കൊച്ചി മെട്രോ രണ്ടാംഘട്ടവും ട്രാക്കിലേയ്ക്ക്
കെഎംആര്‍എല്ലിന്റെയും കേരള സര്‍ക്കാരിന്റെയും കാത്തിരിപ്പിന് വിരാമം. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്രമന്ത്രിസഭയോഗം അനുമതി നല്‍കി.
നഗരത്തില്‍ നിന്ന് ഐ ടി ഹബ്ബിലേക്ക്
കൊച്ചിയുടെ ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമായിരുന്നു കൊച്ചി മെട്രോയുടെ വരവ്. പദ്ധതിയുടെ ഒന്നാംഘട്ടം കൊച്ചി നഗരത്തിലൂടെയായി. രണ്ടാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഐ ടി ഹബ്ബായ കാക്കനാട് ഇൻഫോപാർക്ക് വരെ പദ്ധതി നീളുകയാണ്. കലൂർ സ്റ്റേഡിയത്ത് നിന്നും പാലാരിവട്ടം സിവിൽ ലൈൻ റോഡിലൂടെ ബൈപാസ് കടന്നാണ് മെട്രോ ഓടുക. ആലിൻചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ എന്നിവിടങ്ങളിലും മെട്രോ എത്തും. ലിങ്ക് റോഡിലൂടെ സീപോർട്ട്-എയർപോർട്ട് റോഡ് വഴി ഈച്ചമുക്ക്, ചിത്തേറ്റുകര, ഐ.ടി. റോഡ് വഴി ഇൻഫോപാർക്ക് വരെ പാത നീളുകയും ചെയ്യും.
രണ്ടാം ഘട്ടത്തിന് കേന്ദ്രാനുമതി ലഭിച്ചതോടെ കലൂർ മുതൽ കാക്കനാട് വരെയുളള പാതയിൽ മുടങ്ങി കിടക്കുന്ന സ്ഥലമേറ്റെടുപ്പും വൈകാതെ തുടങ്ങും. ഭൂമി ഏറ്റെടുക്കാനുളള പണമില്ലാത്തതിനാൽ സ്ഥലമേറ്റെടുപ്പും വൈകിയിരുന്നു. കാക്കനാട് ,ഇടപ്പള്ളി സൗത്ത് വില്ലേജിലെ 2.51 ഭൂമിയാണ് ജില്ലാ ഭരണകൂടം ഏറ്റെടുത്ത് കെഎംആര്‍എല്ലിന് കൈമാറിയത്. 226 ഭൂഉടമകൾക്കായി 132 കോടി രൂപയാണ് ഇതിനായി നല്‍കി. പൂണിത്തുറ,വാഴക്കാല വില്ലേജുകളിലെ സ്ഥലമേറ്റെടുക്കലാണ് ഇനി ആരംഭിക്കാനുള്ളത്. കൂടാതെ കടയുടമകൾക്കും, വാടകക്കാർക്കുമുളള പുനരധിവാസ പാക്കേജും നടപ്പിലാക്കേണ്ടതുണ്ട്. രണ്ടാം ഘട്ടത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി സീപോർട്ട് – എയർപോർട്ട് റോഡിന്റെ വീതി കൂട്ടി വരികയാണ്. പദ്ധതി പൂർത്തിയാകുന്നതോടെ കൊച്ചി നഗരത്തിലെ തിരക്ക് ഇനിയും കുറയുമെന്നാണ് പ്രതീക്ഷ.
കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം ലാഭകരമാകാത്ത അവസ്ഥയാണുള്ളത്. പ്രതിദിനം ഒരു കോടി രൂപയുടെ നഷ്ടമാണ് നേരിടുന്നത്. അരലക്ഷത്തിലധികം ജീവനക്കാരുള്ള ഇൻഫോപാർക്കിലേയ്ക്ക് മെട്രോ എത്തുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കൊച്ചി മെട്രോയുടെ ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഡിഎംആര്‍സിയാണ് നടത്തിയത്. രണ്ടാം ഘട്ടം കേരള സർക്കാരും കേന്ദ്ര നഗര വികസന മന്ത്രാലയവും സംയുക്തമായി രൂപവൽക്കരിച്ച കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) നേരിട്ടാവും നടത്തുക..11 സ്റ്റേഷനുകളുളള രണ്ടാം ഘട്ടത്തിന് ആകെ 1,957.05 കോടി രൂപയാണ് ചിലവ്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷക്കാലമായി പദ്ധതി നീണ്ടു പോയതിനാൽ തുകയിൽ മാറ്റം ഉണ്ടാകും.
ഒന്നാം ഘട്ടമായ ആലുവ മുതൽ പേട്ട വരെയുള്ള നിർമാണ പ്രവർത്തനങ്ങളുടെ ചിലവ് 5,181.79 കോടി രൂപയാണ്. 26 കിലോമീറ്റർ നീളമുള്ള പാതയിൽ 22 സ്റ്റേഷനുകളാണുളളത്. ഇതിന് ശേഷം ഫേസ് 1എ പദ്ധതിയിൽപ്പെടുത്തി പേട്ട മുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള 1.80 കി.മീ 710.93 കോടിക്കാണ് പൂർത്തിയാക്കിയത്. ഫേസ് 2 ബി പദ്ധതിയിൽപ്പെടുത്തി എസ്എൻ ജംഗ്ഷനിൽനിന്ന് തൃപ്പൂണിത്തുറ ടെർമിനലിലേക്കുള്ള പാതയുടെ നിർമാണം പുരോഗമിക്കുകയാണ്. എസ് എൻ ജംഗ്ഷൻ വരെ നിലവിൽ 24 സ്റ്റേഷനുകളിലായി 27 കിലോമീറ്ററാണ് മെട്രോ ഓടുന്നത്.
കേന്ദ്രവും സംസ്ഥാനവും ഒരുമിച്ചാണ് മെട്രോയുടെ ചിലവ് പങ്കിടുന്നത്. അതുകൊണ്ട് തന്നെ പദ്ധതിക്കായി തുക അനുവദിക്കുന്നത് ഇനിയും വൈകിയാൽ നേരത്തെ തീരുമാനിച്ചിരുന്ന ചിലവിനെക്കാൾ നിർമാണ ചിലവ് കൂടാനിടവരുത്തും. പദ്ധതി പ്രഖ്യാപിച്ചപ്പോൾ തന്നെ രണ്ടാം ഘട്ടത്തിനും അംഗീകാരം കിട്ടിയിരുന്നു. എന്നാൽ കേന്ദ്ര ക്യാബിനറ്റ് അനുമതി നൽകാത്തതാണ് രണ്ടാം ഘട്ട നിർമാണപ്രവർത്തനങ്ങൾ നിലച്ചു പോകാനിടയായത്. അതുകൊണ്ടു തന്നെ പദ്ധതി പൂർത്തിയാക്കാൻ എത്രസമയമെടുക്കുമെന്നത് അനുസരിച്ച് നിർമാണച്ചിലവിൽ മാറ്റങ്ങൾ വരാം.
1999ലെ നായനാർ മന്ത്രി സഭയിലാണ് കൊച്ചി മെട്രോ എന്ന ആശയം ആദ്യമായി ഉയർന്നു കേൾക്കുന്നത്. 2004ലെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പദ്ധതിയ്ക്ക് ഡിപിആർ തയാറാക്കുകയും 2007ൽ വിഎസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ പദ്ധതിക്ക് അംഗീകാരം കൊടുക്കുകയും ചെയ്തു. 2006ൽ നിർമാണം തുടങ്ങി 2010 ൽ പ്രവർത്തനം ആരംഭിക്കാനാണ് ഉമ്മൻചാണ്ടി സർക്കാർ ലക്ഷ്യം വച്ചിരുന്നത്. പക്ഷേ പദ്ധതി സ്വകാര്യപങ്കാളിത്തത്തോട വേണമെന്ന നിർദ്ദേശം കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ചതോടെ നിർമാണം വൈകി. രണ്ടാം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നിർമാണം പൂർത്തിയായ മെട്രോയുടെ പ്രവർത്തനം ആരംഭിച്ചത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ്.