കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു
SUMESHKODIYATH

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

വിട പറയുന്നത് വിഭാഗീയതയുടെ കാലത്ത് സിപിഎമ്മിനെ ഒരുമിച്ച് നിര്‍ത്തിയ നേതാവ്
Updated on
2 min read

സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും മുൻമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ (69) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ഓഗസ്റ്റ് 29 മുതൽ ചികിത്സയിലായിരുന്നു. അര്‍ബുദബാധ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന കോടിയേരി ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് അന്തരിച്ചത്.

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു
കോടിയേരി: പ്രായോഗികതയും നയതന്ത്രജ്ഞതയും പ്രത്യയശാസ്ത്രമാക്കിയ നേതാവ്

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരിക്കെ ആരോഗ്യനില മോശമായതോടെയാണ് കോടിയേരി വിദഗ്ധ ചികിത്സയ്ക്കു ചെന്നൈയിലേക്ക് തിരിച്ചത്. കോടിയേരിയുടെ ആരോഗ്യനിലയിലെ ആശങ്ക ശനിയാഴ്ച രാവിലെ മുതല്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ തുടര്‍ന്ന് ഇന്ന് യൂറോപിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര റദ്ദാക്കുകയും ചെയ്തിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അടക്കമുള്ള നേതാക്കളും ചെന്നൈയിലെത്തിയിരുന്നു.

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു
VIDEO|കോടിയേരി പറഞ്ഞു;''പാര്‍ട്ടി അംഗങ്ങളും അനുഭാവികളും ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമാകണം''

സിപിഎമ്മിന്റെ കേരളത്തില്‍ നിന്നുള്ള പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. പതിമൂന്നാം കേരളനിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായും 2006 മുതല്‍ 2011 വരെ കേരളത്തിലെ ആഭ്യന്തര, വിനോദസഞ്ചാരവകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015 ല്‍ ആലപ്പുഴയില്‍ നടന്ന സിപിഎമ്മിന്റെ ഇരുപത്തിയൊന്നാം സംസ്ഥാനസമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ ആദ്യമായി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇരുപത്തിരണ്ടാമത്തെ സംസ്ഥാനസമ്മേളനത്തില്‍ സംസ്ഥാനസെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുക്കപ്പെടുകയുമായിരുന്നു. 2022 ഓഗസ്ത് 28ന്‌ ആരോഗ്യപരമായ കാരണങ്ങളെത്തുടര്‍ന്ന് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുകയായിരുന്നു.

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു
മറഞ്ഞത് കണ്മുന്നിൽ നിന്ന് മാത്രം, ഹൃദയങ്ങളിൽ നിന്ന് ഒരിക്കലും മായില്ല: എഎന്‍ ഷംസീർ

വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെയാണ് കോടിയേരി പൊതുരംഗത്ത് എത്തിയത്. തലശേരി കോടിയേരിയില്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബര്‍ 16ന് ജനനം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മാഹി മഹാത്മാഗാന്ധി കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദവിദ്യാര്‍ഥിയായി. യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ഥിയായിരിക്കെ 1973ല്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി. 1979 വരെ ആ സ്ഥാനത്ത് തുടര്‍ന്നു.

1971ലെ തലശേരി കലാപകാലത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി. സിപിഐ എം ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കോടിയേരി 1980-82ല്‍ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു.1990-95ല്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1988ലെ ആലപ്പുഴ സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 1995ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ കോടിയേരി 2002ല്‍ ഹൈദരാബാദ് 17ാം പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലെത്തി. 2008ലെ 19-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പിബി അംഗമായി.

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു
പ്രിയപ്പെട്ട സഖാവ്, സഹോദരന്‍

കോടിയേരിയുടെ മൃതദേഹം നാളെ എയര്‍ ആംബുലന്‍സില്‍ കണ്ണൂരിലേക്ക് എത്തിക്കും. സംസ്‌കാരമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. കോടിയേരിയുടെ പ്രവര്‍ത്തന മണ്ഡലമായ തലശ്ശേരിയില്‍ മാത്രമായിരിക്കും പൊതുദര്‍ശനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു
'അക്ഷരാര്‍ത്ഥത്തില്‍ രാഷ്ട്രീയമായിരുന്നു കോടിയേരിയുടെ ജീവശ്വാസം': വിഡി സതീശന്‍

തലശ്ശേരി എംഎല്‍എയും സിപിഐ എം നേതാവുമായിരുന്ന എം. വി. രാജഗോപാലിന്റെ മകള്‍ എസ് ആര്‍ വിനോദിനിയാണ് ഭാര്യ. മക്കള്‍: ബിനോയ്, അഡ്വ. ബിനീഷ്. മരുമക്കള്‍: ഡോ. അഖില, റിനിറ്റ.

logo
The Fourth
www.thefourthnews.in