്ങളിൽ വൈകിട്ട് ആറു മുതൽ രാവിലെ ആറു വരെ റോ റോ സർവീസിൽ വാഹനങ്ങൾ അനുവദിക്കില്ല. പോലീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനത്തിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തും.
ഫോർട്ട്കൊച്ചി പ്രദേശത്ത് റോഡുകളുടെ വശങ്ങളിൽ പാർക്കിംഗ് അനുവദിക്കില്ല. പാർക്കിങ്ങിനായി നിയോഗിച്ചിരിക്കുന്ന സ്ഥലങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. വൈപ്പിൻ ഭാഗത്ത് കാള മുക്ക് ജങ്ഷന് കിഴക്ക് ബോട്ട് ജെട്ടിയിലേക്കുള്ള വഴിയിൽ ഗതാഗതം അനുവദിക്കില്ല.