ഉമ്മൻ ചാണ്ടിക്കായി ഭിന്നത മറന്ന് രാഷ്ട്രീയ കേരളം; ശോഭിച്ച ഭരണാധികാരിയെന്ന് മുഖ്യമന്ത്രി
ajaymadhu

ഉമ്മൻ ചാണ്ടിക്കായി ഭിന്നത മറന്ന് രാഷ്ട്രീയ കേരളം; ശോഭിച്ച ഭരണാധികാരിയെന്ന് മുഖ്യമന്ത്രി

കെപിസിസിയുടെ അനുസ്മരണ യോഗത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ കോൺഗ്രസ് പ്രവർത്തകർ ഉമ്മൻചാണ്ടിക്കായി മുദ്രാവാക്യം ഉയർത്തി
Updated on
2 min read

ഭിന്നത മറന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് രാഷ്ട്രീയ കേരളം. ശോഭിക്കുന്ന ഭരണാധികാരിയെന്ന് തെളിയിച്ചയാളാണ് ഉമ്മന്‍ ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. ഉമ്മന്‍ചാണ്ടിയെ പോലെ രാഷ്ട്രീയ എതിരാളികള്‍ വേട്ടയാടിയ മറ്റൊരു നേതാവ് കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല എന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞത്. പരസ്പരം അഭിവാദ്യം ചെയ്‌തെങ്കിലും കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണയോഗത്തില്‍ പിണറായി വിജയനും കെ സുധാകരനും തമ്മിൽ സംസാരിച്ചില്ല.

തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ സുധാകരനാണ് ആദ്യം സംസാരിച്ചത്. രാഷ്ട്രീയ എതിരാളികള്‍ വേട്ടയാടിയിട്ടും അധിക്ഷേപിച്ചവര്‍ക്കെതിരെ ഉമ്മന്‍ ചാണ്ടി മോശമായി പ്രതികരിച്ചിട്ടില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ വേദിയില്‍ ഇരുത്തിയായിരുന്നു കെപിസിസി അധ്യക്ഷന്റെ വിമര്‍ശനം. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിക്കായി മുദ്രാവാക്യം മുഴക്കി. നേതാക്കള്‍ ഇടപെട്ടാണ് മുദ്രാവാക്യം വിളി അവസാനിപ്പിച്ചത്.

ചാണ്ടി ഉമ്മനും പിണറായി വിജയനും
ചാണ്ടി ഉമ്മനും പിണറായി വിജയനുംajaymadhu

കെപിസിസി അധ്യക്ഷന്റെ പരോക്ഷ വിമര്‍ശനത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. വിദ്യാര്‍ഥി ജീവിതകാലം തൊട്ട് സജീവ രാഷ്ട്രീയ രംഗത്തുണ്ടായ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ ഏറ്റവും നല്ല രീതിയിലുള്ള പ്രചാരകനും സംഘാടകനും ആയിരുന്നുവെന്ന് പിണറായി വിജയന്‍ അനുസ്മരിച്ചു. കേരളത്തിലെ പ്രധാനപ്പെട്ട വിവിധ വകുപ്പുകള്‍ അദ്ദേഹം നല്ല രീതിയില്‍ കൈകാര്യം ചെയ്തു. അതിലൂടെ ശോഭിക്കുന്ന ഭരണാധികാരിയാണെന്ന് തെളിയിക്കുകയും ചെയ്തു. ആ വിപുലമായ അനുഭവ പരിജ്ഞാനം മുഖ്യമന്ത്രിയായ ഘട്ടത്തിലും ശക്തിപകര്‍ന്നുവെന്നത് അനുഭവത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ നിന്ന്
ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ നിന്ന്ajaymadhu

''വിശ്രമം ഉമ്മന്‍ചാണ്ടിയുടെ കൂടെപ്പിറപ്പായിരുന്നില്ല. അതികഠിനമായ രോഗാവസ്ഥയില്‍ പോലും കേരളത്തില്‍ എത്തിപ്പെടുന്ന ഉമ്മന്‍ചാണ്ടിയെയാണ് കാണാന്‍ കഴിഞ്ഞത്. അതാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസിന് കനത്ത നശഷ്ടമുണ്ടാക്കി. പെട്ടെന്നൊന്നും അത് നികത്താനാകില്ല. യുഡിഎഫിനും കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്,'' മുഖ്യമന്ത്രി പറഞ്ഞു.

ഒരു വേദിയില്‍ ഒരുമിച്ച് എത്തിയിട്ടും പിണറായി വിജയനും കെ സുധാകരനും പരസ്പരം മിണ്ടിയില്ല. എന്നാല്‍ വേദിയിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും പരസ്പരം അഭിവാദ്യം ചെയ്യാന്‍ നേതാക്കള്‍ മറന്നില്ല. ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളും വിവിധ കക്ഷിനേതാക്കളും സാസ്‌കാരിക- മതനേതാക്കളും അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു.

logo
The Fourth
www.thefourthnews.in