കൂടൽമാണിക്യക്ഷേത്രം കൂത്തമ്പലം വിധി: പുറത്താക്കിയത് അവർണ ബഹുജനങ്ങളെ

കൂടൽമാണിക്യക്ഷേത്രം കൂത്തമ്പലം വിധി: പുറത്താക്കിയത് അവർണ ബഹുജനങ്ങളെ

വർഷത്തിൽ 41 ദിവസം മാത്രമാണ് അമ്പലത്തിൽ കൂത്ത് നടക്കുന്നത്. ബാക്കിയുള്ള 324 ദിവസവവും കൂത്തമ്പലം അടഞ്ഞു കിടക്കുകയാണ്
Updated on
2 min read

ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ ഒരു പ്രത്യേക കുടുംബത്തിന് മാത്രമേ കൂത്തവതരിപ്പിക്കാൻ അവകാശമുള്ളൂ എന്ന കേരളം ഹൈക്കോടതിയുടെ വിധി പുറത്ത് വരുന്നത് കഴിഞ്ഞ ദിവസമാണ്. വർഷത്തിൽ 41 ദിവസം മാത്രമാണ് അമ്പലത്തിൽ കൂത്ത് നടക്കുന്നത്. ബാക്കിയുള്ള 324 ദിവസവവും അമ്പലം അടഞ്ഞു കിടക്കുകയാണ്. ആ സമയത്ത് മറ്റു ജാതിയിൽ പെട്ടവർക്ക് കൂത്തമ്പലം ഉപയോഗിക്കാമെന്ന ദേവസ്വം ബോർഡിന്റെ തീരുമാനമാണ് ഇപ്പോൾ കോടതി റദ്ദാക്കിയിരിക്കുന്നത്.

കാരായ്മ, അവകാശം, അടിയന്തരം എന്നീ വാക്കുകൾ തന്നെ ബ്രാഹ്മണ്യത്തിന്റെ അധികാരവ്യവസ്ഥയെ നമ്മൾ ഇന്നും അംഗീകരിക്കുന്നു എന്ന് സൂചിപ്പിക്കുന്നതാണ്

ടിഎസ് ശ്യാം കുമാർ

200 വർഷം പഴക്കമുള്ള കൂത്തമ്പലം ഉപയോഗിക്കാതെ കിടക്കുന്നത് കെട്ടിടത്തിന് ബലക്കുറവുണ്ടാക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. അതിനെതുടർന്ന് 2022 ഫെബ്രുവരി 19ന് ദേവസ്വം ബോർഡ് തീരുമാനം കൈക്കൊണ്ടു. ചടങ്ങ് നടക്കുന്ന 41 ദിവസമൊഴികെ മറ്റുള്ള ദിവസങ്ങളിൽ ജാതിഭേദമന്യേ ഹിന്ദുക്കളായ എല്ലാവർക്കും കൂത്തും കൂടിയാട്ടവും അവതരിപ്പിക്കുന്നതിനായി കൂത്തമ്പലം തുറന്നു കൊടുക്കാം എന്നായിരുന്നു ആ തീരുമാനം.

കൂടൽമാണിക്യ ക്ഷേത്രത്തിൽ കൂത്തവതരിപ്പിക്കാൻ അവകാശമുള്ളത് അമ്മന്നൂർ കുടുംബത്തിനു മാത്രമാണ്. ആ അവകാശം ഇല്ലാതാക്കുന്നതിന് തുല്യമാണ് പുതിയ തീരുമാനം എന്ന വാദവുമായാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. 2005ലെ കൂടൽമാണിക്യം ആക്ട് അനുസരിച്ച് കൂത്തവതരിപ്പിക്കുക എന്നത് അമ്മന്നൂർ കുടുംബത്തിന്റെ അവകാശമാണെന്നും, തീരുമാനം ആക്ടിന് വിരുദ്ധമാണെന്നും കോടതി വിലയിരുത്തുകയായിരുന്നു.

കൂടൽമാണിക്യക്ഷേത്രം കൂത്തമ്പലം വിധി: പുറത്താക്കിയത് അവർണ ബഹുജനങ്ങളെ
മേധാവിത്വത്തിനായി ആചാരലംഘനവും നടത്തുന്ന ബ്രാഹ്മണ്യം

തന്ത്രി കുടുംബത്തിന്റെ പ്രതിനിധി കൂടി ഉൾപ്പെടുന്ന യോഗത്തിലാണ് തീരുമാനമെടുത്തതെന്നും അമ്മന്നൂർ കുടുംബത്തിന്റെ അവകാശങ്ങൾ ഹനിക്കപ്പെട്ടിട്ടില്ലെന്നും ദേവസ്വം ബോർഡ് വാദിച്ചെങ്കിലും കോടതി അത് പരിഗണിച്ചില്ല. ക്ഷേത്രത്തിലെ അടിയന്തര ചടങ്ങുകളുടെ ഭാഗമായി തന്നെയാണ് കൂത്തും കൂടിയാട്ടവും നടക്കുന്നത് എന്നതുകൊണ്ട് തന്നെ അതിനു പ്രത്യേക കുടുംബങ്ങൾക്ക് കാരായ്‌മ അവകാശമുണ്ടാകും. എന്നാൽ അമ്മന്നൂർ കുടുംബം കൂത്തവതരിപ്പിക്കുന്ന 41 ദിവസങ്ങൾ ഒഴികെയുള്ള സമയങ്ങളിൽ മറ്റുള്ളവർക്ക് തുറന്നു നൽകാമെന്നാണ് ദേവസ്വം ബോർഡ് തീരുമാനിച്ചത്.

ആചാരങ്ങളുടെ പേരിൽ അയിത്തം: ടി എസ് ശ്യാം കുമാർ

കാരായ്മ, അവകാശം, അടിയന്തരം എന്നീ വാക്കുകൾ തന്നെ ബ്രാഹ്മണ്യത്തിന്റെ അധികാരവ്യവസ്ഥയെ നമ്മൾ ഇന്നും അംഗീകരിക്കുന്നു എന്ന് സൂചിപ്പിക്കുന്നതാണെന്ന് ദളിത് പണ്ഡിതനും ഗവേഷകനുമായ ടി എസ് ശ്യാം കുമാർ ദ ഫോർത്തിനോട് പറഞ്ഞു. കഴിഞ്ഞ കുറച്ച് കാലമായി ദേവസ്വം ബോർഡുമായിബന്ധപ്പെട്ട കേസുകളിലെല്ലാം വളരെ യാഥാസ്ഥിതികമായ വിധികളാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. നിയമപണ്ഡിതനും ഭരണഘടനാ വിദഗ്ധനുമായ ഡോ. മോഹൻ ഗോപാൽ രണ്ടു തരത്തിലുള്ള വിധികൾ ഉണ്ടെന്ന് പറയുന്നുണ്ട്, ഒന്ന് ഭരണഘടനയെ ഉയർത്തിപ്പിടിച്ച് വിധി പറയുന്ന ജഡ്ജിമാരും യാഥാസ്ഥിതിക മൂല്യങ്ങളെ അടിസ്ഥാനമാക്കി വിധിപറയുന്നവരും. ശബരിമല മേൽശാന്തി കേസിൽ വിധി പുറപ്പെടുവിച്ച അതേ ബെഞ്ചാണ് ഇപ്പോൾ ഈ കേസിലും വിധി പറഞ്ഞിരിക്കുന്നത്. മേല്പറഞ്ഞ തത്വമനുസരിച്ച് രണ്ട് കേസിലും പാരമ്പര്യ മൂല്യങ്ങൾക്കനുസരിച്ചുള്ള വിധികളാണ് വന്നതെന്ന് കാണാം, ശ്യാം കുമാർ പറയുന്നു.

സുപ്രീംകോടതിയിൽ ഈ വിധിയെ ചോദ്യം ചെയ്യുകയാണ് നമ്മൾ ചെയ്യേണ്ടതെന്നും, ശബരിമല തന്ത്രി കേസിൽ നമ്മൾ അത് ചെയ്യുന്നുണ്ടെങ്കിലും കൂടൽമാണിക്യം കേസിൽ അത് സംഭവിക്കുമോ എന്നറിയില്ല എന്നും ശ്യാം കുമാർ പറയുന്നു. 2005ലെ ആക്ട് ഭേദഗതി ചെയ്യുക എന്നതും, സുപ്രീംകോടതിയിൽ ഈ വിധിയെ നേരിടുക എന്നതുമാണ് ഇപ്പോൾ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. ശ്യാം കുമാർ കൂട്ടിച്ചെർത്തു.

"കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത് ക്ഷേത്രങ്ങൾ വിശ്വാസികൾ ഏറ്റെടുക്കണം എന്നാണ്. വിശ്വാസികൾ എന്നതുകൊണ്ട് ആരെയാണ് പാർട്ടി സെക്രട്ടറി ഉദ്ദേശിക്കുന്നത്? ഇത് തന്നെയാണ് സംഘപരിവാറിന്റെ വാദവും." ശ്യാം കുമാർ പറയുന്നു. കേരളത്തിൽ ദേവസ്വം ബോർഡ് മാത്രമല്ല സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ക്ഷേത്ര സംരക്ഷണ സമിതിയും ക്ഷേത്രങ്ങൾ നടത്തുന്നുണ്ടെന്നും അവരുടെ ആശയമാണ് ഇപ്പോൾ സി പി എം സെക്രട്ടറി പറയുന്നതെന്നും ടി എസ് ശ്യാം കുമാർ വിമർശിക്കുകയും ചെയ്യുന്നു.

രാജകുടുംബങ്ങളുടെ പ്രിവി പേഴ്‌സ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ജനാധിപത്യ സർക്കാർ എടുക്കളഞ്ഞിട്ടും പഴയ ആചാരങ്ങളുടെ പേരിൽ ഇപ്പോഴും സവർണത ഉയർത്തിപ്പിടിക്കുന്നത് എന്ത് ജനാധിപത്യവിരുദ്ധമായ കാര്യമാണ് എന്നും ടി എസ് ശ്യാം കുമാർ ചോദിക്കുന്നു. ആചാരങ്ങളുടെ പേരിൽ കാരായി, അവകാശം എന്നൊക്കെ പറഞ്ഞ് ഇത്തരം സ്ഥലങ്ങളിൽ ഇപ്പോഴും നടക്കുന്നത് അയിത്തെ ആണെന്നും, മറ്റുള്ള അവർണ ബഹുജനങ്ങൾക്ക് ഇതിനു അർഹതയില്ല എന്നാണ് ഇവർ പറയുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഇത് സവർണ സംവരണത്തിന്റെ യുക്തിയാണെന്നും അദ്ദേഹം പറയുന്നു.

അടിയന്തരമുള്ള 41 ദിവസമൊഴികെയുള്ള സമയത്തും ആളുകൾക്ക് ഇവിടെ പ്രവേശനം നിഷേധിക്കുന്നത് കണ്ണിൽചോരയില്ലായ്മയാണെന്നും അദ്ദേഹം പറയുന്നു. വലിയ ഇടതുപക്ഷക്കാരാണെന്നും പുരോഗമനവാദികളുമാണെന്നു പറയുന്ന പലരും കാര്യത്തോടടുക്കുമ്പോൾ തനി ബ്രാഹ്മണിസ്റ്റുകളാണ്. തങ്ങൾ പുരോഗമനക്കാരാണെന്ന് ഈ അനുകൂല വിധി വാങ്ങിയവരും പറയും

ടി എസ് ശ്യാം കുമാർ

കൂടൽമാണിക്യക്ഷേത്രം കൂത്തമ്പലം വിധി: പുറത്താക്കിയത് അവർണ ബഹുജനങ്ങളെ
'ഈ തറവാടിത്ത ഘോഷണം ബ്രാഹ്‌മണ്യ ദാസ്യം ഊട്ടി ഉറപ്പിക്കാന്‍ '

കേരളം വലതുപക്ഷവത്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും സുരേഷ്‌ഗോപിക്ക് വോട്ട് കിട്ടിയത് വെറുതെ അല്ലെന്ന് തെളിയിക്കുന്നതാണെന്നുമാണ് ശ്യാം കുമാറിന്റെ പക്ഷം. എന്നാൽ ഈ വിയോജിപ്പുകൾ മുഴുവൻ നിലനിൽക്കുമ്പോഴുംകേരളത്തിലെ ഇടതുപക്ഷത്തെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രതിരോധം മാത്രമാണ് സാധ്യമെന്നും അദ്ദേഹം പറയുന്നു.

കൂത്തമ്പലം ജനങ്ങൾക്കുപകാരപ്പെടണം: ദേവസ്വം ബോർഡ് ചെയർമാൻ

മൂന്നരക്കോടി രൂപ ചെലവഴിച്ചാണ് ഈ അടുത്ത് ദേവസ്വം ബോർഡ് കൂത്തമ്പലം പുനരുദ്ധരിച്ചത്. അത് ജനങ്ങൾക്ക് ഉപകാരപ്പെടണമെന്ന ഉദ്ദേശത്തിലാണ് ദേവസ്വം ബോർഡ് ഈ തീരുമാനം കൈക്കൊണ്ടതെന്നാണ് കൂടൽമാണിക്യം ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. സി കെ ഗോപി ദ ഫോർത്തിനോട് പറഞ്ഞത്.

മൂന്നു വർഷമാണ് ഒരു ഭരണ സമിതിയുടെ കാലാവധിയെന്നും പുതിയ സമിതി നിലവിൽ വന്നിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളു എന്നും, കഴിഞ്ഞ സമിതി നിലവിലുണ്ടായിരുന്ന സമയത്താണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറയുന്നു. 2005 ലെ നിയമം ഭേദഗതി ചെയ്യുക എന്നത് തങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല, അതിൽ സർക്കാരാണ് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. കൂത്തമ്പലം കാര്യക്ഷമമായി ഉപയോഗിക്കപ്പെടണമെന്നാണ് ഇപ്പോഴത്തെ ദേവസ്വം സമിതിയുടെ ആഗ്രഹമെന്നും ചെയർമാൻ സി കെ ഗോപി പറയുന്നു.

logo
The Fourth
www.thefourthnews.in