കൊച്ചി മെട്രോയിലെ ഗ്രാഫിറ്റി; നാല് വിദേശികൾ അറസ്റ്റിൽ, പിടിയിലായത് റെയില്‍വേ ഗൂണ്‍സ് സംഘത്തിലെ അംഗങ്ങള്‍

കൊച്ചി മെട്രോയിലെ ഗ്രാഫിറ്റി; നാല് വിദേശികൾ അറസ്റ്റിൽ, പിടിയിലായത് റെയില്‍വേ ഗൂണ്‍സ് സംഘത്തിലെ അംഗങ്ങള്‍

ഗുജറാത്ത് ക്രൈംബ്രാഞ്ചും ഭീകരവിരുദ്ധസ്ക്വാഡും സംയുക്തമായാണ് ഇവരെ പിടികൂടിയത്
Updated on
1 min read

കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി ചെയ്ത സംഭവത്തിൽ നാലംഗ സംഘം അറസ്റ്റിൽ. ഇറ്റാലിയൻ പൗരന്മാരായ ജാൻകുല, സാക്ഷ, ഡാനിയൽ, പൗലോ എന്നിവരാണ് അറസ്റ്റിലായത്. റെയില്‍വേ ഗൂണ്‍സ് എന്ന സംഘത്തിലെ അംഗങ്ങളാണിവർ. കഴിഞ്ഞ ദിവസം ഗുജറാത്തിൽ വച്ച് ഗുജറാത്ത് ക്രൈം ബ്രാഞ്ചും ഭീകരവിരുദ്ധ സ്ക്വാഡും സംയുക്തമായാണ് ഇവരെ പിടികൂടിയത്. ഡൽഹി, മുംബൈ, ജയ്പുർ എന്നിവിടങ്ങളിലും സമാന സംഭവങ്ങളുണ്ടായതായി റിപ്പോർട്ടുണ്ട്.

അഹമ്മദാബാദ് മെട്രോയില്‍ ഗ്രാഫിറ്റി വരച്ചതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊച്ചി മെട്രോയിലെ ​ഗ്രാഫിറ്റിക്ക് പിന്നിലും തങ്ങളാണെന്ന് പ്രതികൾ സമ്മതിച്ചത്. ​ഗുജറാത്ത് പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പ്രതികളെ ചോദ്യം ചെയ്യാനായി കൊച്ചി മെട്രോ പൊലീസ് സംഘം അഹമ്മദാബാദിലേക്ക് തിരിച്ചിട്ടുണ്ട്.

അപ്പാരൽ പാർക്ക് സ്റ്റേഷനിലെ മെട്രോ ട്രെയിനിന്റെ ബോഗിയുടെ പുറംഭാഗത്താണ് സംഘം ‘ടാസ്’ എന്നെഴുതിയത്. ഇറ്റാലിയൻ പിസയുടെ ചുരുക്കപ്പേരാണിതെന്ന് കരുതുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയുകയായിരുന്നു. പിന്നീട് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഇറ്റാലിയൻ പൗരന്മാരെ പിടികൂടിയത്. ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിൽ എത്തിയ ശേഷം വിവിധയിടങ്ങളിലായി കറങ്ങി നടക്കുകയായിരുന്നു സംഘം. ലോകമെങ്ങും സഞ്ചരിച്ച് തീവണ്ടികളിൽ പെയിന്റ് ചെയ്യുന്നതിൽ സംതൃപ്തി കണ്ടെത്തുന്ന’ സംഘമാണെന്നാണ് ഇവർ പോലീസിന് മൊഴി നൽകിയിരിക്കുന്നത്.

കഴിഞ്ഞ മെയ് 26ന് പകല്‍ നേരത്തായിരുന്നു കൊച്ചി മെട്രോയുടെ അതിസുരക്ഷാ മേഖലയായ മുട്ടം യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയ്നിൽ സ്പ്രേ പെയ്ന്റ് ഉപയോ​ഗിച്ച് ഭീഷണി സന്ദേശം എഴുതിയത്. ഉച്ചകഴിഞ്ഞ് മൂന്നോടെ നടന്ന സംഭവത്തിൽ പ്രതികളെ പിടികൂടാനായിരുന്നില്ല. നാല് കോച്ചുകളില്‍ സ്പ്ലാഷ്, ബേണ്‍ തുടങ്ങിയ വാക്കുകളാണ് പെയിന്റ് ചെയ്തത്. ഡൽഹി, ജയ്‌പുർ, മുംബൈ എന്നിവിടങ്ങളിലും സമാനകൃത്യമാണ് നടത്തിയത്. അതിക്രമിച്ചു കടക്കൽ, പൊതുമുതൽ വികൃതമാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in