'സ്റ്റോക്കില്ലെങ്കിൽ എഴുതിവയ്ക്കരുത്, നടപടിയെടുക്കും'; സപ്ലൈകോ സ്റ്റോറിലെ വിലവിവര പട്ടികയുടെ പേരിൽ മാനേജർക്ക് സസ്‌പെൻഷൻ
സപ്ലൈകോ മാവേലി സ്‌റ്റോറില്‍ വിലവിവരപ്പട്ടികയില്‍ അവശ്യസാധനങ്ങളില്ലെന്ന് രേഖപ്പെടുത്തിയതിന് ഔട്ട്ലെറ്റ് മാനേജര്‍ക്ക് സസ്പെന്‍ഷന്‍. കോഴിക്കോട് പാളയം സപ്ലൈക്കോ ഔട്ട്ലെറ്റ് മാനേജര്‍ക്ക് എതിരെയാണ് നടപടി. പാളയത്തെ ഔട്ട്‌ലറ്റിന്റെ വിലവിലരപ്പട്ടികയുടെ ഫോട്ടോ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് അച്ചടക്ക നടപടി.
ഓണകാലത്ത് അവശ്യസാധനങ്ങള്‍ ഇല്ലെന്ന് പരസ്യപ്പെടുത്തിയതിനെതിരെയാണ് നടപടി. എന്നാല്‍ അവശ്യസാധനങ്ങള്‍ ഉണ്ടായിട്ടും ഇല്ലെന്ന് പരസ്യപ്പെടുത്തിയതിനാണ് നടപടിയെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. ചെറുപയര്‍ ഇല്ലെന്നാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതെങ്കില്‍ 17 കിലോഗ്രാം ചെറുപയര്‍ ഔട്ട്ലെറ്റില്‍ ഉണ്ടായിരുന്നുവെന്ന് സസ്പെന്‍ഷന്‍ ഉത്തരവിലുണ്ട്. ഇത് സപ്ലൈക്കോയെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്താനാണെന്ന് ചൂണ്ടികാണിച്ചാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. സ്റ്റോറിലെ സ്റ്റോക്ക് ഉള്‍പ്പെടെ രേഖപ്പെടുത്തിക്കൊണ്ടാണ് ഉത്തരവ്.
ഇത് വിതരണയോഗ്യമായ ചെറുപയര്‍ അല്ലെന്ന് വിശദീകരണം നല്‍കിയെങ്കിലും തന്റെ ഭാഗം കേള്‍ക്കാതെയാണ് നടപടിയെന്ന് മാനേജര്‍
എന്നാല്‍, ഇത് വിതരണയോഗ്യമായ ചെറുപയര്‍ അല്ലെന്ന് വിശദീകരണം നല്‍കിയെങ്കിലും തന്റെ ഭാഗം കേള്‍ക്കാതെയാണ് നടപടിയെന്ന് മാനേജര്‍ പ്രതികരിച്ചു. ഓണക്കാലമായതോടെ ഉപഭോക്താക്കള്‍ സാധനങ്ങള്‍ ആവശ്യപ്പെട്ടുവന്നെങ്കിലും കൊടുക്കാന്‍ കഴിയാതെ വന്നതോടെ പലപ്പോഴും വാക്കേറ്റങ്ങള്‍ക്ക് കാരണമായി. ഈ പശ്ചാത്തലത്തിലാണ് സപ്ലൈക്കോയില്‍ ഇല്ലാത്ത സാധനങ്ങളുടെ ബോര്‍ഡ് എഴുതിവെച്ചതെന്നാണ് ഔട്ട്ലറ്റ് ജീവനക്കാരുടെ പ്രതികരണം. സ്റ്റോക്ക് ഇല്ലാത്ത സാധനങ്ങള്‍ ഇല്ലെന്ന് രേഖപ്പെടുത്തരുത്, കോളം ഒഴിച്ചിടരുത് എന്നാണ് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് അനൗദ്യോഗികമായി ലഭിക്കുന്ന നിര്‍ദേശമെന്നാണ് പ്രതികരണം.