വിഴിഞ്ഞം: 'വേണ്ടിവന്നാല്‍ വിമോചന സമരം'; മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമെന്ന് കെ സുധാകരന്‍
വിഴിഞ്ഞം സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ കോൺഗ്രസ്, വേണ്ടിവന്നാല്‍ വിമോചനസമരം നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പാർട്ടി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കും. പോലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തില്‍ സമരം ചെയ്യുന്നവരെ അനുകൂലിച്ചായിരുന്നു സുധാകരന്റെ പ്രതികരണം. പോലീസ് ആക്രമിച്ചപ്പോഴാണ് തിരിച്ച് ആക്രമണം ഉണ്ടായതെന്നും അടിച്ചാൽ തിരിച്ചടി കിട്ടുമെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.
ആർച്ച് ബിഷപ്പിന്റെ പേരിലെടുത്തത് കള്ളക്കേസാണ്. സമൂഹത്തിന് സമാധാനപൂർണമായി ജീവിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കരുതെന്നും അത്തരം സാഹചര്യമുണ്ടായാൽ സമരത്തിന് ഇറങ്ങാതെ നിവൃത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുന്നതിന് തങ്ങൾ എതിരല്ല. എന്നാൽ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം സർക്കാർ ഉറപ്പുവരുത്തണമെന്ന് സുധാകരന്‍ പറഞ്ഞു.
പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ 36 പോലീസുകാര്‍ക്ക് പരുക്കേറ്റിരുന്നു
സംസ്ഥാനത്ത് ഇപ്പോൾ നീതിയും ന്യായവുമില്ലെന്നും ഉത്തരവ് നടപ്പിലാക്കാൻ ഭരണകൂടമില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി. കെ റെയിലിന്റെ കുറ്റി പറിക്കുമെന്ന് പറഞ്ഞപ്പോൾ പരിഹസിച്ചവർ കുറ്റിയും പറിച്ച് ഓടി. അഴിമതിയുടെ കേന്ദ്രം മുഖ്യമന്ത്രിയുടെ അടുത്ത് നിന്നാണെന്ന് ഗവർണർ പറയുന്ന അവസ്ഥ വന്നു. സിപിഎം കേന്ദ്ര നേതൃത്വം പിണറായിയുടെ മുന്നിൽ പാവയായി മാറുന്ന സാഹചര്യമാണെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.
പോലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ 36 പോലീസുകാര്‍ക്ക് പരുക്കേറ്റിരുന്നു. എസ്പിയുടേതടക്കം നാല് വാഹനങ്ങളും രണ്ട് കെഎസ്ആര്‍ടിസി ബസുകളുമാണ് അടിച്ചുതകര്‍ത്തത്. സംഭവത്തിൽ 3000 പേർക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു.
സംഘർഷത്തിൽ ദേശീയ അന്വേഷണ ഏജൻസിയുടെ ഇടപെടൽ ഉണ്ടാകുകയും തുടർന്ന് പ്രദേശത്ത് ക്രമസമാധാനം പുനസ്ഥാപിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. എസ്പി, ഡിവൈഎസ്പി, സിഐ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരുടെ ഒരു ടീം രൂപീകരിക്കുകയും ഐ ജി ആർ നിശാന്തിനിക്ക് ക്രമസമാധാന ചുമതല നൽകുകയും ചെയ്തിരുന്നു.