ബ്രഹ്മപുരം വിഷയത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ പരിഹാരത്തിന് ശ്രമമെന്ന് കളക്ടർ;എട്ടാം ദിവസവും തീ അണയ്ക്കാനായില്ല
എട്ടാം ദിനവും കൊച്ചിക്ക് ശ്വസിക്കാനാകാത്ത വിധം വിഷപ്പുക പടരുന്നു. ആരോഗ്യ പ്രശ്നത്തെ തുടര്‍ന്ന് നിരവധിപേരാണ് ഇന്നും ചികിത്സ തേടിയെത്തിയത് .ചുമതലയേറ്റെടുത്തതിന് പിന്നാലെ പുതിയ കളക്ടർ എന്‍ എസ് കെ ഉമേഷ് ബ്രഹ്‌മപുരം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. വിഷയത്തില്‍ ദീര്‍ഘകാല പരിഹാരം കാണാനാണ് ശ്രമമെന്ന് കളക്ടര്‍ വ്യക്തമാക്കി.
ആരോഗ്യ പ്രശ്നത്തെ തുടര്‍ന്ന് നിരവധിപേരാണ് ഇന്നും ചികിത്സ തേടിയെത്തിയത്
പൂര്‍ണമായും തീയണയ്ക്കാനാകുമെന്നായിരുന്നു ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തിലെ ധാരണ . 52 മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് തീയണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കൊടുംവേനലും ചൂടും പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ വീണ്ടും തീ പടരാന്‍ ഇടയാക്കുന്നു . ഇന്ന് വൈകുന്നേരത്തിനുള്ളിലും തീ മുഴുവനായി ശമിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍ . തീ അണയ്ക്കാനുള്ള മാര്‍ഗങ്ങള്‍ കൂടുതൽ കാര്യക്ഷമമാക്കുമെന്നും ഭാവിയില്‍ ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി പി രാജീവ് പ്രതികരിച്ചു.
കൊടും വേനലും ചൂടും പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്‍ വീണ്ടും തീ പടര്‍ത്തുകയാണ്
ഒരാഴ്ചയായി തുടരുന്ന ബ്രഹ്മപുരം മാലിന്യം വിഷയത്തിൽ വിശദീകരണവുമായി കൊച്ചി മേയർ എം അനിൽ കുമാറും രംഗത്തെത്തി. നിലവിലെ ആംബുലൻസിന് പുറമെ അധികമായി ഒരു പ്രൈവറ്റ് ആംബുലൻസ് കൂടി സജ്ജമാക്കുമെന്നും കാറ്റിൻ്റെ ഗതി അനുസരിച്ചുളള കാര്യങ്ങളെക്കുറിച്ച് വായു മലിനീകരണ നിയന്ത്രണ ബോർഡിനോട് പഠിക്കാൻ കളക്ടർ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പ്രളയകാലത്ത് മത്സ്യത്തൊഴിലാളികൾ പണിയെടുത്തതുപോലെയാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പണിയെടുക്കുന്നതെന്നും അവർക്ക് പരിപൂർണമായ പിന്തുണ സമൂഹം കൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. . വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കൊച്ചി നിവാസികള്‍ മുന്‍ കരുതല്‍ സ്വീകരിക്കേണ്ട ആവശ്യകതയും മേയര്‍ ചൂണ്ടിക്കാട്ടി .
എറണാകുളം ജില്ലയിലെ വായു മലിനീകരണത്തിൻ്റെ തോത് ഉയർന്ന സാഹചര്യത്തില്‍ പലയാളുകളുകള്‍ക്കും ചുമ, ശ്വാസം എടുക്കുന്നതില്‍ ബുദ്ധിമുട്ട്, തലവേദന ,തലക്കറക്കം ,കണ്ണിന് അസ്വസ്ഥത , ചൊറിച്ചില്‍ എന്നിവ അനുഭവപ്പെടുന്നുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഹൃദ്രോഗങ്ങളോ ഉള്ള ആളുകൾ, കുട്ടികള്‍, പ്രായം കൂടിയിവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് വായു മലിനീകരണം മൂലം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഉള്ള സാധ്യത കൂടുതലാണ് . ഈ സാഹചര്യത്തില്‍ വിഷപ്പുകയെ അതിജീവിക്കാനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങളും ആരോഗ്യ വകുപ്പ് പുറത്തിറക്കി.
മാര്‍ഗ നിര്‍ദേശങ്ങള്‍
അനാവശ്യമായി പുറത്ത് ഇറങ്ങുന്നത് ഒഴിവാക്കുക.
കെട്ടിടങ്ങളുടെ വാതിലുകളും ജനലുകളും തുറന്നിടുന്നത് ഒഴിവാക്കുക.
വീടിനു പുറത്തുള്ള മറ്റ് പ്രവർത്തനങ്ങൾ ഒഴിവാക്കുക
അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുക.
പുറത്തിറങ്ങേണ്ട സാഹചര്യത്തില്‍ N95 മാസ്ക് ധരിക്കാന്‍ ശ്രദ്ധിക്കുക
വായു മലിനീകരണത്തിൻ്റെ തോത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിറകടുപ്പ് ഉപയോഗിക്കാതിരിക്കുക
കെട്ടിടങ്ങളിലേയും വാഹനങ്ങളിലേയും എയർ കണ്ടീഷണറുകള്‍ പുറത്തെ മലിനമായ വായുവുമായുള്ള സമ്പർക്കം ഒഴിവാക്കാൻ "റീ സർക്കുലേറ്റ്" മോഡ് ഉപയോഗിക്കുക.
വായു മലീനീകരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സിഗരറ്റ്, ബീഡി, മറ്റ് അനുബന്ധ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുക
ധാരാളം പഴങ്ങൾ കഴിക്കാനും ഇടയ്ക്കിടെ വെള്ളം കുടിക്കാനും ശ്രദ്ധിക്കുക
ആഹാര സാധനങ്ങള്‍ മൂടി വെച്ച് സൂക്ഷിക്കുന്നതിനോടൊപ്പം ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് കൈയ്യും വായും മുഖവും വൃത്തിയായി കഴുകാനും ശ്രദ്ധിക്കുക
ശ്വാസ സംബന്ധമായ അസുഖങ്ങള്‍ക്ക് നിത്യേന കഴിക്കുന്ന മരുന്നുകള്‍ മുടങ്ങാതെ കഴിക്കുക
ഇൻഹേലര്‍, ഗുളികകള്‍ എന്നിവ ലഭ്യമാകുന്ന അകലത്തില്‍ സൂക്ഷിക്കുക.
ഗർഭിണികൾ, കൊച്ചുകുട്ടികൾ, പ്രായമായവർ എന്നിവരും മറ്റ് അസുഖമുളളവരും പരമാവധി പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക
ശ്വാസതടസ്സം, ചുമ, നെഞ്ചിലുണ്ടാകുന്ന അസ്വസ്ഥത / വേദന, തലകറക്കം, തലവേദന, മുതലായവ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടുക
സംശയനിവാരണത്തിനായി ബന്ധപ്പെടേണ്ട കൺട്രോൾ റൂം നമ്പറുകള്‍:
8075774769
0484 2360802