അബിഗേലിനായി തിരച്ചില്‍ തുടരുന്നു: മൂന്ന് പേർ കസ്റ്റഡിയില്‍, കാര്‍ വാഷിങ് സെന്ററില്‍നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തി
കൊല്ലം ജില്ലയിലെ ഓയൂരില്‍നിന്ന് ആറു വയസുകാരി അബിഗേല്‍ സാറ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തുനിന്ന് രണ്ട് പേരെയും ശ്രീകാര്യത്തുനിന്ന് ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്. ശ്രീകാര്യത്തുനിന്ന് കസ്റ്റഡിയിലെടുത്തയാളുമായി ശ്രീകണ്ഠേശ്വരത്ത് എത്തിയായിരുന്നു പോലീസ് നടപടി. ഇവരില്‍നിന്ന് ഏഴര ലക്ഷത്തോളം രൂപ കണ്ടെടുത്തതായും സൂചനയുണ്ട്.
നേരത്തെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിരുന്നു. കുട്ടിയുടെ ബന്ധുക്കളെ വിളിക്കുന്നതിനായി പാരിപ്പള്ളിയിലെ കടയിലെത്തിയ ആളുടെ രേഖാചിത്രമാണ് പോലീസ് തയാറാക്കിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയവരുടേതെന്ന് സംശയിക്കുന്ന ഒരു വാഹനം ഇന്നലെ അർധരാത്രിയോടെ പള്ളിക്കലില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടെന്ന് സംശയിക്കപ്പെടുന്ന സ്ത്രീ 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുവിനെ ഇന്നലെ രാത്രി വിളിച്ചിരുന്നു.''കുട്ടി സുരക്ഷിതയാണ്. 'നിങ്ങള്‍ 10 ലക്ഷം രൂപ സംഘടിപ്പിക്കണം. നാളെ രാവിലെ 10 മണിക്ക് കുട്ടിയെ വീട്ടിലെത്തിക്കാം. പോലീസില്‍ അറിയിക്കാന്‍ നില്‍ക്കരുത്. കുട്ടിക്ക് ആപത്ത് വരാതിരിക്കണമെങ്കില്‍ പോലീസില്‍ അറിയിക്കരുത്,'' സ്ത്രീ പറയുന്നു.
കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടാണ് ആദ്യം കോൾ വന്നത്. പാരിപ്പള്ളിയിലെ ഒരു വ്യാപാരിയുടെ ഫോണില്‍നിന്നാണ് വിളിച്ചതെന്ന് കണ്ടെത്തിയിരുന്നു. കടയില്‍ എത്തിയ പുരുഷനും സ്ത്രീയും ഫോണ്‍ വാങ്ങി വിളിക്കുകയായിരുന്നെന്നും ഓട്ടോറിക്ഷയില്‍ വന്ന അവര്‍ അതില്‍തന്നെ തിരിച്ചുപോയെന്നും വ്യാപാരി പോലീസിന് നൽകിയ മൊഴി.
കുട്ടിയെ കണ്ടെത്തുന്നതിനായി പോലീസിനൊപ്പം യുവജനസംഘടനകളും തിരച്ചില്‍ നടത്തുന്നുണ്ട്. അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പോലീസ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 112 എന്ന നമ്പരില്‍ അറിയിക്കണമെന്നാണ് പോലീസ് നിർദേശം. സംഭവത്തില്‍ കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ജ്യേഷ്ഠനൊപ്പം ട്യൂഷനു പോകും വഴിയാണ് കുട്ടിയെ വെള്ള കാറിലെത്തിയ സംഘം ഇന്നലെ വൈകിട്ട് നാലരയോടെതട്ടിക്കൊണ്ടുപോയത്. കാണാതായി 13 മണിക്കൂര്‍ പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.