സാമ്പത്തിക തട്ടിപ്പ് കേസില്‍  കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അറസ്റ്റിൽ

സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അറസ്റ്റിൽ

കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫിസിൽ സുധാകരൻ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു
Updated on
1 min read

മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ അറസ്റ്റിൽ. കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫിസിൽ സുധാകരൻ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. പിന്നാലെയാണ് അറസ്റ്റ്. എന്നാൽ കോടതിയിൽ നിന്ന് മുൻ‌കൂർ ജാമ്യം നേടിയിട്ടുള്ളതിനാൽ ഇന്ന് തന്നെ ജാമ്യത്തിൽ വിടും. രാവിലെ കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായ സുധാകരൻ താന്‍ നിരപരാധിയാണെന്നും കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞിരുന്നു.

കേസില്‍ രണ്ടാം പ്രതിയാക്കപ്പെട്ട സുധാകരന് നേരത്തെ ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സാക്ഷികളെ സ്വാധീനിക്കരുത്, അന്‍പതിനായിരം രൂപയുടെ ആള്‍ ജാമ്യം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്. എറണാകുളം എസിജെഎം കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കുകയും കളമശേരി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സുധാകരൻ ഹർജി നൽകിയത്. ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്ന് രാഷ്ട്രീയപേരിതമായ നടപടിയാണ് ഉണ്ടാകുന്നതെന്നായിരുന്നു ഹർജിയിൽ കെ സുധാകരന്റെ വാദം.

കേസിലെ പരാതിക്കാരനായ അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കെ സുധാകരനെ പ്രതിചേർത്ത് ജൂൺ 12ന് എറണാകുളം എ സി ജെ എം കോടതിയിൽ റിപ്പോർട്ട് നൽകിയത്. 2018ൽ കലൂരിലെ വാടക വീട്ടിൽ വച്ച് മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയെന്നാണ് അനൂപിന്റെ മൊഴി. ഈ സമയം കെ സുധാകരനും അവിടെയുണ്ടായിരുന്നു. താൻ നൽകിയ 25 ലക്ഷത്തിൽ പത്തുലക്ഷം സുധാകരൻ കൈപ്പറ്റി. പാർലമെന്റ് ഫിനാൻസ് കമ്മിറ്റിയെക്കൊണ്ട് മോൻസൻ മാവുങ്കലിന്റെ വിദേശത്തുനിന്നെത്തിയ പണം വിട്ടു നൽകിപ്പിക്കാമെന്ന് പറഞ്ഞാണ് സുധാകരന് പണം നൽകിയതെന്നാണ് മൊഴിയിലുള്ളത്.ഇതിന്റെ അടിസ്ഥാനത്തിലാണ് വഞ്ചനാക്കേസ് ചുമത്തി കേസെടുത്തിരിക്കുന്നത്. ഗൾഫിലെ രാജകുടുംബത്തിന് പുരവസ്തുക്കൾ വിറ്റവകയിൽ ശതകോടികൾ കിട്ടിയെന്നും അത് കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചിരിക്കുന്നെന്നുമുളള മോൻസന്റെ വാദം തട്ടിപ്പായിരുന്നെന്ന് പിന്നീട് തെളിഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in