Kodiyeri Balakrishnan
Kodiyeri Balakrishnan

സജി ചെറിയാന്‍റെ രാജി പാര്‍ട്ടി നിലപാടിന്റെ അടിസ്ഥാനത്തില്‍; പകരം മന്ത്രി ചര്‍ച്ചയിലില്ലെന്ന് കോടിയേരി

ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കാം എന്ന് പാര്‍ട്ടി ഭരണഘടനയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
Published on

ഭരണഘടനാ അവഹേളന വിഷയത്തില്‍ സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവച്ചത് ഉചിതവും സന്ദര്‍ഭോചിതവുമായ തീരുമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി നിലപാടിന്റെ കൂടി അടിസ്ഥാനത്തിലാണ് സജി ചെറിയാന്‍ രാജിവച്ചത്. മന്ത്രിസഭയിലെ ഒഴിവ് നികത്താന്‍ ഈ ഘട്ടത്തില്‍ ആലോചിച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം.

പ്രസംഗത്തില്‍ വീഴ്ചകള്‍ സംഭവിച്ചുവെന്ന് നേരത്തേ തന്നെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ സജി ചെറിയാന്‍ സമ്മതിച്ചിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു രാജിയെന്നുമാണ് കോടിയേരിയുടെ പ്രതികരണം.

ഉന്നതമായ ജനാധിപത്യ മൂല്യമാണ് രാജിയിലൂടെ സജി ചെറിയാന്‍ ഉയര്‍ത്തിപ്പിടിച്ചത് എന്നും കോടിയേരി അവകാശപ്പെട്ടു. ''ഭരണഘടന നിലനില്‍ക്കുന്നതു കൊണ്ടാണ് ജനാധിപത്യപരമായി ഈ രാജ്യം തുടരുന്നത്. ഭരണഘടന തത്വങ്ങള്‍ക്കനുസരിച്ചാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കാം എന്ന് പാര്‍ട്ടി ഭരണഘടനയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തന്റെ പ്രസംഗത്തില്‍ ചില വീഴ്ചകള്‍ സംഭവിച്ചുവെന്ന് മനസിലാക്കി സജി ചെറിയാന്‍ തന്നെ രാജിവക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു.'' ഇതിലൂടെ ഉന്നതമായ ജനാധിപത്യ മൂല്യമാണ് സജി ചെറിയാന്‍ ഉയര്‍ത്തിപ്പിടിച്ചതെന്നുമായിരുന്നു കോടിയേരിയുടെ പരാമര്‍ശം. സജി ചെറിയാന്‍ മന്ത്രി പദവി രാജിവച്ചതിനു ശേഷം ആദ്യമായാണ് വിഷയത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കുന്നത്.

സജി ചെറിയാന്‍
സജി ചെറിയാന്‍

അതേസമയം, പകരം മന്ത്രിയെ പറ്റി ചര്‍ച്ച ചെയ്തിട്ടില്ല, മുഖ്യമന്ത്രിയാണ് നിലവില്‍ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതെന്നും മറ്റ് മന്ത്രിമാര്‍ക്ക് ചുമതല കൈമാറുമെന്നും കോടിയേരി വ്യക്തമാക്കി. ഇതുസംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും കോടിയേരി പറഞ്ഞു.

സജി ചെറിയാന്റെ മന്ത്രി സ്ഥാനത്താനത്തു നിന്നുള്ള രാജി സിപിഎം അവൈലബിള്‍ സെക്രട്ടേറിയറ്റിലായിരുന്നു തീരുമാനിച്ചത്. ഇന്ന് ചേര്‍ന്ന പൂര്‍ണ സെക്രട്ടേറിയറ്റിലും തീരുമാനം ശരിയെന്ന് വിലയിരുത്തി. എന്നാല്‍ ഇന്നത്തെ യോഗത്തില്‍ സജി ചെറിയാന്‍ പങ്കെടുത്തിരുന്നില്ല. ഭരണഘടനയ്ക്കെതിരായ വിവാദ പ്രസംഗത്തെത്തുടര്‍ന്ന് മന്ത്രിസ്ഥാനത്തുനിന്നുള്ള സജി ചെറിയാന്റെ രാജി ജനങ്ങള്‍ക്ക് സര്‍ക്കാറിലും പാര്‍ട്ടിയിലുമുള്ള വിശ്വാസം കൂട്ടിയെന്നാണ് സിപിഎം വിലയിരുത്തല്‍.

logo
The Fourth
www.thefourthnews.in