കോടിയേരി ബാലകൃഷ്ണന്‍
കോടിയേരി ബാലകൃഷ്ണന്‍അജയ് മധു

കോടിയേരി: പ്രായോഗികതയും നയതന്ത്രജ്ഞതയും പ്രത്യയശാസ്ത്രമാക്കിയ നേതാവ്

കോടിയേരി ബാലകൃഷ്ണന്റെ വിയോഗം വര്‍ത്തമാനകാലത്ത് സിപിഎമ്മിന് സൃഷ്ടിക്കുന്ന ശൂന്യത ചെറുതല്ല
Updated on
2 min read

സി എച്ച് കണാരന്‍ സിപിഎമ്മിന്റെ ആദ്യ അമരക്കാരന്‍ ആയതിനുശേഷം ഇഎംഎസ്, ഇ കെ നായനാര്‍, വി എസ് അച്യുതാനന്ദന്‍, ചടയന്‍ ഗോവിന്ദന്‍, പിണറായി വിജയന്‍ എന്നിവര്‍ക്കുശേഷം പാര്‍ട്ടി സെക്രട്ടറി പദവിയിലേക്ക് നിയോഗിച്ച നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. തലശേരി താലൂക്കിലെ തന്നെ പിണറായിയില്‍നിന്ന് വളരെ അടുത്തുള്ള പ്രദേശമാണ് കോടിയേരി. എന്നാല്‍ രാഷ്ട്രീയ ശൈലിയില്‍ കോടിയേരിക്ക് ഏറെ സാമ്യം പിണറായി വിജയനുമായല്ല, മറിച്ച് ഇ കെ നായനാരുമായിട്ടാണെന്ന് പറയാം. കമ്മ്യുണിസ്റ്റ് സംഘടനാ കാര്‍ക്കശ്യത്തിന്റെ നിഷ്ഠകളില്ലാതെ, സൗമ്യവും സരസവും ആയ രീതിയില്‍ രാഷ്ട്രീയ എതിരാളികളെയും, സംഘടനാ വെല്ലുവിളികളെയും നേരിട്ട നേതാവായാണ് കോടിയേരി ബാലകൃഷ്ണന്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തുക.

സൗമ്യതയുടെയും അനുരഞ്ജനത്തിന്റെയും രീതികള്‍ അവലംബിക്കുമ്പോഴും നിലപാടുകള്‍ പറയുന്നതില്‍ അയവില്ലാത്ത സമീപനമായിരുന്നു പാര്‍ട്ടി പൊളിറ്റ് ബ്യുറോ അംഗം കൂടിയായിരുന്ന കോടിയേരിയുടേത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായുള്ള ഏറ്റുമുട്ടല്‍ വ്യക്തികള്‍ തമ്മിലുള്ളതല്ലെന്നും മോദി സര്‍ക്കാരിന്റെ ചട്ടുകമായ ഗവര്‍ണറും മതനിരപേക്ഷതയില്‍ ഉറച്ചുനില്‍ക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരും തമ്മിലുളള ഭിന്നതയാണ് കാതലായ വസ്തുത എന്നുമുള്ള ദേശാഭിമാനിയിലെ അവസാന ലേഖനം ഇതിന്റെ ഉദാഹരണമാണ്.

കോടിയേരി ബാലകൃഷ്ണന്‍
പോലീസ് സേനയുടെ മന്ത്രി സഖാവ്

1970ല്‍ തലശ്ശേരി ഈങ്ങയില്‍ പീടിക സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി തുടങ്ങി പോളിറ്റ് ബ്യൂറോ അംഗവും പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ പ്രതിജ്ഞാ ബദ്ധതയോടെ പാര്‍ട്ടി നിലപാടുകള്‍ക്കൊപ്പം നില്‍ക്കുമ്പോഴും പാര്‍ട്ടിയിലെ ഭിന്ന നിലപാടുകാരോട് ലെനിനിസ്റ്റ് കാര്‍ക്കശ്യമില്ലാതെ ഇടപഴകി പോന്നു.

1980ല്‍ ഡിവൈഎഫ്‌ഐ രൂപീകരിക്കപ്പെട്ടപ്പോള്‍ സംഘടനയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി നിയുക്തനായ കോടിയേരി ബാലകൃഷ്ണന്‍ ഏറ്റെടുത്ത ആദ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ ദൗത്യം ഒരു പക്ഷെ എം വി രാഘവന്‍ ബദല്‍ രേഖയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ കൊടുങ്കാറ്റ് അഴിച്ചുവിട്ടപ്പോഴായിരുന്നു. അന്ന് സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പിണറായി വിജയനൊപ്പം സംഘടന വെല്ലുവിളി നേരിടുന്നതില്‍ ശക്തമായ നിലപാടാണ് കോടിയേരി സ്വീകരിച്ചത്. സിപിഎം കണ്ണൂരില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു എം വി രാഘവന്‍.

സിഎംപി രൂപികരിച്ച എം വി രാഘവന്‍ യുഡിഎഫ് മന്ത്രിസഭയില്‍ അംഗമാകുകയും ചെയ്തതോടെ പോര് രൂക്ഷമായി. അത് പിന്നീട് കൂത്തുപറമ്പ് വെടിവെപ്പില്‍ കലാശിച്ചു. പരിയാരം മെഡിക്കല്‍ കോജേജുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൂത്തുപറമ്പില്‍ സമരം ചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. അപ്പോള്‍ സിപിഎമ്മിന്റെ ജില്ലയിലെ അമരക്കാരനായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. പ്രക്ഷുബ്ധമായ നാളുകളായിരുന്നു അത്. പാര്‍ട്ടി കേഡര്‍മാരുടെ ആത്മവീര്യം സംരക്ഷിക്കുന്നതിനും അതോടൊപ്പം സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി പോകാതിരിക്കാനുമുള്ള സമീപനങ്ങളായിരുന്നു കോടിയേരി സ്വീകരിച്ചത്.

രാഘവന്റെ വെല്ലുവിളി ഫലപ്രദമായി നേരിടാന്‍ കണ്ണൂരിലെ സിപിഎമ്മിനെ പ്രാപ്തമാക്കുന്നതില്‍ കോടിയേരിയുടെ നേതൃത്വം നിര്‍ണായക പങ്ക് വഹിച്ചു.

സിപിഎമ്മിനെ ആഭ്യന്തരമായി ഉലച്ച മറ്റൊരു സമയമായിരുന്നു പിണറായി വിജയന്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള കാലം. പ്രത്യയശാസ്ത്ര മേലാവരണത്തില്‍ കീഴില്‍ രൂക്ഷമായ അധികാര തര്‍ക്കം നടക്കുന്ന കാലം. വി എസ്- പിണറായി പോരിന് എം എന്‍ വിജയനും എം പി പരമേശ്വരനും ദാര്‍ശനിക ഭാവം നല്‍കിയ കാലം. നാലാം ലോക സിദ്ധാന്തവും വലതു വ്യതിയാനവും രൂക്ഷമായ തര്‍ക്കങ്ങള്‍ക്കിടയാക്കി. പാര്‍ട്ടി സമ്മേളനത്തില്‍ ചേരി തിരിഞ്ഞുള്ള ചര്‍ച്ചയാണ് അക്കാലത്ത് നടന്നത്. പലതിനും ദേശാഭിമാനി തന്നെ വേദിയായി. ഈ സൈദ്ധാന്തിക പോരിലൊന്നും കക്ഷി ചേര്‍ന്നില്ലെങ്കിലും ഔദ്യോഗിക പക്ഷത്തോടൊപ്പമായിരുന്നു കോടിയേരി.

സമ്മേളന ദിവസങ്ങളില്‍ കോടിയേരി ബാലകൃഷ്ണനായിരുന്നു ദിവസവും വൈകുന്നേരങ്ങളില്‍ സമ്മേളന വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കാന്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നത്. പ്രക്ഷുബ്ധമായ പാര്‍ട്ടി സമ്മേളന വേദിയിലെ കാര്യങ്ങള്‍ പ്രേക്ഷകര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍, എന്നാല്‍ ഇതെല്ലാം സജീവമായ ഒരു പാര്‍ട്ടിയിലെ സ്വാഭാവികതയെന്ന നിലയിലുള്ള കോടിയേരിയുടെ വിശദീകരണം അദ്ദേഹത്തിന്റെ നയചാതുരിയുടെ സവിശേഷത ബോധ്യപ്പെടുത്തുന്നതായിരുന്നു. പാര്‍ട്ടിയില്‍ വി എസ് അച്യുതാനന്ദന് കനത്ത തിരിച്ചടി നേരിടുകയും അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ക്കെതിരെ തുടരെ നടപടികള്‍ വരികയും ചെയ്തപ്പോഴും ഔദ്യോഗിക പക്ഷത്ത് തുടര്‍ന്നുകൊണ്ട് തന്നെ നല്ല ബന്ധം വിഎസ്സുമായി അദ്ദേഹം പുലര്‍ത്തി.

2006ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് സിപിഎമ്മില്‍ വീണ്ടും പൊട്ടിത്തെറിയുണ്ടായി. വി എസ്സിനെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനിച്ചതോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകരും നിരവധി ജില്ലാ കമ്മിറ്റികളും തീരുമാനത്തിനെതിരെ രംഗത്തുവന്നത്. വിഎസ് പാര്‍ട്ടി വിട്ടുപോകുമെന്ന പ്രതീതി പോലും സൃഷ്ടിക്കപ്പെട്ടു. ഒടുവില്‍ പാര്‍ട്ടിക്ക് തീരുമാനം മാറ്റേണ്ടിവന്നു. വി എസ്സിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം തീരുമാനിച്ചു. അക്കാര്യം വിശദീകരിക്കാന്‍ അന്നത്തെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എത്തിയത്. അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പകരം കോടിയേരി ബാലകൃഷ്ണനോടൊപ്പമായിരുന്നു. പിന്നീട് വി എസ് മുഖ്യമന്ത്രിയായപ്പോഴും പാര്‍ട്ടിയുമായുണ്ടായ നിരന്തര ഏറ്റുമുട്ടലുകള്‍ക്കിടയിലും അനുനയത്തിന്റ പാത സ്വീകരിച്ചത് കോടിയേരി ബാലകൃഷ്ണനായിരുന്നു.

മാര്‍ക്‌സിസ്റ്റ് ആശയങ്ങളിലുള്ള പിടിവാശിയോ കൂറോ അല്ല കോടിയേരിയെന്ന രാഷ്ട്രീയക്കാരനെ അടയാളപ്പെടുത്തുക, മറിച്ച് അദ്ദേഹത്തിന്റെ പ്രായോഗിക ബോധമാണ്. സിപിഎമ്മില്‍ വിവിധഘട്ടങ്ങളില്‍ ഉണ്ടായ ഉള്‍പാര്‍ട്ടി സംവാദങ്ങളില്‍ ഇടപെട്ട് പക്ഷം പിടിക്കാനല്ല, മറിച്ച് എപ്പോഴും ഔദ്യോഗിക നിലപാടിനോട് ചേര്‍ന്ന് നിന്ന് സംഘടനയുടെ നേട്ടത്തിനുവേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം. അതിന്റെ പ്രയോജനം, സംഘടനയെന്ന നിലയില്‍ സിപിഎമ്മിന് ലഭിക്കുകയും ചെയ്തു. പൂച്ച കറുത്തതോ, വെളുത്തതോ ആവട്ടെ, എലിയെ പിടിച്ചാല്‍ മതിയെന്ന് ചൈനീസ് നേതാവ് ഡെങ് സിയാവോ പിങ്ങിന്റെ നിലപാടായിരുന്നു ഇക്കാര്യത്തില്‍ കോടിയേരിക്കും എന്നും പറയാം.

രാഷ്ട്രീയ എതിരാളികളേക്കാള്‍ കുടുംബത്തില്‍നിന്നുണ്ടായ വിവാദങ്ങളും സംഭവങ്ങളാകും കോടിയേരിയെ കൂടുതലായി തളര്‍ത്തിയിട്ടുണ്ടാവുക. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി ഉള്‍പ്പെട്ടതും, ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും അദ്ദേഹത്തിന് തിരിച്ചടിയായി. ആദ്യഘട്ടത്തില്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിന്നത് ബീനീഷ് കോടിയേരി അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴായിരുന്നു. അപ്പോള്‍ പോലും പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണങ്ങള്‍ കാര്യമായി ഉന്നയിച്ചില്ലെന്നത് കക്ഷി രാഷ്ട്രീയത്തിനതീതമായി അദ്ദേഹത്തിന് ലഭിച്ച സ്വീകാര്യതയുടെ കൂടി തെളിവാണ്. പ്രായോഗികതയും നയതന്ത്രജ്ഞതയും ഒരു രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയാക്കി മാറ്റിയിരുന്ന കോടിയേരി ബാലകൃഷ്ണന്‍ വിടവാങ്ങുമ്പോള്‍, വര്‍ത്തമാനകാലത്ത് സിപിഎമ്മിന് ആ വിയോഗം സൃഷ്ടിക്കുന്ന ശൂന്യത ചെറുതല്ല.

logo
The Fourth
www.thefourthnews.in