'നീതിക്കായി ഏതറ്റം വരെയും പോകും'; വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തില്‍ സമരവുമായി ഹർഷിന തലസ്ഥാനത്തേക്ക്
ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യാനൊരുങ്ങി ഹർഷിന. വയറ്റിൽ കുടുങ്ങിയ കത്രിക മെഡിക്കൽ കോളേജിലേതാണെന്ന പോലീസ് റിപ്പോർട്ട് മെഡിക്കൽ ബോർഡ് തള്ളിയ പശ്ചാതലത്തിലാണ് ഹർഷിന സമരവുമായി മുന്നോട്ട് പോകുന്നത്.
മെഡിക്കൽ ബോർഡ് ആടിനെ പട്ടിയാക്കുന്നു
ആടിനെ പട്ടിയാക്കുകയാണ് മെഡിക്കൽ ബോർഡെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും ഹർഷിന പറയുന്നു. മെഡിക്കൽ ബോർഡ് തീരുമാനത്തിനെതിരെ സംസ്ഥാന മെഡിക്കൽ ബോർഡിന് അപ്പീൽ നൽകുമെന്നും ഹർഷിന പറയുന്നു.
അതേസമയം എംആര്‍ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരി കെ കെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളേജില്‍ നിന്നാണെന്ന് പറയാന്‍ സാധിക്കില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തല്‍. ഇന്നലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് പോലീസ് റിപ്പോര്‍ട്ട് മുഴുവനായി തള്ളിയത്.
ഏത് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയക്കിടയിലാണ് കത്രിക കുടുങ്ങിയതെന്ന് കമ്മിറ്റിക്ക് മുന്നില്‍ ലഭ്യമായ തെളിവുകള്‍ വച്ച് പറയാന്‍ സാധിക്കുന്നില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. ഈ വാദം രണ്ടംഗങ്ങളുടെ വിയോജിപ്പോടെ മെഡിക്കല്‍ ബോര്‍ഡ് അംഗീകരിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ എസിപി സുദര്‍ശനും പബ്ലിക് പ്രോസിക്യൂട്ടര്‍ എ ജയദീപുമാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വാദങ്ങളോട് വിയോജിച്ചത്. എന്നാല്‍ നേരത്തെയുള്ള അന്വേഷണ റിപ്പോര്‍ട്ടുമായി മുന്നോട്ടു പോവാനാണ് പൊലീസിന്റെ തീരുമാനം.