അവയവക്കച്ചവടം വെറും കെട്ടുകഥ; ഇലന്തൂരില്‍ മൃതദേഹം വെട്ടിനുറുക്കിയത് കശാപ്പുകാരൻ ചെയ്യുന്നത് പോലെ

അവയവക്കച്ചവടം വെറും കെട്ടുകഥ; ഇലന്തൂരില്‍ മൃതദേഹം വെട്ടിനുറുക്കിയത് കശാപ്പുകാരൻ ചെയ്യുന്നത് പോലെ

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കൊച്ചി പോലീസ് കമ്മീഷണർ
Updated on
1 min read

പത്തനംതിട്ട ഇലന്തൂരിലെ നരബലിയുമായി ബന്ധപ്പെട്ട് അവയവക്കച്ചവട വാർത്തകൾ തള്ളി കൊച്ചി പോലീസ് കമ്മിഷണർ സി എച്ച് നാഗരാജു. കൊലപാതകത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കാര്യങ്ങളിൽ കഴമ്പില്ല എന്നും കൊലപാതകത്തെക്കുറിച്ച് വിശദമായി അന്വേഷണം അടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കേസിൽ നിരവധി ശാസ്ത്രീയ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഒരു കശാപ്പുകാരന്‍ ചെയ്യുന്നതുപോലെയാണ് പ്രതി മൃതദേഹം വെട്ടിമുറിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

" നിരവധി ശാസ്ത്രീയ തെളിവുകളും, സൈബർ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഫേസ്ബുക് ആണ് ഇരകളെ സ്വാധീനിക്കാൻ ഉള്ള പ്രധാന മാധ്യമം ആയി ഉപയോഗിച്ചിട്ടുള്ളത്. പ്രതികൾ ഒരുപാട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. എന്നാൽ പ്രതികൾ പറഞ്ഞ കാര്യങ്ങൾ അല്ല ഞങ്ങൾ നോക്കുന്നത്. പ്രതികൾ ചെയ്ത കാര്യങ്ങളിൽ തെളിവ് ഉണ്ടോ ഇല്ലയോ എന്നതാണ് ഞങ്ങൾ അന്വേഷിക്കുന്നത്. " സി എച്ച് നാഗരാജു പറഞ്ഞു.

ഇലന്തൂരിൽ അവയവക്കച്ചവടം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അവയവമാഫിയയുടെ ഇടപെടൽ ഉണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. ഒരു വീടിനകത്ത് ഇത്രയും വൃത്തിഹീനമായ സാഹചര്യത്തിൽ നടത്താന്‍ കഴിയുന്ന ഒന്നല്ല അവയമാറ്റം. അത് സാമാന്യബുദ്ധിയിൽ ചിന്തിച്ചാൽ നടക്കാത്ത കാര്യം ആണ്. എന്നാൽ മുഖ്യപ്രതി ഷാഫി , ഭഗവൽ സിങ്ങിനെയും ഭാര്യയെയും ഇത്തരം കാര്യങ്ങൾ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരിക്കാം. ഇവ വിശ്വസനീയമല്ലാത്തതിനാൽ പോലീസ് ഇത്തരം കാര്യങ്ങളിലേക്ക് പോവുന്നില്ല എന്നും സി എച്ച് നാഗരാജു പറഞ്ഞു.

logo
The Fourth
www.thefourthnews.in