'തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയെ പ്രതിരോധത്തിലാക്കി'; എം കെ രാഘവന്റെ പരാതി, കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവനെതിരെ പ്രവര്‍ത്തിച്ചതായി പരാതി ഉയര്‍ന്ന കെപിസിസി അംഗം കെ വി സുബ്രഹ്‌മണ്യനെ പുറത്താക്കി കോണ്‍ഗ്രസ്. ഇദ്ദേഹം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കെപിസിസി നേതൃയോഗത്തില്‍ എം കെ രാഘവന്‍ പരാതി ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഡിസിസി അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് കെപിസിസിക്ക് കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന കെപിസിസി നേതൃയോഗത്തിലായിരുന്നു തിരഞ്ഞെടുപ്പിന്റെ നിര്‍ണായക ഘട്ടത്തില്‍ നേരിടേണ്ടിവന്ന പ്രതിസന്ധികളെ കുറിച്ച് എംകെ രാഘവന്‍ തുറന്നുപറഞ്ഞത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാര്‍ത്താസമ്മേളനം നടത്തി രാജിപ്രഖ്യാപിച്ച സുബ്രഹ്‌മണ്യന്റെ നടപടി പ്രതികൂലമായി ബാധിച്ചുവെന്നായിരുന്നു എം കെ രാഘവന്റെ പരാതി. ചേവായൂര്‍ സര്‍വിസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടറാണ് സുബ്രഹ്‌മണ്യന്‍. കോണ്‍ഗ്രസ് ഭരണസമിതിയാണ് ഈ ബാങ്ക് ഭരിക്കുന്നത്. കുറച്ചുവര്‍ഷമായി ഭരണസമിതിയും കോണ്‍ഗ്രസും തമ്മില്‍ അകല്‍ച്ചയിലാണ്.
സഹകരണ മന്ത്രി വി എന്‍ വാസവന്‍ കഴിഞ്ഞവര്‍ഷം കോഴിക്കോട് ജില്ലയില്‍ നടത്തിയ ചര്‍ച്ചയില്‍ ചേവായൂര്‍ സര്‍വിസ് സഹകരണ ബാങ്ക് ഡയറക്ടര്‍ പ്രശാന്ത് പങ്കെടുത്തിരുന്നു. ഇതിനുപിന്നാലെ പ്രശാന്തിനെ കോണ്‍ഗ്രസ് പുറത്താക്കി. ഈ തിരഞ്ഞെടുപ്പ് കാലത്ത് പ്രശാന്തിനു പിന്തുണയുമായി കെ വി സുബ്രഹ്‌മണ്യന്‍ രംഗത്തുവരികയായിരുന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന കെപിസിസി നേതൃയോഗത്തിലായിരുന്നു തിരഞ്ഞെടുപ്പിന്റെ നിര്‍ണായക ഘട്ടത്തില്‍ നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ച് എംകെ രാഘവന്‍ തുറന്നുപറഞ്ഞത്. തിരഞ്ഞെടുപ്പിന് ആറുദിവസം മാത്രം ബാക്കിനില്‍ക്കെ കെ വി സുബ്രഹ്‌മണ്യന്റെ നേതൃത്വത്തില്‍ 53 പേര്‍ പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചു നടത്തിയ വാര്‍ത്താസമ്മേളനം വലിയ പ്രതിസന്ധി സൃഷ്ടിച്ചതായി എംകെ രാഘവന്‍ പറഞ്ഞു.
ചേവായൂര്‍ സര്‍വിസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളായിരുന്നു രാജിയിലേക്കു നയിച്ചതെങ്കിലും ജില്ലയില്‍ നിന്നുള്ള പ്രമുഖ നേതാവിന്റെ പിന്തുണയുള്ള സംഘമാണിതെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സംഘത്തിന്റെ തായ്‌വേര് അറുക്കണമെന്നും രാഘവന്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.