നിപ സംശയത്തോടെ ചികിത്സയിലുള്ളത് നാലുപേർ, പ്രാഥമിക സമ്പർക്കപ്പട്ടികയിൽ 75പേർ; കൺട്രോൾ റൂം തുറന്നു

നിപ സംശയത്തോടെ ചികിത്സയിലുള്ളത് നാലുപേർ, പ്രാഥമിക സമ്പർക്കപ്പട്ടികയിൽ 75പേർ; കൺട്രോൾ റൂം തുറന്നു

പ്രതിരോധ പ്രവർത്തനങ്ങൾക്ക് 16 കോർ കമ്മിറ്റികൾ
Updated on
1 min read

കോഴിക്കോട് നിപ ലക്ഷണങ്ങളോടെ ചികിത്സയിലുള്ളത് നാലുപേരെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗലക്ഷണങ്ങളുള്ളവരുമായി സമ്പർക്കം പുലർത്തിയ 75 പേർ പ്രാഥമിക സമ്പർക്കപട്ടികയിലുണ്ട്. ഇവരെയെല്ലാവരേയും കണ്ടെത്തി ഐസൊലേഷനിലേക്ക് മാറ്റും. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ കോഴിക്കോട് ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. രോഗലക്ഷണങ്ങളുള്ളവരുടെ സാംപിൾ പരിശോധനാഫലം വൈകിട്ടോടെ ലഭ്യമാകുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

നിപ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 16 കോർ ടീമുകൾ ആരോഗ്യവകുപ്പ് രൂപീകരിച്ചു. നിരീക്ഷണം, സാംപിൾ പരിശോധന, സമ്പർക്കം കണ്ടെത്തൽ തുടങ്ങി വിവിധ ചുമതലകൾ ഓരോ ടീമിനും നിശ്ചയിച്ചുനൽകി. നിപ പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ. ജില്ലയിൽ കൺട്രോൾ റൂം തുറന്നതായും ആരോഗ്യമന്ത്രി അറിയിച്ചു.

ആരോഗ്യവകുപ്പിന്റെ ജാഗ്രതാമുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ആശുപത്രികളിൽ ഇൻഫക്ഷൻ കൺട്രോൾ പ്രോട്ടോക്കോൾ നിലവിൽ വരും. അത്യാവശ്യമില്ലാത്തവരെല്ലാം ആശുപത്രി സന്ദർശനം ഒഴിവാക്കണം. രോഗികൾക്ക് കൂട്ടിരിപ്പിനായി ഒരാളെ മാത്രമെ അനുവദിക്കൂ. ആരോഗ്യപ്രവർത്തകർക്ക് മാസ്ക് നിർബന്ധമാക്കും. രോഗലക്ഷണങ്ങളുള്ളവരെ ചികിത്സിക്കാൻ പിപിഇ കിറ്റ് ധരിക്കണം.

സമ്പർക്കപ്പട്ടികയിലുള്ളവർക്കും രോഗലക്ഷണങ്ങളുള്ളവർക്കും ഐസൊലേഷൻ നടപടികൾക്കുള്ള സംവിധാനം കോഴിക്കോട് മെഡിക്കൽ കോളേജിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

വൈറസ് ബാധയുടെ ലക്ഷണങ്ങളുള്ളവരുടെ സമ്പർക്കപ്പട്ടികയിൽ കൂടുതൽപേരുള്ള കുറ്റ്യാടി മേഖലയിൽ ജാഗ്രതാ പ്രവർത്തനത്തിന്റെ ഭാഗമായി 2.30ന് പ്രത്യേക യോഗം ചേരും. മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാകും യോഗം.

logo
The Fourth
www.thefourthnews.in