കലോത്സവ ദൃശ്യാവിഷ്‌ക്കാരം: നടപടി വേണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്

കലോത്സവ ദൃശ്യാവിഷ്‌ക്കാരം: നടപടി വേണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്

കലോത്സവത്തിലെ വിവാദ ദൃശ്യാവിഷ്‌ക്കാരം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിന്റെ പ്രസ്താവന
Updated on
1 min read

കലോത്സവത്തിലെ വിവാദ ദൃശ്യാവിഷ്‌ക്കാരം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് ദൃശ്യാവിഷ്ക്കാരമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കി. കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗത ഗാനത്തിന്റെ ഭാഗമായ ദൃശ്യാവിഷ്‌ക്കാരമാണ് വിമര്‍ശനത്തിനിടയാക്കിയത്. ഒരു ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാര്‍ത്ഥത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരും കേരളീയ സമൂഹവും ഉയര്‍ത്തിപ്പിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണെന്ന് സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

തീവ്രവാദവും ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ലെന്നും വിദ്യാഭ്യാസ മന്ത്രി ഇത്തരത്തിലൊരു ചിത്രീകരണം വന്നതെങ്ങനെയെന്നത് സംബന്ധിച്ച് പരിശോധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പരാമര്‍ശമുണ്ട്.

ദൃശ്യാവിഷ്ക്കാരത്തിനെതിരെ മുസ്ലീം ലീഗും ഇതര മുസ്ലീം സംഘടനകളും രംഗത്തെത്തിയിരുന്നു. കവി പി കെ ഗോപിയുടെ വരികളെ ആസ്പദമാക്കി പേരാമ്പ്ര മാതാ കലാവേദിയാണ് ദൃശ്യാവിഷ്‌കാരം നടത്തിയത്. ഇന്ത്യന്‍ സേന ഭീകരവാദിയെ കീഴടക്കുന്നതായി കാണിക്കുന്ന ഭാഗത്ത് പരമ്പരാഗത അറബി തലപ്പാവ് ധരിച്ച മുസ്ലീം മതസ്ഥനെന്ന് തോന്നിക്കുന്ന ആളെ ഉള്‍പ്പെടുത്തിയതാണ് വിവാദത്തിന് ആധാരം. ഇസ്ലാം മത വിശ്വാസികളെ അവഹേളിക്കുന്ന തരത്തിലാണ് ഗാന ചിത്രീകരണമെന്നും സംഘപരിവാറുമായി ബന്ധമുള്ളവരാണ് ദൃശ്യാവിഷ്‌കാരം നടത്തിയതെന്നുമാണ് വിവിധ മുസ്ലീം സംഘടനകളുടെ ആരോപണം.

logo
The Fourth
www.thefourthnews.in