ഇനി മുതൽ 'അപേക്ഷിക്കേണ്ട, ആവശ്യപ്പെട്ടാല്‍ മതി'; ആപ്ലിക്കേഷൻ ഫോമിന് പകരം ഡിമാന്റ് പേപ്പറുമായി കൊല്ലം ജില്ലാ പഞ്ചായത്ത്
സര്‍ക്കാര്‍ - സ്വകാര്യ സ്ഥാപനങ്ങളില്‍ ഇപ്പോഴും ജനാധിപത്യ രാജ്യത്തെ പൗരന്മാര്‍ 'അപേക്ഷക'രാണ്. ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കുന്നതിന് വേണ്ടി അപേക്ഷാ പേപ്പറുകളില്‍, അപേക്ഷിക്കുന്നുവെന്ന വിശേഷണത്തോടെയാണ് ഇപ്പോഴും സാധാരണ ജനങ്ങള്‍ അധികാരികളെ സമീപിക്കുന്നത്. അപേക്ഷ, അഭ്യര്‍ത്ഥന തുടങ്ങിയ പദം ഉപയോഗിക്കരുതെന്ന് പറയുമെങ്കിലും ഇപ്പോഴും ഔദ്യോഗിക ഫോറങ്ങളെല്ലാം അപേക്ഷാപേപ്പറുകള്‍ തന്നെയാണ്. കഴിഞ്ഞ വര്‍ഷം മാപ്പപേക്ഷ നല്‍കേണ്ടതില്ലെന്ന ഉത്തരവ് സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും അപേക്ഷാ ഫോറത്തിന് മാറ്റങ്ങളൊന്നും കൊണ്ടുവന്നിരുന്നില്ല.
അപേക്ഷയെന്നത് കൊളോണിയല്‍ കാലഘട്ടത്തെ പ്രയോഗമാണെന്നും ജനാധിപത്യത്തില്‍ ജനങ്ങള്‍ അപേക്ഷകരല്ലെന്നുമുള്ള ബോധ്യത്തിലാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ ദ ഫോര്‍ത്തിനോട് പ്രതികരിച്ചു.
എന്നാല്‍ ഇവിടെ കേരളത്തിനാകമാനം മാതൃകയാകുകയാണ് കൊല്ലം ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് ആവശ്യങ്ങളുമായെത്തുന്ന ജനങ്ങള്‍ക്ക് ഇനി മുതല്‍ അപേക്ഷ പേപ്പറിന് (ആപ്ലിക്കേഷന്‍ ഫോറം) പകരം, ആവശ്യപത്രം (ഡിമാന്‍ഡ് പേപ്പര്‍) നല്‍കാനൊരുങ്ങുകയാണ് കൊല്ലം ജില്ലാ പഞ്ചായത്ത്.
അപേക്ഷയെന്നത് കൊളോണിയല്‍ കാലഘട്ടത്തെ പ്രയോഗമാണെന്നും ജനാധിപത്യത്തില്‍ ജനങ്ങള്‍ അപേക്ഷകരല്ലെന്നുമുള്ള ബോധ്യത്തിലാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ ദ ഫോര്‍ത്തിനോട് പ്രതികരിച്ചു. ഈ തീരുമാനം ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
''അപേക്ഷയെന്നത് ഈ കാലഘട്ടത്തിലെ വാക്കല്ല, ജന്മിത്ത കാലഘട്ടത്തിലെയും കോളനി ഭരണകാലത്തെയും പദമാണ്. ആ കാലഘട്ടങ്ങളില്‍ ജനങ്ങള്‍ ഭരണാധികാരികളുടെ മുന്നില്‍ അപേക്ഷകരായിരുന്നു. കാരണം, ഭരണാധികാരികള്‍ പരമ്പരാഗതമായി നിശ്ചയിക്കപ്പെടുന്നതാണ്. ജനങ്ങള്‍ക്ക് അധികാരത്തില്‍ പങ്കാളിത്തമില്ല. ജനങ്ങള്‍ പ്രജകളായിരുന്ന കാലത്തിന്റെ സംഭാവനയാണിത്.
എന്നാല്‍ ജനങ്ങള്‍ പൗരന്മാരായ ജനാധിപത്യത്തിന്റെ കാലത്ത് ജനങ്ങളാണ് അധികാരികളെ നിശ്ചയിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളുടെ സേവകരാണ് അധികാരികള്‍. മറിച്ച് ജനങ്ങളുടെ യജമാനന്മാരല്ല. അങ്ങനെ വരുമ്പോള്‍ ഒരു ഭരണസമിതിയുടെ മുന്നില്‍ ആനുകൂല്യത്തിന് വേണ്ടി ജനങ്ങള്‍ വരുന്നത് അപേക്ഷിക്കാനല്ല, അവകാശത്തിനാണ്. അതുകൊണ്ട് ജനങ്ങള്‍ ആവശ്യപത്രം തന്നാല്‍ മതി, അപേക്ഷാ പത്രം തരേണ്ടതില്ലെന്നതാണ് ഞങ്ങളുടെ ആശയം,'' ഗോപന്‍ പറയുന്നു.
ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ടതും, ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 69 സര്‍ക്കാര്‍ ഹൈസ്‌കൂള്‍, നാല് ജില്ലാതല ആശുപത്രികള്‍ (കൊല്ലം ജില്ലാ ആശുപത്രി, വിക്ടോറിയ ആശുപത്രി, ആയുര്‍വേദ ആശുപത്രി, ജില്ലാ ഹോമിയോ ആശുപത്രി), ഫാമുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലുമാണ് ഈ മാറ്റം കൊണ്ടുവരുന്നത്. പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് എല്ലാ സ്ഥാപനങ്ങള്‍ക്കും ഇതിനോടകം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''മാധ്യമങ്ങള്‍ വഴി പുതിയ മാറ്റം സാധാരണ ജനങ്ങളെ അറിയിച്ചു. ഇത് സമീപനത്തില്‍ വരേണ്ട മാറ്റമാണ്. നമ്മുടെ ഭരണ സമിതി ജനങ്ങള്‍ക്ക് എന്തെങ്കിലും നല്‍കുന്നുണ്ടെങ്കില്‍ അത് അധികാരികള്‍ നല്‍കുന്ന ഔദാര്യമല്ല, അവകാശമാണ്. ഈ ഒരു ആശയം പുതിയ കാലത്തെ അഭിസംബോധന ചെയ്യുന്നതിനായി ഉണ്ടായ ആശയമാണ്,'' ഗോപന്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ച ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ ഈ ആശയം അവതരിക്കുകയും ഏകകണ്ഠേന പാസാക്കുകയുമായിരുന്നു. മറ്റ് ജില്ലാ പഞ്ചായത്തുകളും സര്‍ക്കാരും ഇത് മാതൃകയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു.