ദുരന്തമുഖത്തും സുധാകരന്റെ നുണപ്രചാരണം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനെ 'ഇടതുഫണ്ടാക്കി'; പ്രസിഡന്റിനെ തള്ളി സതീശന്‍
സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തമുഖത്തും നുണപ്രചാരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ ഇടതുഫണ്ടെന്ന് ചീത്രീകരിച്ച് അതിലേക്ക് സംഭാവന ചെയ്യരുതെന്നാണ് കെ സുധാകരന്‍ പറഞ്ഞത്. എന്നാല്‍ ദുരന്തമുഖത്ത് സര്‍ക്കാര്‍ സംവിധാനത്തെ പിന്തുണയ്ക്കാനാണ് ശ്രമിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.
സര്‍ക്കാരിന് പണം നല്‍കണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നാണ് സുധാകരന്‍ പറഞ്ഞത്. പണം ചെലവഴിക്കാന്‍ കോണ്‍ഗ്രസിന്റെ ഫോറങ്ങളുണ്ടെന്നുമായിരുന്നെന്നും അതിലൂടെയാണ് സംഭാവന നല്‍കേണ്ടതെന്നായിരുന്നു കെപിസിസി പ്രസിഡന്റിന്റെ വാദം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ചില കേന്ദ്രങ്ങളില്‍നിന്ന് പ്രചാരണം നടക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കിയത്. ഇതിനെതിരെയും സുധാകരന്‍ പ്രതികരിച്ചു. രമേശ് ചെന്നിത്തലയുടെ നടപടി അത്ര ശരിയല്ലെന്നായിരുന്നു സുധാകരന്റെ പ്രതികരണം.
എന്നാല്‍ സുധാകരന്റെ നിലപാടിനെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പൂര്‍ണമായി തള്ളി. ദുരന്തസമയത്ത് സര്‍ക്കാര്‍ സംവിധാനങ്ങളെ സഹായിക്കുകയാണ് വേണ്ടതെന്ന് സതീശന്‍ പറഞ്ഞു. വയനാടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയും മന്ത്രിമാരുമായി ആലോചിച്ചാണ് നടപ്പിലാക്കുന്നത്. നൂറുവീട് കെപിസിസി നിര്‍മിച്ചുനല്‍കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞതനുസരിച്ച് മുഖ്യമന്ത്രിയുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.
ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തത വരുത്തിയാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂവെന്നും സതീശന്‍ പറഞ്ഞു. വയനാട് ദുരന്തത്തില്‍ ബിജെപി രാഷ്ട്രീയം കലര്‍ത്തുകയാണെന്നും സതീശന്‍ പറഞ്ഞു. 2018ലെ പ്രളയഫണ്ടുമായി ബന്ധപ്പെട്ടാണ് ആളുകൾ സംശയമുന്നയിക്കുന്നത്. ഇത്തവണ വയനാടിന് ലഭിക്കുന്ന ഫണ്ട് പ്രത്യേക അക്കൗണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ കൂടുതൽ ആളുകൾ ഫണ്ട് നൽകുമെന്നും സതീശൻ.
നിരവധി ആളുകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യുന്നത്. ഇന്ന് ദുരന്തഭൂമി സന്ദര്‍ശിച്ച മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ പുനരധിവാസത്തിനു മൂന്നു കോടി ചെലവഴിക്കുമെന്ന് അറിയിച്ചിരുന്നു.